kasaragod local

പട്ടികവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി കലക്ടറുടെ അദാലത്ത്

കാസര്‍കോട്: പട്ടികവര്‍ഗ വിഭാഗത്തിന്റെ പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ നേതൃത്വത്തില്‍ ചെമ്പക്കാട് പട്ടികവര്‍ഗ കോളനിയില്‍ അദാലത്ത് സംഘടിപ്പിച്ചു. ജില്ലാഭരണകൂടവും, ജില്ലാ പട്ടികവര്‍ഗവികസന ഓഫിസും കുടുംബശ്രീയുമായി സഹകരിച്ചാണ് അദാലത്ത് സംഘടിപ്പിച്ചത്. ഉരുളാല-ചെമ്പക്കാട് പട്ടികവര്‍ഗകോളനിവാസികള്‍ക്കായി ചെമ്പക്കാട് ഏകാധ്യാപകവിദ്യാലയ മൈതാനത്ത് നടന്ന അദാലത്ത് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ക്ക് മുന്‍കൂട്ടി ലഭിച്ച 144 അപേക്ഷകള്‍ അദാലത്തില്‍ തീര്‍പ്പാക്കി. 140 പുതിയ അപേക്ഷകള്‍ അദാലത്തില്‍ ലഭിച്ചു. പട്ടയം നഷ്ടപ്പെട്ടതിനാല്‍ വര്‍ഷങ്ങളായി ആനുകൂല്യങ്ങള്‍ ലഭിക്കാതിരുന്ന 57 പേര്‍ക്ക് അദാലത്തില്‍ ജില്ലാകലക്ടര്‍ ഭൂരേഖകള്‍ അനുവദിച്ചു. ചെമ്പക്കാട് കമ്മ്യൂണിറ്റിഹാളിന്റെ വിഛേദിച്ച വൈദ്യുതി കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ തുക അനുവദിക്കുന്നതിന് ബേഡഡുക്ക പഞ്ചായത്തിനും, വൈദ്യതിബന്ധം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാന്‍ കെഎസ്ഇബിക്കും നിര്‍ദ്ദേശം നല്‍കി. ബിപിഎല്‍ കാര്‍ഡിന് അപേക്ഷ നല്‍കിയ 19 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കാര്‍ഡുകള്‍ അനുവദിച്ചു. വായ്പകള്‍ എഴുതിത്തള്ളുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിലുള്ള അവ്യക്തത നീക്കുന്നതിന് പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ സര്‍ക്കാരിലേക്ക് എഴുതിയിട്ടുണ്ട്. പുതിയ ഉത്തരവ് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നും അദാലത്തില്‍ അറിയിച്ചു. ഉത്തരവ് ലഭിക്കുന്നതുവരെ ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ലീഡ് ബാങ്ക് മാനേജര്‍ക്കും, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികള്‍ കളിസ്ഥലത്തിനായി നല്‍കിയ അപേക്ഷയിലും അനുകൂല നടപടി സ്വീകരിച്ചു. മൈതാനം വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ കൈമാറി. മൂന്നു പേര്‍ക്ക് വീതം വിധവാപെന്‍ഷനും വാര്‍ദ്ധക്യകാല പെന്‍ഷനും അനുവദിച്ചു.
ഭൂമി, പട്ടയം, ഗതാഗതപ്രശ്‌നം, കുടിവെള്ളം, ക്ഷേമപദ്ധതികള്‍ തുടങ്ങിയ പരാതികളാണ് അദാലത്തില്‍ കൂടുതലായി ലഭിച്ചത്. ഭൂമി സംബന്ധിച്ച് 33ഉം കുടിവെള്ളത്തിനായി അഞ്ച് അപേക്ഷകളും വീടിന് 18, പെന്‍ഷന് അഞ്ച,് വായ്പ അഞ്ച്, ധനസഹായം ഏഴ്, ചികില്‍സാസഹായം 14, റേഷന്‍ കാര്‍ഡ് 26, വീടും സ്ഥലവും സംബന്ധിച്ച് ഒന്ന്, സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തുന്നതിനും പേരുതിരുത്തുന്നതിനും രണ്ട് വീതവും, പൊതുകാര്യങ്ങള്‍ സംബന്ധിച്ച് ഏഴും അപേക്ഷകള്‍ പുതുതായി ലഭിച്ചു. മുഴുവന്‍ അപേക്ഷകളിലും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ രണ്ടാഴ്ചക്കകം ഉദ്യോഗസ്ഥതലയോഗം ചേരുമെന്ന് എഡിഎം എച്ച് ദിനേശനും, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്കയും അറിയിച്ചു.
ആധാര്‍ ക്യാംപും അലോപ്പതി, ഐഎസ്എം, ഹോമിയോ മെഡിക്കല്‍ ക്യാംപുകളും അദാലത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it