പാകിസ്താനില്‍ നിന്നു മയക്കുമരുന്ന് ; ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

മൊഹാലി: പാകിസ്താനില്‍നിന്നു മയക്കുമരുന്നുകളും വെടിക്കോപ്പുകളും കടത്താന്‍ സഹായിച്ച അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ജവാനെ പഞ്ചാബ് പോലിസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനില്‍ ബിഎസ് എഫിന്റെ 52ാം ബറ്റാലിയനില്‍ ജോലി ചെയ്യുന്ന അനില്‍കുമാര്‍ (29) ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ റായ് സിങ് നഗറില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്ന് മൊഹാലി എസ് എസ്പി ഗുര്‍ പ്രീത് സിങ് ഭുള്ളര്‍ അറിയിച്ചു.
2008ലാണ് അനില്‍കുമാര്‍ അതിര്‍ത്തി രക്ഷാ സേനയില്‍ ചേര്‍ന്നത്. കള്ളക്കടത്തുകാരില്‍നിന്നു പണം വാങ്ങി ഹെറോയിനും വെടിക്കോപ്പുകളും പാകിസ്താനില്‍ നിന്ന് കടത്താന്‍ അനില്‍കുമാര്‍ സഹായിച്ചുവെന്ന് എസ്പി ഗുര്‍ പ്രീത് സിങ് ഭുള്ളര്‍ പറഞ്ഞു.
കള്ളക്കടത്തുകാരില്‍നിന്നു വാങ്ങിയ പണം അനില്‍ കുമാറിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ ഉള്ളതായി പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി. രണ്ട് തവണയായി 80,000 രൂപയാണ് കൈപ്പറ്റിയത്. ഈ പണം കുമാറിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. നേരത്തേ അറസ്റ്റിലായ കള്ളക്കടത്തുകാരന്‍ ഗുര്‍ജത് സിങ് എന്ന ഭോലുവിനെ ചോദ്യം ചെയ്തപ്പോഴാണ് ബിഎസ്എഫ് ജവാന്റെ പങ്ക് പുറത്തായത്. ഭോലുവിനെയും രണ്ട് കൂട്ടാളികളെയും ഈ മാസം നാലിനാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് വഴിയാണ് ഭോലു അനിന്‍കുമാറുമായി ബന്ധം സ്ഥാപിച്ചത്. പാകിസ്താനിലെ ഇംതിയാസ് എന്ന കള്ളക്കടത്തുകാരനുമായി കുമാറിന് നേരത്തേ ബന്ധമുണ്ടായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഭോലുവിന്റെയും കൂട്ടാളികളുടെയും പക്കല്‍നിന്ന് പാകിസ്താനി സിംകാര്‍ഡുകളും മൊബൈല്‍ ഫോണുകളും വെടിക്കോപ്പുകളും പോലിസ് പിടിച്ചെടുത്തിരുന്നു.
Next Story

RELATED STORIES

Share it