പ്രണവ് ലോകത്തിന്റെ നെറുകയില്‍

മുംബൈ: ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്ക് പോലും സാധിക്കാത്ത അപൂര്‍വ്വ നേട്ടം സ്ഥാപിച്ച് മുംബൈ സ്‌കൂള്‍ വിദ്യാര്‍ഥി ലോക റെക്കോഡിട്ടു. ഒരു ഇന്നിങ്‌സില്‍ പുറത്താവാതെ 1009 റണ്‍സ് നേടി മുംബൈക്കാരാനായ പ്രണവ് ധനവാഡെയാണ് ലോക റെക്കോഡ് സ്ഥാപിച്ചത്. ഒരു നൂറ്റണ്ടിലേറെ പഴക്കമുള്ള റെക്കോഡാണ് 15 കാരനായ പ്രണവ് പഴങ്കഥയാക്കിയത്.
മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച അണ്ടര്‍ 16 ഭണ്ഡാരി ട്രോഫി ഇന്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലൂടെയാണ് പ്രണവ് ക്രിക്കറ്റ് ലോകത്തെ പുതിയ അദ്ഭുത താരമായി മാറിയത്. അതും സചിന്‍ ടെണ്ടുല്‍ക്കറെ പോലുള്ള ഇതിഹാസ താരങ്ങള്‍ക്ക് ജന്മം നല്‍കിയ മുംബൈയില്‍ നിന്നാണെന്നത് യാദൃശ്ചികമായേക്കാം. ലോക ക്രിക്കറ്റില്‍ ഒരു താരം ഒരിന്നിങ്‌സില്‍ നേടുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് പ്രണവിന്റെ ഉജ്ജ്വല ഇന്നിങ്‌സിലൂടെ പിറവിയെടുത്തത്.
117 വര്‍ഷം മുമ്പ് ഇംഗ്ലണ്ടുകാരനായ ആര്‍തര്‍ കോളിന്‍സിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് പ്രണവിന്റെ ഇന്നലത്തെ അവിസ്മരണീയ ഇന്നിങ്‌സിലൂടെ തകര്‍ന്നടിഞ്ഞത്. 1899ല്‍ ഇംഗ്ലണ്ടില്‍ നോര്‍ത്ത് ടൗണിനെതിരേ ക്ലാര്‍ക്ക് ഹൗസിനു വേണ്ടി കോളിന്‍സ് പുറത്താവാതെ 628 റണ്‍സ് നേടിയിരുന്നു. 2013ല്‍ മുംബൈക്കാരനായ പ്രിഥ്വി ഷാ റിസ്‌വി സ്പ്രിങ്ഫീല്‍ഡ് ഹൈ സ്‌കൂളിനു വേണ്ടി നേടിയ 546 റണ്‍സായിരുന്നു ഇതിന് മുമ്പ് ഇന്ത്യയില്‍ ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോര്‍.
പ്രണവിന്റെ സ്‌കൂളായ കെസി ഗാന്ധിയും ആര്യ ഗുരുകുല സ്‌കൂളും തമ്മിലുള്ള മല്‍സരത്തിലാണ് താരത്തിന്റെ റെക്കോഡ് പ്രകടനം കണ്ടത്. വെടിക്കെട്ട് വിസ്മയം തീര്‍ത്ത താരം 323 പന്തില്‍ നിന്നാണ് പുറത്താവാതെ 1009 റണ്‍സ് അടിച്ചുകൂട്ടിയത്. 395 മിനിറ്റ് ക്രീസില്‍ നിലയുറപ്പിച്ച താരം 312.38 സ്‌ട്രൈക്ക് റേറ്റില്‍ 129 ബൗണ്ടറികളും 59 സിക്‌സറുകളുമാണ് അടിച്ചുകൂട്ടി.
പ്രണവിന്റെ മികവില്‍ കെസി ഗാന്ധി സ്‌കൂള്‍ മൂന്നു വിക്കറ്റിന് 1,465 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്യുകയും ചെയ്തു. കെസി ഗാന്ധി ഹൈ സ്‌കൂളിലെ 10ാം തരം വിദ്യാര്‍ഥിയാണ് പ്രണവ്. ഓട്ടോ ഡ്രൈവറായ പ്രശാന്തിന്റെ സാന്നിധ്യത്തിലായിരുന്നു പ്രണവിന്റെ റെക്കോഡ് പ്രകടനം. ലോക റെക്കോഡ് ഇന്നിങ്‌സിനു ശേഷം തളര്‍ന്നുവന്ന മകനെ വാരിപ്പുണര്‍ന്നാണ് പ്രശാന്ത് വരവേറ്റത്. സചിന്റെ കടുത്ത ആരാധകരാണ് പ്രണവും
അച്ഛന്‍ പ്രശാന്തും.
300 റണ്‍സ് നേടിയപ്പോള്‍ സ്‌കൂള്‍ ടീമിന്റെ പരിശീലകന്‍ ഹരീഷ് ശര്‍മയാണ് വിക്കറ്റ് കളയാതെ കളിക്കാന്‍ പറഞ്ഞത്. ലോക റെക്കോഡിനെ കുറിച്ച് എനിക്കറിയില്ലായിരുന്നു. പൃഥ്വി ഷായുടെ റെക്കോഡ് (546 റണ്‍സ്) മറികടക്കണമെന്ന ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നത്- ലോക റെക്കോഡ് സ്ഥാപിച്ചതിനു ശേഷം പ്രണവ് മാധ്യമങ്ങളോട് പറഞ്ഞു.
Next Story

RELATED STORIES

Share it