പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: അഞ്ചാംഘട്ടത്തില്‍ 78.25 ശതമാനം പോളിങ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാതിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ 78.25 ശതമാനം പേര്‍ വോട്ട് ചെയ്തു. തിരഞ്ഞെടുപ്പ് ക്രമക്കേടുകളും അക്രമങ്ങളുമായി ബന്ധപ്പെട്ട് 186 പേരെ അറസ്റ്റ് ചെയ്തു. അക്രമത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.
പോളിങ് ഓഫിസര്‍മാരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് 78.25 ശതമാനം പേര്‍ വോട്ട് ചെയ്തുവെന്ന് പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ഉപതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സന്ദീപ് സക്‌സേന ഡല്‍ഹിയില്‍ പറഞ്ഞു.
ഹുഗഌ, ദക്ഷിണ കൊല്‍ക്കത്ത ജില്ല, ദക്ഷിണ 24 പര്‍ഗനാസ് എന്നിവിടങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. 2011ലെ തിരഞ്ഞെടുപ്പില്‍ ഇവിടങ്ങളില്‍ 82.77 ശതമാനമായിരുന്നു പോളിങ്. 2.14 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 80.22 ശതമാനവും. ആരംബാഗിലും താരകേശ്വരിലും വോട്ട് ചെയ്യാന്‍ സഹായിച്ച രണ്ട് വരണാധികാരികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇന്നലെ മാത്രം 2,970 പരാതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കിട്ടിയിട്ടുണ്ട്. അതിനിടെ, സിപിഎം പോളിങ് ഏജന്റുമാരെ മര്‍ദ്ദിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സോനാലി ഗുഹയ്‌ക്കെതിരേ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
'സിപിഎം ഏജന്റുമാരെ തല്ലി പുറത്താക്കുക, അവര്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം കേടാക്കിയിട്ടുണ്ട്' എന്ന് ഗുഹ ഫോണില്‍ ആരോടോ പറയുന്നത് ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നു. നടപ്പു നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ ഗുഹ ദക്ഷിണ 24 പര്‍ഗനാസ് ജില്ലയിലെ സത്ഗച്ചിയ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥിയാണ്. ടിവി സംപ്രേഷണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ക്കെതിരേ കേസെടുക്കാന്‍ കമ്മീഷന്‍ ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം കേടായതിനെത്തുടര്‍ന്ന് സോനാലി ഗുഹയുടെ മണ്ഡലത്തിലെ ഒരു ബൂത്തില്‍ വോട്ടെടുപ്പ് നിര്‍ത്തിവച്ചിരുന്നു. കേടായ വോട്ടിങ് യന്ത്രം പരിശോധിക്കുന്നതില്‍ നിന്നു കേന്ദ്രസേന തടയുകയും ചെയ്തു. ഒരു മണിക്കൂറിലേറെ വോട്ടെടുപ്പ് നിര്‍ത്തിവച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നു ഗുഹ പറഞ്ഞു.
Next Story

RELATED STORIES

Share it