kannur local

പയ്യന്നൂരില്‍ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയില്‍ എല്‍ഡിഎഫ്

കണ്ണൂര്‍: പ്രാദേശിക എതിര്‍പ്പ് തള്ളി സിഐടിയു നേതാവും പയ്യന്നൂരിലെ സിറ്റിങ് എംഎല്‍എയുമായ സി കൃഷ്ണനെ വീണ്ടും മല്‍സരിപ്പിക്കാനുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനിടയിലും പാര്‍ട്ടിക്ക് ആശങ്ക. ഇടതിന്റെ ചുവപ്പുകോട്ടയായ പയ്യന്നൂരില്‍ ഭൂരിപക്ഷത്തില്‍ വന്‍ കുറവുണ്ടായാല്‍ അത് സംസ്ഥാന നേതൃത്വത്തിനു തന്നെ അണികള്‍ നല്‍കുന്ന താക്കീതായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വീഴ്ചയില്ലാത്ത പ്രചാരണത്തിനാണു നേതൃത്വം ശ്രമിക്കുന്നത്.
പയ്യന്നൂരില്‍ ഏരിയാ സെക്രട്ടറി ടി ഐ മധുസൂധനനെ സ്ഥാനാര്‍ഥിയാക്കാന്‍ ശകത്മായ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും സി കൃഷ്ണന് ഒരവസരം കൂടി നല്‍കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. പ്രാദേശികമായി ഉയര്‍ന്നഎതിര്‍പ്പ് കാര്യമാക്കേണ്ടെന്നു തന്നെയാണ് മലബാറിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ സെക്രേട്ടറിയറ്റ് വിലയിരുത്തല്‍. അതേസമയം, പ്രാദേശിക എതിര്‍പ്പ് പരസ്യമായ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞേക്കുമെന്ന ആശങ്കയും പങ്കുവച്ചിട്ടുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തിന് വിജയിച്ച സി കൃഷ്ണന് ഇക്കുറി ഭൂരിപക്ഷം കുറയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
നേരത്തേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കാസര്‍കോട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി പി കരുണാകരനു സംഭവിച്ച അതേ ഗതിയായിരിക്കും ഇക്കുറി മണ്ഡലത്തില്‍ സംഭവിക്കുകയെന്നും നിരീക്ഷിക്കുന്നവരുണ്ട്. സിറ്റിങ് എംഎല്‍എമാരെ വീണ്ടും മല്‍സരിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിക്കുന്നതിനു മുമ്പേ, മണ്ഡലത്തിനു പുറത്തു നിന്നുള്ളവര്‍ക്ക് സാധ്യത കല്‍പ്പിച്ച മണ്ഡലമായിരുന്നു പയ്യന്നൂര്‍. കൃത്യമായ ചിത്രം തെളിഞ്ഞു വരാത്തതോടെ പിണറായി വിജയന്‍ സ്ഥാനാര്‍ഥിയായി എത്തുമെന്നായിരുന്നു പ്രധാന പ്രചാരണം. എന്നാല്‍ പിണറായി ധര്‍മടത്ത് മല്‍സരിക്കാന്‍ തീരുമാനിച്ചതോടെ വീണ്ടും പയ്യന്നൂരിന്റെ ചിത്രം തെളിയാതായി. സി കൃഷ്ണനു പകരം ഏരിയാ സെക്രട്ടറി ടി ഐ മധുസൂധനന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നുമുണ്ടായില്ല. തുടര്‍ന്ന് ജില്ലാ കമ്മിറ്റി നല്‍കിയ പട്ടികയില്‍ സിറ്റിങ് എംഎല്‍എമാരെ വീണ്ടും പരിഗണിക്കാമെന്നു സംസ്ഥാന നേതൃത്വം അറിയിക്കുകയായിരുന്നു. ഇതോടെ സി കൃഷ്ണനു തന്നെ നറുക്ക് വീഴുകയായിരുന്നു.
എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍, പെരിങ്ങോം ഏരിയാ കമ്മിറ്റികളുടെ സംയുക്ത മണ്ഡലം കമ്മിറ്റിയില്‍ സി കൃഷ്ണനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നു. പ്രധാന ആരോപണങ്ങള്‍ ഉള്‍ക്കൊള്ളിച്ച കുറിപ്പ് സംസ്ഥാന കമ്മിറ്റിക്ക് അയച്ചുകൊടുക്കുകയും ചെയ്തതോടെ വീണ്ടും സ്ഥാനാര്‍ഥിയെ മാറ്റുമെന്ന പ്രതീതി ഉയര്‍ന്നു. ഉയര്‍ന്ന ആരോപണങ്ങള്‍ അതേപടി മാധ്യമങ്ങളിലും എത്തിയതോടെ പ്രശ്‌നം വഷളായി.
തുടക്കത്തില്‍ പരസ്യ പ്രസ്താവനയ്ക്കു വിലക്കേര്‍പ്പെടുത്തിയാണ് ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്ര—ട്ടേറിയറ്റില്‍ പ്രാദേശിക എതിര്‍പ്പ് തള്ളിക്കളയുകയും സിഐടിയു നേതൃത്വത്തിന്റെ സമ്മര്‍ദ്ദവും കണക്കിലെടുത്ത് സി കൃഷ്ണനെ തന്നെ മല്‍സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഏറ്റവും ഒടുവില്‍ സംസ്ഥാന നേതൃത്വവും വിഷയത്തില്‍ ഇടപെട്ടതോടെ സി കൃഷ്ണന്‍ മണ്ഡലം ഉറപ്പിച്ചു. വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് പ്രാദേശിക കമ്മിറ്റികളുടെ പ്രധാന ആരോപണം. ഇതിനെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് എല്‍ഡിഎഫ് ക്യാംപ്.
Next Story

RELATED STORIES

Share it