kasaragod local

നീലേശ്വരം നഗരസഭയില്‍ രണ്ടാമങ്കം: ആത്മവിശ്വാസത്തോടെ എല്‍ഡിഎഫ്; അടിയൊഴുക്ക് പ്രതീക്ഷിച്ച് യുഡിഎഫ്

നീലേശ്വരം: നഗരസഭയില്‍ ഇത് രണ്ടാമത്തെ തിരഞ്ഞെടുപ്പാണ്. ആദ്യതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തോടെയാണ് പ്രചാരണരംഗത്തുള്ളത്. എന്നാല്‍ ഒരു പാടുകാലം തങ്ങളോടൊപ്പം നിന്ന നീലേശ്വരം ഇക്കുറി കൈവിടില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സിപിഎമ്മിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ തങ്ങളുടെ വോട്ടുകളായി മാറുമെന്നും ഇവര്‍ കരുതുന്നുണ്ട്. തങ്ങളുടെ ജനപിന്തുണ വ്യക്തമാക്കാന്‍ ബിജെപിയും പ്രചാരണത്തില്‍ സജീവമാണ്. എസ്ഡിപിഐ പ്രചാരണ രംഗത്ത് മുമ്പിലാണ്.
സിപിഎമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി പ്രഫ.കെ പി ജയരാജന്‍ മല്‍സരിക്കുന്ന കുഞ്ഞിപ്പുളിക്കാല്‍, ഒരുകാലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കുമാരന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായുള്ള പാലാത്തടം, നിലവില്‍ കൗണ്‍സിലിലെ യുഡിഎഫ് നേതാവായ ഇഷജീറും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ സിപിഎമ്മിലെ മുഹമ്മദ് റാഫിയും മല്‍സരിക്കുന്ന കൊട്രച്ചാല്‍, ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ വി ഗൗരി മല്‍സരിക്കുന്ന ആനച്ചാല്‍, കഴിഞ്ഞ തവണ സിപിഎമ്മിന് ലഭിച്ച തട്ടാച്ചേരി, പടിഞ്ഞാറ്റംകൊഴുവല്‍ വെസ്റ്റ്, പാലക്കാട്ട് എന്നിവിടങ്ങളിലാണ് ഇക്കുറി ശക്തമായ മല്‍സരം നടക്കുന്നത്. ഇപ്പോഴത്തെ കൗണ്‍സിലില്‍ എല്‍ഡിഎഫ് 22, യുഡിഎഫ് 10 എന്നിങ്ങനെയാണ് കക്ഷിനില.
സിപിഎം നഗരസഭയില്‍ ഇക്കുറി എല്‍ഡിഎഫ് ഇറക്കിയ പല സ്ഥാനാര്‍ഥികളെ കുറിച്ച് അണികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ളത് യുഡിഎഫ് ക്യാംപിന് പ്രതീക്ഷ നല്‍കുന്നു. ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഏരിയാനേതൃത്വത്തിലടക്കം കടുത്ത അഭിപ്രായഭിന്നത വന്നതാണ് യുഡിഎഫ് ക്യാംപിനെ ആഹ്ലാദത്തിലാക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും പാര്‍ട്ടിയുമായി കാര്യമായ സഹകരിക്കാത്ത വ്യക്തിയെ ചെയര്‍മാന്‍ പദവിയിലെത്തിക്കാനുള്ള നീക്കം ഒരുവിഭാഗം അണികള്‍ എതിര്‍ക്കുന്നുണ്ട്. ഈ എതിര്‍പ്പ് തങ്ങള്‍ക്കുള്ള വോട്ടായി മാറുമെന്നാണ് യുഡിഎഫ് കരുതുന്നത്. ഇതിന് പുറമെ കഴിഞ്ഞ തവണ നേരിട്ട റിബല്‍ പ്രശ്‌നം ഇക്കുറിയില്ലെന്നതും യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
റിബലുകള്‍ കാരണം നഷ്ടപ്പെട്ട പടിഞ്ഞാറ്റംകൊഴുവല്‍ വെസ്റ്റ്, ഈസ്റ്റ് എന്നിവ ഇക്കുറി തിരിച്ചുപിടിക്കാനാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. തട്ടാച്ചേരിയില്‍ മുന്‍ പഞ്ചായത്തംഗം കെ പി കരുണാകരനെ രംഗത്തിറക്കിയതിലൂടെ വിജയം നേടാനാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. പഞ്ചായത്ത് ഭരണസമിതിയിലേക്ക് അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ വെറും ആറുവോട്ടിന് പരാജയപ്പെട്ട കുമാരന്‍ വീണ്ടും മല്‍സരിക്കുന്ന പാലാത്തടത്ത് സിപിഎം സ്ഥാനാര്‍ഥി കടുത്ത പോരാട്ടമാണ് നടത്തുന്നത്.
