നെല്‍വയല്‍ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം: പരിസ്ഥിതി ഐക്യവേദി 

തിരുവനന്തപുരം: കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന ഭരണഘടനാ വിരുദ്ധ ഭേദഗതി സര്‍ക്കാര്‍ ഉടന്‍ റദ്ദാക്കണമെന്ന് കേരള പരിസ്ഥിതി ഐക്യവേദി. കേരളത്തില്‍ ഇതുവരെ നടന്ന അനധികൃത വയല്‍ നികത്തലുകളെ സാധൂകരിക്കുകയാണ് ഈ ഭേദഗതിയിലൂടെ ചെയ്യുന്നത്. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെയും സബ്ജക്ട് കമ്മിറ്റിയുടെ ചര്‍ച്ചയ്ക്ക് വിധേയമാക്കാതെയും ഗൂഢമായി 2015ലെ ധനകാര്യ ബില്ലിന്റെ ഭാഗമാക്കി ഭേദഗതി വരുത്തിയത,് വന്‍കിട ഭൂമാഫിയ നെല്‍വയല്‍ നികത്തല്‍ സംഘങ്ങള്‍ക്കു വേണ്ടി മാത്രമാണെന്ന് വ്യക്തമാണ്.

ഈ നിയമ വിരുദ്ധ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ദ്രുതഗതിയില്‍ നടപ്പാക്കാനുള്ള ചട്ടങ്ങള്‍ പുറപ്പെടുവിച്ചതും മാതൃനിയമത്തിന് വിരുദ്ധമായിട്ടാണ്. ഭേദഗതി പുറപ്പെടുവിച്ചതിനുശേഷം കേരളത്തില്‍ അങ്ങോളമിങ്ങോളം പുതുതായി തണ്ണീര്‍ത്തട - നെല്‍വയല്‍ നികത്തുന്ന പ്രവണതയാണ് കാണുന്നത്. ഇത് സംസ്ഥാനത്തിന്റെ കൃഷിയെയും ജലലഭ്യതയെയും പ്രകൃതി സന്തുലിതാവസ്ഥയെയും തകര്‍ക്കുമെന്നതിന് യാതൊരു സംശയവുമില്ല. തീര്‍ത്തും നിരുത്തരവാദിത്തപരമായി ഇറങ്ങിയ ഈ ഭേദഗതി ഉടന്‍ റദ്ദാക്കണമെന്ന് ഐക്യവേദി ആവശ്യപ്പെട്ടു.
നിലവിലെ ഭേദഗതിയുടെ ഭാഗമായി നികത്തലുകളെ സാധൂകരിക്കുന്ന പഞ്ചായത്തുകളുടെയും കലക്ടര്‍മാരുടെയും നടപടികളെ നിരീക്ഷിക്കുകയും അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നികത്തപ്പെട്ട എല്ലാ വയലുകളും പുനസ്ഥാപിച്ച് കൃഷിയോഗ്യമാക്കണമെന്ന് കേരളത്തിലെ ചീഫ് സെക്രട്ടറിയോടും പഞ്ചായത്തുകളോടും ജില്ലാ കലക്ടര്‍മാരോടും ഐക്യവേദി ആവശ്യപ്പെട്ടു. തന്ത്രപൂര്‍വം നെല്‍വയലിന് നിയമവിരുദ്ധമായി പുതിയ നിര്‍വചനം നല്‍കിയതിലൂടെ നിയമത്തിനെ തന്നെ അട്ടിമറിച്ചിരിക്കുകയാണ്. പുതിയ ഭേദഗതിയും ചട്ടവും ജനുവരി നാലിനകം സര്‍ക്കാര്‍ പിന്‍വലിക്കുന്നില്ലെങ്കില്‍ ഭരണഘടനാ വിരുദ്ധമായ ഈ ഭേദഗതി കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കേരള പരിസ്ഥിതി ഐക്യവേദി വ്യക്തമാക്കി.
Next Story

RELATED STORIES

Share it