പാരിസ് ആക്രമണം: ലോക നേതാക്കള്‍ അപലപിച്ചു

വാഷിങ്ടണ്‍: പാരിസിലുണ്ടായ സായുധാക്രമണത്തെ ലോക നേതാക്കള്‍ അപലപിച്ചു. ആക്രമണം മാനവരാശിക്കു നേരെയുള്ള ആക്രമണമാണെന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഇതു ലോകത്തിലെ സാഹോദര്യവും സ്വാതന്ത്ര്യവും സമത്വവും തകര്‍ക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.
ആക്രമണങ്ങള്‍ക്കെതിരേ ഫ്രഞ്ച് ജനതയ്‌ക്കൊപ്പം തങ്ങളും പങ്കാളികളാവും. ഫ്രാന്‍സ് ജനതയ്ക്കു എല്ലാവിധ പിന്തുണയും സഹായവും യുഎസില്‍നിന്നുണ്ടാവുമെന്നും ഒബാമ പറയുന്നു.
ആക്രമണത്തെ ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കല്‍ അപലപിച്ചു. പാരിസിലെ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തിരിച്ചടി കൊടുക്കുന്നതിനും ആക്രമണങ്ങള്‍ക്കെതിരേ പോരാടുന്നതിനും ഫ്രാന്‍സിനു പിന്തുണ നല്‍കും. ഇക്കാര്യത്തില്‍ യൂറോപ്പ് ഒറ്റെക്കെട്ടായി മുന്നോട്ടു പോവുമെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ അപലപിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ കൊല്ലപ്പെട്ടവരില്‍ ബ്രിട്ടിഷ് പൗരന്‍മാരും ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നറിയിച്ചു. ഐഎസിനെ തുടച്ചുനീക്കാനുള്ള പദ്ധതി ശക്തിപ്പെടുത്തുമെന്നും കാമറണ്‍ പറഞ്ഞു. അതേസമയം, ഫ്രാന്‍സിന്റെ തെറ്റായ നയങ്ങളാണ് ആക്രമണങ്ങള്‍ വ്യാപിക്കുന്നതിന് കാരണമായതെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് പ്രതികരിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലെബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലും സിറിയയിലും സംഭവിച്ചതില്‍നിന്നും വ്യത്യസ്തമല്ല പാരിസിലെ ആക്രമണമെന്നും അസദ് പറഞ്ഞു.
ആക്രമണം തന്നെ ഞെട്ടിപ്പിച്ചുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചു. യുഎന്‍ രക്ഷാസമിതിയും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ചൈനീസ് വിദേശകാര്യമന്ത്രാലയവും ഫ്രഞ്ച് സര്‍ക്കാരിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
Next Story

RELATED STORIES

Share it