പീഡനദൃശ്യങ്ങള്‍ പുറത്തായി; യുവതി ആത്മഹത്യ ചെയ്തു

മുസഫര്‍നഗര്‍: തന്നെ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് 40കാരിയായ ആശാപ്രവര്‍ത്തക ആത്മഹത്യ ചെയ്തു. സംഭവത്തില്‍ മുസഫര്‍നഗര്‍ ജില്ലയില്‍ സംഘര്‍ഷാവസ്ഥ. ബലാല്‍സംഗം നടത്തിയ ആള്‍ തന്നെയാണ് വീഡിയോ ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി പ്രചരിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലിസ് വ്യക്തമാക്കി.
ബലാല്‍സംഗം സംബന്ധിച്ച് അതിനിരയായ സ്ത്രീയോ അവരുടെ ഭര്‍ത്താവോ പരാതിയൊന്നും നല്‍കിയില്ലെന്ന് മുസഫര്‍നഗര്‍ എസ്എസ്പി കെ ബി സിങ് പറഞ്ഞു. ആത്മഹത്യ നടന്ന ശേഷമാണ് സ്ത്രീയുടെ ഭര്‍ത്താവ് പരാതി നല്‍കിയതെന്നും അതില്‍ ബലാല്‍സംഗം നടന്ന ദിവസമോ സമയമോ ഒന്നും വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 20കാരനായ യുവാവാണ് പീഡിപ്പിച്ചത്. മരിച്ച സ്ത്രീയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതിയെന്നു പറയുന്നയാള്‍ രണ്ടുമാസത്തോളം ആ നമ്പറിലേക്കു വിളിച്ചതായി കാണുന്നുവെന്നും കെ ബി സിങ് പറഞ്ഞു.
മൂന്നു മാസം മുമ്പാണ് പ്രതിയായ ഷാഹിദിനെ മരിച്ച ആശാപ്രവര്‍ത്തക ആദ്യമായി കാണുന്നതെന്ന് ഒരു സഹപ്രവര്‍ത്തക അറിയിച്ചു. ഇയാളുടെ വീട്ടില്‍ കുടുംബാംഗത്തിന്റെ പ്രസവവുമായി ബന്ധപ്പെട്ട് ആശാപ്രവര്‍ത്തക എന്ന നിലയില്‍ സന്ദര്‍ശിക്കുകയായിരുന്നുവെന്നും അവര്‍ അറിയിച്ചു.
മുസഫര്‍നഗറില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള നൂറോളം ആശാപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പ്രതിഷേധപ്രകടനം നടത്തി. അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മുസഫര്‍നഗര്‍ എംപിയും കേന്ദ്ര കൃഷി സഹമന്ത്രിയുമായ സഞ്ജീവ് ബല്യാന്‍ കൊല്ലപ്പെട്ട ആശാപ്രവര്‍ത്തകയുടെ വീട് സന്ദര്‍ശിച്ചു.
അതേസമയം, മരിച്ച സ്ത്രീയുടെ കുടുംബത്തിനു ജില്ലാ ഭരണകൂടം 30,000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയായിരുന്നു ആശാ പ്രവര്‍ത്തക ആത്മഹത്യ ചെയ്തത്.
Next Story

RELATED STORIES

Share it