പാരമ്പര്യത്തിന്റെ തൂണില്‍ കലയുടെ കരുത്തന്‍ പന്തലൊരുക്കി ഉമ്മര്‍ക്ക

പാരമ്പര്യത്തിന്റെ തൂണില്‍ കലയുടെ കരുത്തന്‍ പന്തലൊരുക്കി ഉമ്മര്‍ക്ക
X
[caption id="attachment_39278" align="alignnone" width="945"]Ummarka ഉമ്മര്‍ക്ക[/caption]

പി പി ഷിയാസ്

തിരുവനന്തപുരം: പാരമ്പര്യത്തിന്റെ കരുത്തുറ്റ തൂണില്‍ കലയുടെ പന്തലൊരുക്കുന്ന തിരക്കിലാണ് ഉമ്മര്‍ക്ക. 56ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ വേദികളുടെ നിര്‍മാണച്ചുമതല തൃശൂര്‍ ചെറുതുരുത്തിക്കാരന്‍ ഉമ്മര്‍ക്കയുടെ കരങ്ങളിലാണ്. തൃശൂരും കലയും തമ്മിലുള്ള ബന്ധം എത്രത്തോളമുണ്ടോ അത്രത്തോളം പടര്‍ന്നു പന്തലിച്ചതാണ് ഉമ്മര്‍ക്കയും കലോല്‍സവങ്ങളും തമ്മിലുള്ള ബന്ധം.
1987ല്‍ കോഴിക്കോട്ടു നടന്ന 27ാമത് കലോല്‍സവത്തിനു വേണ്ടിയായിരുന്നു ഉമ്മര്‍ക്ക ആദ്യമായി പന്തലുയര്‍ത്തിയത്. കഴിഞ്ഞവര്‍ഷം കോഴിക്കോട്ടു നടന്ന 55ാമത് കലാമേളയുടെ പന്തല്‍പ്പണിയിലും ഈ 51കാരന്റെ കഴിവ് കലാകേരളം കണ്ടു. ഇത്തവണ അനന്തപുരിയില്‍ അരങ്ങേറുന്ന മേളയിലും ഈ നൈപുണി വെളിവാകുന്നതോടെ 13 തവണ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനു പന്തലൊരുക്കിയ ആളെന്ന ഖ്യാതി ഉമ്മര്‍ക്കയുടെ പേരിനൊപ്പം ചേരും.
ഉപ്പ മുഹമ്മദ് 30 വര്‍ഷം നടന്ന പാതയാണ് 32 വര്‍ഷമായി ഉമ്മര്‍ക്കയും പിന്തുടരുന്നത്. കലോല്‍സവങ്ങള്‍ക്കുള്ള പന്തലുകള്‍ മാത്രമല്ല രാഷ്ട്രപതിമാരായ വെങ്കട്ടരാമന്‍, ശങ്കര്‍ദയാല്‍ ശര്‍മ, കെ ആര്‍ നാരായണന്‍, എ പി ജെ അബ്ദുല്‍കലാം, പ്രധാനമന്ത്രിമാരായ മൊറാര്‍ജി ദേശായി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി പി സിങ് തുടങ്ങിയവര്‍ പങ്കെടുത്തിട്ടുള്ള വേദികളുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചതും ഇദ്ദേഹമാണ്. ഇതോടൊപ്പം, തൃശൂര്‍ പൂരത്തില്‍ 30 വര്‍ഷമായി തിരുവമ്പാടി കുടുംബത്തിനു വേണ്ടിയും നെന്മാറ, വല്ലങ്ങി, ഉത്രാളിക്കാവ് പൂരങ്ങള്‍ക്ക് പന്തലൊരുക്കുന്നതും മറ്റാരുമല്ല. കേരളത്തില്‍ ഉല്‍സവങ്ങള്‍ക്കായി ഉമ്മര്‍ക്കയുടെ പന്തല്‍ ഉയരാത്തതായി വിരലിലെണ്ണാവുന്ന ക്ഷേത്രങ്ങള്‍ മാത്രമേയുള്ളൂ.
ഏഴു പകലിരവുകളിലായി തലസ്ഥാനത്ത് 19 മുതല്‍ 25 വരെ നടക്കുന്ന സംസ്ഥാന കൗമാര കലാമേളയ്ക്കായി 19 വേദികളാണ് ഭാരത് പന്തല്‍ വര്‍ക്ക്‌സ് ഉടമ ഉമ്മര്‍ക്കയും സംഘവും അണിയിച്ചൊരുക്കുന്നത്. 7000 പേര്‍ക്ക് ഇരിക്കാവുന്ന പുത്തരിക്കണ്ടം മൈതാനത്തിലെ പ്രധാനവേദിയില്‍ 40 അടി നീളത്തിലും 30 വീതിയിലുമുള്ള സ്റ്റേജാണ് രാപ്പകല്‍ അധ്വാനത്തിലൂടെ സജ്ജീകരിക്കുന്നത്. 66 തൂണുകളിലായി 250 അടി നീളത്തിലും 150 അടി വീതിയിലുമാണ് വേദിയുടെ നിര്‍മാണം. വേദിയുടെ പണി 17നു പൂര്‍ത്തിയാവുമെന്ന് ഉമ്മര്‍ക്ക പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുംവിധത്തിലും തിരക്ക് ഉണ്ടാവാത്ത അവസ്ഥയിലും തൂണുകളുടെ എണ്ണം കുറച്ചും അകലം കൂട്ടിയുമാണ് പ്രധാനവേദി ഒരുക്കുന്നത്.
വേദികളുടെ നിര്‍മാണത്തിനുള്ള കമുകും തൂണുകളും ഓലയും അടക്കമുള്ള സാധനസാമഗ്രികള്‍ സ്വന്തം നാട്ടില്‍നിന്നു തന്നെയാണ് എത്തിക്കുന്നത്. മറ്റേതു സ്ഥലത്തേക്കാളും അനുകൂലമായ സാഹചര്യങ്ങളും സൗകര്യങ്ങളും കൂടുതല്‍ തിരുവനന്തപുരത്താണെന്ന് ഉമ്മര്‍ക്ക പറയുന്നു. കലോല്‍സവങ്ങളില്‍ ഓരോ വര്‍ഷവും പല വിവാദങ്ങളും ഉണ്ടാവാറുണ്ടെങ്കിലും അതൊന്നും ഇദ്ദേഹം ശ്രദ്ധിക്കാറില്ല. ഒരു വലിയ മേളയാവുമ്പോള്‍ അതൊക്കെ സ്വാഭാവികമാണെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഓരോ വര്‍ഷവും കലോല്‍സവങ്ങളുടെ തിളക്കം കൂടിവരുകയാണെന്നും ഉമ്മര്‍ക്ക പറയുന്നു.
Next Story

RELATED STORIES

Share it