നിസാര്‍ വധശ്രമം: മുഖ്യപ്രതികളെ പോലിസ് പിടികൂടി

കുറ്റിയാടി: എസ്ഡിപിഐ പ്രവര്‍ത്തകന്‍ രയരോത്ത് മീത്തല്‍ നിസാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച മുഖ്യപ്രതികള്‍ പിടിയില്‍. സിപിഎം സജീവപ്രവര്‍ത്തകരായ വരിക്കോളി സ്വദേശി മലയില്‍ ആമ്പ്രോളി അഭിലാഷ്(30), ചെക്യാട് സ്വദേശി അന്ത്യേരി പന്നിരയാടുക്കില്‍ നാണു(48) എന്നിവരെയാണ് കുറ്റിയാടി സിഐ കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണവിഭാഗം കല്ലാച്ചി ടൗണിനടുത്ത ഉള്‍ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. നിസാറിനെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ ഇരുവരും ഒളിവില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു.

സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായ ഇവര്‍ മുമ്പും പല അടിപിടിക്കേസുകള്‍ക്കും നേതൃത്വം വഹിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 13നാണ് നിസാര്‍ അക്രമത്തിനിരയായത്. പതിവുപോലെ കട തുറന്നുപ്രവര്‍ത്തിക്കാന്‍ എത്തിയ നിസാറിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം  വെട്ടാന്‍ നേതൃത്വം നല്‍കുകയായിരുന്നെന്നു ഇരുവരും പോലിസിനോട് പറഞ്ഞു.

അക്രമത്തിനിടെ പരിക്കേറ്റ ഇരുവരും ആദ്യമെത്തിയത് വാണിമേലിലെ സിപിഎം ദമ്പതികളുടെ വീട്ടിലായിരുന്നു. അവിടെ നിന്ന് മുറിവു കഴുകി വൃത്തിയാക്കിയശേഷം സജീവന്‍ എന്നയാളുടെ ജീപ്പില്‍ തലശ്ശേരി സഹകരണാശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുകയായിരുന്നു. ബോംബിന്റെ ചീളുകള്‍ തെറിച്ച് ഇരുവരുടെയും തലയിലും ശരീരത്തിലുമാണ് മുറിവുകള്‍ പറ്റിയത്.ആശുപത്രി അധികൃതര്‍ പരിക്കിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ബൈക്കപകടത്തില്‍ പറ്റിയതെന്നാണു പറഞ്ഞത്. അവിടെ ചികില്‍സിച്ച ശേഷം മുറിവുകള്‍ ഡ്രസ്സ് ചെയ്യുകയും പിറ്റേന്ന് സ്ഥലംവിടുകയുമാണുണ്ടായത്. തുടര്‍ന്ന് നാട്ടിലെ പല ബന്ധുവീടുകളിലുമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇതോടെ സംഭവത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാവുകയാണ്. അക്രമത്തിന് ആസൂത്രണം ചെയ്തവര്‍, ആയുധം നല്‍കിയവര്‍, വാഹനം നല്‍കിയവര്‍ തുടങ്ങി പങ്കുവഹിച്ച മറ്റുള്ളവരെ  ഇനിയും പിടികൂടാനുണ്ട്. പ്രതികളെ ഇന്ന് നാദാപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it