ernakulam local

പെരുമ്പാവൂര്‍ നഗരസഭ: സ്വതന്ത്രനെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് ഭരിക്കും; സത്യപ്രതിജ്ഞ 12ന്

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കൗണ്‍സിലംഗങ്ങള്‍ 12ന് സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയെ പുറത്തു നിര്‍ത്തി സ്വതന്ത്രനെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് ഭരണം നടത്തുക.
എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള നഗരസഭയില്‍ കൂട്ടുഭരണത്തിന് ആരെ കൂട്ടുപിടിക്കണമെന്ന് എല്‍ഡിഎഫ് നേതൃത്വത്തിന് ഇനിയും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. 27 അംഗ ഭരണസമിതിയല്‍ 13 എല്‍ഡിഎഫും എട്ട് യുഡിഎഫും മൂന്ന് ബിജെപി, ഒരു പിഡിപി, രണ്ട് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് കക്ഷിനില.
കേവല ഭൂരിപക്ഷമുള്ള എല്‍ഡിഎഫ് ബിജെപിയെ പുറത്ത് നിര്‍ത്തി സ്വതന്ത്രരില്‍ ഒരാളെ കൂട്ടുപിടിച്ച് ഭരണത്തിലേറാനാണ് ശ്രമം നടത്തുന്നത്. എന്നാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം പറഞ്ഞുവച്ചിരുന്നത് സിപിഐക്കായിരുന്നു. പക്ഷെ സിപിഐ മല്‍സരിച്ച ആറ് സീറ്റുകളില്‍ ഒന്നില്‍ മാത്രമാണ് വിജയിക്കാനായത്. രണ്ടാം വാര്‍ഡിലെ സ്വതന്ത്രന്‍ കെ എം അലിയെ സിപിഐയിലേക്ക് ക്ഷണിച്ച് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കൂടാതെ പിഡിപി കൗണ്‍സിലംഗം പി എം ബഷീറിന്റെ പുറത്തുനിന്നുള്ള പിന്തുണയ്ക്കും എല്‍ഡിഎഫ് ശ്രമിക്കുന്നുണ്ട്.
എന്നാല്‍ 26ാം വാര്‍ഡില്‍നിന്നും വിജയിച്ച സ്വതന്ത്രന്‍ എം എം ഇമ്പിച്ചി തങ്ങളെ ഭരണത്തിന്റെ ഭാഗമാക്കുന്നതില്‍ യുഡിഎഫിന് എതിര്‍പ്പുള്ളതിനാല്‍ ഇരുമുന്നണികളുടേയും ഭരണ അഡ്ജസ്റ്റ്‌മെന്റിന്റെ ഭാഗമായി തങ്ങളെ പുറത്ത് നിര്‍ത്തിയേക്കും. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സജീന ഹസന്റേയും സതി ജയകൃഷ്ണന്റേയും പേരുകള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ സതി ജയകൃഷ്ണനെ ആയിരിക്കും പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് പരിഗണിക്കുക.
Next Story

RELATED STORIES

Share it