സഹോദരങ്ങള്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും സ്ഥാനാര്‍ഥിയായി പോരാടുന്ന പാലക്കാട്ടും സിപിഎമ്മിന് തിരിച്ചടിയുണ്ടാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. നിലവിലുള്ള ചെയര്‍പേഴ്‌സണ്‍ വി ഗൗരി മല്‍സരിക്കുന്ന ആനച്ചാലില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ഥിയും രംഗത്തുണ്ട്. എസ്എന്‍ഡിപി യോഗം മെംബറായ ഒ കെ സതിയാണ് ഇവിടെ മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി. സിപിഎമ്മിലെ വിഭാഗീയതയും നല്ലൊരളവില്‍ തങ്ങള്‍ക്ക് തുണയാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നുണ്ട്.
അതെ സമയം ടൗണ്‍ വാര്‍ഡില്‍ നിന്ന് മാറി മറ്റൊരു സിറ്റിങ് വാര്‍ഡായ കൊട്രച്ചാലിലെത്തിയ കോണ്‍ഗ്രസിലെ ഇ ഷജീറിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെയാണ് സിപിഎം ഇറക്കിയിരിക്കുന്നത്. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി മുഹമ്മദ് റാഫി ഇവിടെ നിന്ന് ജയിക്കുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.
യാതൊരുതരത്തിലുള്ള അട്ടിമറിയും പ്രതീക്ഷിക്കാതെയാണ് എല്‍ഡിഎഫിന്റെ പ്രചാരണം മുന്നേറുന്നത്. കൂടുതല്‍ വാര്‍ഡുകള്‍ പിടിച്ചെടുക്കാനാകുമെന്നും മുന്നണി കണക്കുകൂട്ടുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസനം ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഡിഎഫ് മുന്നേറുന്നത്. അതേസമയം ഐഎന്‍എല്‍ ഇവിടെ സിപിഎമ്മിനെതിരെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയത് എല്‍ഡിഎഫില്‍ ആശങ്ക വിതച്ചിട്ടുണ്ട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഐഎന്‍എല്‍ ഒറ്റക്ക് മല്‍സരിക്കാന്‍ കാരണമായത്.
അതെ സമയം സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ശക്തമായ വേരോട്ടമുണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന ബിജെപിയും അവകാശപ്പെടുന്നുണ്ട്. എസ്ഡിപിഐക്ക് തീരദേശ വാര്‍ഡുകളില്‍ സമാന്യം ശക്തിയുണ്ട്. നാല് വാര്‍ഡുകളിലാണ് പാര്‍ട്ടി മല്‍സരിക്കുന്നത്. 25ാംവാര്‍ഡില്‍ എം വി ഷൗക്കത്തലിയും 26ല്‍ എം കെ മൈമൂന, 27ല്‍ ഇന്ദിര, 28ല്‍ എം വി ഉമൈറ എന്നിവരാണ് പാര്‍ട്ടിസ്ഥാനര്‍തികള്‍. വാര്‍ഡുകള്‍ പിടിച്ചടക്കാന്‍ എസ്ഡിപിഐ ശക്തമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it