പറഞ്ഞിറങ്ങി മോദി; രാജ്യാന്തരതലത്തില്‍ ചര്‍ച്ചയായി മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് പാക് വിരുദ്ധ നിലപാടെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനം ചര്‍ച്ചയാകുന്നു. പത്തു വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശനം നടത്തുന്നത്. അഫ്ഗാനിസ്താനില്‍ സന്ദര്‍ശനത്തിനു പോയ മോദി തിരിച്ചുവരുന്നതിനിടെ പാകിസ്താനില്‍ ഇറങ്ങട്ടേയെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനോട് ഫോണില്‍ വിളിച്ചു ചോദിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.
മോദിയുടെ സന്ദര്‍ശനം രാജ്യാന്തരതലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായി. യുഎന്നും അമേരിക്കയും പാകിസ്താനിലെ വിവിധ കക്ഷികളും സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. എന്നാല്‍, മോദിയുടെ സന്ദര്‍ശനത്തെ കോണ്‍ഗ്രസ് അടക്കമുള്ള മിക്ക പ്രതിപക്ഷ കക്ഷികളും എന്‍ഡിഎ ഘടകകക്ഷിയായ ശിവസേനയും വിമര്‍ശിച്ചു. അതേസമയം, മികച്ച രാജ്യതന്ത്രമെന്നാണ് മോദിയുടെ സന്ദര്‍ശനത്തെ ബിജെപി വിശേഷിപ്പിച്ചത്. മോദിയുടെ നടപടിയെ ബാലിശമെന്നു വിശേഷിപ്പിച്ച കോണ്‍ഗ്രസ്, ഇത്തരം ഗൗരവമുള്ള വിഷയങ്ങള്‍ ട്വിറ്ററിലൂടെയല്ല രാജ്യത്തെ അറിയിക്കേണ്ടതെന്ന് ആരോപിച്ചു.
സന്ദര്‍ശനം സ്വകാര്യ ആവശ്യത്തിനായി മാത്രമാണ് മോദി ഉപയോഗിച്ചത്. ഇതിനു പിന്നില്‍ സ്വകാര്യ ബിസിനസ് താല്‍പര്യം മാത്രമാണ്. നവാസ് ശരീഫുമായി മുമ്പ് കാഠ്മണ്ഡുവില്‍ കൂടിക്കാഴ്ച ആസൂത്രണം ചെയ്ത ഒരു വ്യവസായ പ്രമുഖന്‍ തന്നെയാണ് ലാഹോര്‍ കൂടിക്കാഴ്ചയ്ക്കു പിന്നിലും. ഇദ്ദേഹത്തിനു പാകിസ്താനിലെ ഭരണപക്ഷവുമായി ബിസിനസ് പങ്കാളിത്തമുണ്ട്. ഇദ്ദേഹം രണ്ടു ദിവസമായി ലാഹോറില്‍ തന്നെയുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി തന്നെ ആ വ്യവസായിയുടെ പേരു വെളിപ്പെടുത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.
മോദി ലാഹോറില്‍ ഇറങ്ങിയ അതേ ദിവസം തന്നെ പ്രമുഖ സ്റ്റീല്‍ വ്യവസായി സജ്ജന്‍ ജിന്‍ഡാല്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍, കൂടിക്കാഴ്ചയ്ക്കു പിന്നില്‍ ജിന്‍ഡാലിന്റെ ഇടപെടല്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. താന്‍ ശരീഫിന്റെ പേരക്കുട്ടിയുടെ വിവാഹത്തിനും അദ്ദേഹത്തിനു പിറന്നാള്‍ ആശംസിക്കാനും എത്തിയതാണെന്നാണ് ജിന്‍ഡാലിന്റെ വിശദീകരണം. കാഠ്മണ്ഡുവില്‍ 2014ല്‍ നടന്ന സാര്‍ക് സമ്മേളനത്തിനിടെ മോദി-ശരീഫ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത് ജിന്‍ഡാലിന്റെ ഹോട്ടല്‍മുറിയിലാണെന്നു നേരത്തേ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനു ഡല്‍ഹിയില്‍ എത്തിയ നവാസ് ശരീഫ് ജിന്‍ഡാലിന്റെ വീട്ടില്‍ ചായസല്‍ക്കാരത്തില്‍ പങ്കെടുത്തതായും വാര്‍ത്തകളുണ്ടായിരുന്നു. മോദി ലാഹോറിലേക്കു തിരിക്കുന്നതായി ട്വറ്ററില്‍ കുറിപ്പിട്ടതിനു തൊട്ടുപിന്നാലെ, താന്‍ ലാഹോറിലാണെന്ന വിവരം സജ്ജന്‍ ജിന്‍ഡാലും ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ ബാലിശവും പ്രവചനാതീതവും എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മവിശേഷിപ്പിച്ചത്. പാകിസ്താനില്‍ നിന്നു പ്രധാനമന്ത്രിക്ക് എന്ത് ഉറപ്പാണ് ലഭിച്ചത്? മുംബൈ ആക്രമണക്കേസിലെ പ്രതികളെക്കുറിച്ചോ ഭീകരാക്രമണ ആസൂത്രണങ്ങളെക്കുറിച്ചോ എന്തെങ്കിലും ഉറപ്പു ലഭിച്ചോ എന്നും ആനന്ദ് ശര്‍മ ചോദിച്ചു.
സ്വകാര്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമാണ് മോദി ലാഹോറില്‍ ഇറങ്ങിയത്. ഇന്ത്യയുടെ ദേശീയ താല്‍പര്യവുമായി ഈ സന്ദര്‍ശനത്തിന് ഒരു ബന്ധവുമില്ലെന്നും ശര്‍മ കുറ്റപ്പെടുത്തി. നയതന്ത്രം ഏറെ കാര്യഗൗരവമുള്ള വിഷയമാണ്. അതു ബാലിശമായി കൈകാര്യം ചെയ്താല്‍ മോദിയുടെ മുഖത്തുതന്നെ തിരിച്ചടിക്കുമെന്നും ആനന്ദ് ശര്‍മ മുന്നറിയിപ്പു നല്‍കി.
Next Story

RELATED STORIES

Share it