wayanad local

പോലിസുകാരന്റെ വീട് ആക്രമണം; ജില്ലയില്‍ എന്‍ഐഎ ഏറ്റെടുക്കുന്ന ആദ്യ കേസ്

മാനന്തവാടി: പോലിസുകാരന്റെ വീട് മാവോവാദികള്‍ ആക്രമിച്ച സംഭവം എന്‍ഐഎ ജില്ലയില്‍ ഏറ്റെടുക്കുന്ന ആദ്യ കേസ്.
തൊണ്ടര്‍നാട് മട്ടിലയത്തെ പോലിസുകാരന്റെ വീട്ടിലെത്തിയ മാവോവാദി നേതാവ് രൂപേഷും സംഘവും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത കേസാണ് ദേശീയ സുരക്ഷാ ഏജന്‍സി ഏറ്റെടുക്കുന്നത്. 2014 ഏപ്രില്‍ 24നു രാത്രി നടന്ന സംഭവത്തില്‍ മാനന്തവാടി ഡിവൈഎസ്പി പ്രേംകുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തിയിരുന്നു.
ഇവര്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാലും യുഎപിഎ ചുമത്തപ്പെട്ട ആദ്യ മാവോവാദി കേസ് എന്ന നിലയിലുമാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നത്.
പോലിസ് നല്‍കിയ കുറ്റപത്രത്തില്‍ രൂപേഷ് ഉള്‍പ്പെടെ ഒമ്പതു പേരാണ് പ്രതികള്‍. ഇതില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ അഞ്ചു പേരാണ് സംഭവദിവസം മട്ടിലയം പാലമൊട്ടക്കുന്ന് പ്രമോദിന്റെ വീട്ടിലെത്തിയത്. വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മാവോവാദി അനുകൂല പോസ്റ്റര്‍ ചുമരില്‍ പതിക്കുകയും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിക്കുകയും ചെയ്തു.
മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തില്‍ കേസില്‍ ഒമ്പതു പ്രതികളുണ്ടെന്നു കണ്ടെത്തുകയായിരുന്നു.
എന്‍ഐഎ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ ഉദ്യോഗസ്ഥര്‍ അടുത്ത ദിവസം ജില്ലയിലെത്തി കുറ്റപത്രത്തിന്റെ പകര്‍പ്പ് വാങ്ങി അന്വേഷണം തുടങ്ങുമെന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it