നെല്‍വയല്‍ സംരക്ഷണ നിയമം;  ഡാറ്റാ ബാങ്കിന്റെ നിയമസാധുത ബോധപൂര്‍വം വൈകിപ്പിച്ചു

കെ വി ഷാജി സമത

കോഴിക്കോട്: ഡാറ്റാ ബാങ്കിന് നിയമപരമായ അംഗീകാരം നല്‍കാതെ നീട്ടിക്കൊണ്ടുപോയാണ് കേരളാ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ചത് എന്നതിനു കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.
തദ്ദേശ സ്ഥാപനങ്ങള്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കി വിജ്ഞാപനം ചെയ്യുന്നതിനായി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നെങ്കിലും ഗവ. പ്രസ്സില്‍ സ്വാധീനം ചെലുത്തി അവ പ്രസിദ്ധീകരിക്കുന്നത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഡാറ്റാ ബാങ്ക് ഗസറ്റില്‍ പ്രസിദ്ധീകരിച്ചാല്‍ മാത്രമേ നിയമസാധുതയുണ്ടാവൂ എന്ന് അറിഞ്ഞുകൊണ്ട് ഇത് വൈകിപ്പിക്കുകയായിരുന്നു എന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്.
നികത്തിയ നിലങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഹൈക്കോടതിക്കുപോലും ഇടപെടാനാവാത്ത പ്രതിസന്ധിക്ക് വഴിവച്ചതും സര്‍ക്കാരിന്റെ ഈ നടപടിയാണ്.
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, കരട് ഡാറ്റാ ബാങ്കിലെ അക്ഷരത്തെറ്റ് തിരുത്തി നല്‍കാത്തതിനാലാണ് അവ പ്രസിദ്ധീകരിക്കാന്‍ സാധിക്കാതെ പോയതിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അങ്ങനെയെങ്കില്‍, അക്ഷരത്തെറ്റ് തിരുത്തി നല്‍കണമെന്ന് സെക്രട്ടറിമാരെ അറിയിച്ചതിന്റെ രേഖ ആവശ്യപ്പെട്ടപ്പോള്‍, സെക്രട്ടറിമാരെ ടെലിഫോണില്‍ വിളിച്ചറിയിച്ചതിനാല്‍ അതുസംബന്ധിച്ച രേഖകള്‍ ഒന്നും ഓഫിസില്‍ ലഭ്യമല്ല എന്നാണ് ഗവ. പ്രസ്സില്‍ നിന്നു ലഭിച്ച മറുപടി.
എന്നാല്‍, ഇത്തരത്തില്‍ ഒരു അറിയിപ്പും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിമാരും വ്യക്തമാക്കി. കൃത്രിമമായി സൃഷ്ടിച്ച സാങ്കേതിക തടസ്സങ്ങളാണ് ഡാറ്റാ ബാങ്ക് ഗസറ്റില്‍ വിജ്ഞാപനം ചെയ്യാതിരിക്കുന്നതിനു കാരണമായത്.
കേരളത്തിലെ നെല്‍വയലുകളും നീര്‍ത്തടങ്ങളും ഉപഗ്രഹ സഹായത്തോടെ വില്ലേജ് അടിസ്ഥാനത്തില്‍ നിര്‍ണയിച്ചു തയ്യാറാക്കുന്ന ഡാറ്റാ ബാങ്കാണ് ഈ നിയമത്തിന്റെ കാതല്‍. ചട്ടം നിലവില്‍ വന്ന് മൂന്നു മാസത്തിനകം ഡാറ്റാ ബാങ്ക് തയ്യാറാക്കണമെന്നാണു വ്യവസ്ഥ.
എന്നാല്‍, 2014 ജൂണ്‍ 12 വരെ 978 ഗ്രാമപ്പഞ്ചായത്തുകളില്‍ 83 എണ്ണത്തിലും 60 മുനിസിപ്പാലിറ്റികളില്‍ മൂന്നെണ്ണത്തിലുമാണ് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചതെന്ന് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നു. കോര്‍പറേഷനുകളില്‍ ഒന്നില്‍ പോലും ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ല. 2011ല്‍ ഈ നിയമത്തില്‍ വന്ന ഭേദഗതിയെ തുടര്‍ന്ന് പല വില്ലേജ് ഓഫിസര്‍മാരും നിലംനികത്തിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിച്ചിരുന്നു.
എന്നാല്‍, ആധികാരിക രേഖയായ ഡാറ്റാ ബാങ്ക് ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്ന ഒറ്റ കാരണം മുന്‍നിര്‍ത്തി വില്ലേജ് ഓഫിസര്‍മാര്‍ സ്വീകരിച്ച നിയമനടപടികള്‍ ഹൈക്കോടതി റദ്ദാക്കി.
Next Story

RELATED STORIES

Share it