Idukki local

പുറ്റടിയിലെ ജനകീയ സമരം വിജയിച്ചു; ആശുപത്രിയില്‍ ഒരു ഡോക്ടറെകൂടി നിയമിക്കും

കട്ടപ്പന: പുറ്റടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനകീയ സമരം ഫലംകണ്ടു. ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഡോക്ടര്‍മാരുടേത് അടക്കമുള്ള ഒഴിവ് നികത്താനും തീരുമാനമായി.
ജോയ്‌സ് ജോര്‍ജ് എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് അധികൃതരുടെയും ത്രിതല ജനപ്രതിനിധികളുടെയും യോഗത്തിലാണ് നടപടി. നാല് ഡോക്ടര്‍മാരുടെ വേണ്ട ആശുപത്രിയില്‍ നിലവില്‍ മൂന്ന് പേരാണ് ഉള്ളത്. അതിനാല്‍ ഒഴിവുള്ള തസ്തികയിലേയ്ക്ക് ഒരു ഡോക്ടറെക്കൂടി നിയമിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കും. കണ്ണുപരിശോധനാ വിദഗ്ധന്റെ സേവനം ആഴ്ചയില്‍ മൂന്നു ദിവസം ഉറപ്പാക്കും.
ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഒരാഴ്ചയ്ക്കകം പുനഃസംഘടിപ്പിച്ച് നിര്‍ണായക കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ധാരണയായി. സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിക്കുന്നതിനാല്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് രാത്രി സമയത്ത് സുരക്ഷാ ജീവനക്കാരനെ നിയോഗിക്കാന്‍ തീരുമാനിച്ചു.
ലാബ് ഉണ്ടെങ്കിലും ടെക്‌നീഷ്യന്റെ സേവനം ലഭ്യമല്ലാത്തതിനാല്‍ ഇത് ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്നില്ല. അതിനാല്‍ ബ്ലോക്ക് പഞ്ചായത്തിന്റ നേതൃത്വത്തില്‍ അടിയന്തരമായി ലാബ് ടെക്‌നീഷ്യനെ നിയമിക്കാനുള്ള നടപടികയെടുക്കും. രാത്രിസമയത്ത് എന്‍.ആര്‍.എച്ച്.എം ഡോക്ടറുടെ സേവനം ഉറപ്പാക്കും. ദിവസേന 600 ഓളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന സാമൂഹ്യാരോഗ്യ കേന്ദ്രമാണിത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികളെത്തുന്ന സി.എച്ച്.സിയായതിനാല്‍ ഇതിന്റെ പദവി ഉയര്‍ത്താന്‍ ആവശ്യമായ നടപടി കൈക്കൊള്ളാന്‍ ഡി.എം.ഒയെ യോഗം ചുമതലപ്പെടുത്തി. വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ ഇതിനാവശ്യമായ ഇടപെടലുകള്‍ നടത്തും. ഡോക്ടര്‍മാര്‍ക്ക് ക്വാര്‍ട്ടേഴ്‌സ് സൗകര്യം ഒരുക്കാനും ആശുപത്രിയില്‍ ശുദ്ധജലം എത്തിക്കാനും രോഗികള്‍ക്ക് ഇരിപ്പിടം ഒരുക്കാനും നടപടികളെടുക്കാന്‍ യോഗത്തില്‍ ധാരണയായി.
അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പിയുടെ അധ്യക്ഷത ചേര്‍ന്ന യോഗത്തില്‍ ഡി.എം.ഒ: ഡോ. ടി.ആര്‍. രേഖ, ഡി.പി.എം: ഡോ. ശരത്.ജി. റാവു, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, വൈസ് പ്രസിഡന്റ് ജിജി.കെ. ഫിലിപ്പ്, വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി റെജി, വൈസ് പ്രസിഡന്റ് സി.ജി. ഗിരീഷ്, ബ്ലോക്ക് പഞ്ചായത്തംഗം സാബു വയലില്‍, ഗ്രാമപഞ്ചായത്തംഗം ടോണി ജെയിംസ്, സൗന്ദര്യ ജോണ്‍സണ്‍, വണ്ടന്‍മേട് സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു ഫിലിപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ ജിസ് ജോസ്, എം.സി. രാജു, വിനീഷ് ജോസഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it