wayanad local

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി: കോണ്‍ഗ്രസ്സും ലീഗും തുറന്ന പോരിലേക്ക്

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയത്തെച്ചൊല്ലി കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും തുറന്ന പോരിലേക്ക്. പരാജയ കാരണം ന്യൂനപക്ഷ വോട്ട് ചോര്‍ച്ച മാത്രമാണെന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നു കോണ്‍ഗ്രസ്സിനെ പരോക്ഷമായി വിമര്‍ശിച്ച് മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
ഇത്തരം കണ്ടെത്തലുകള്‍ കുരുടന്‍ ആനയെ കണ്ടതിനു തുല്യമാണ്. കല്‍പ്പറ്റയില്‍ 34 ബൂത്തുകളിലാണ് യുഡിഎഫിന് ലീഡ് നേടാന്‍ സാധിച്ചത്. ഇതില്‍ 31ഉം ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളുമാണ്. പരമ്പരാഗതമായി യുഡിഎഫിന് പിന്തുണ നല്‍കിയിരുന്ന തോട്ടം മേഖലയിലും കുടിയേറ്റ പ്രദേശങ്ങളിലും തൊഴിലാളികള്‍ക്കിടയിലും ഏറെ പിന്നാക്കം പോയതും പരാജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്നാണെന്നു യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് പി പി എ കരീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകളില്‍ ആറായിരത്തില്‍പരം ഇത്തവണ കുറഞ്ഞു. ഇതു കാണപ്പെടാത്ത അടിയൊഴുക്കാണ്.
മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരായി സ്വന്തം പാളയത്തില്‍ നിന്ന് ഉയര്‍ന്ന ആരോപണങ്ങള്‍ വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ജയലക്ഷ്മിക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയ സംഭവങ്ങളെ പരമാര്‍ശിച്ച് യോഗം ചൂണ്ടിക്കാട്ടി. ആരോപണങ്ങളെ കൂട്ടമായി പ്രതിരോധിക്കുന്നതില്‍ വന്ന വീഴ്ചയും തിരിച്ചടിയായി. ബിജെപിയെ ഭയന്നതു കൊണ്ട് ഗണ്യമായി രീതിയില്‍ സിപിഎമ്മിന് വോട്ട് വര്‍ധനയുണ്ടായെന്ന വാദം ബാലിശമാണ്. സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്റെ വിജയം ഇത്തരം വാദങ്ങളുടെ മുനയൊടിക്കുന്നതാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയില്‍ പോലും വിള്ളല്‍ വീഴ്ത്തിയാണ് അവിടെ തിളക്കമാര്‍ന്ന വിജയം കൈവരിച്ചത്.
അപസ്വരങ്ങളുടെ പഴുതുകള്‍ അടച്ചതു കൊണ്ടാണ് വിജയത്തിന്റെ മാറ്റ് വര്‍ധിച്ചതെന്നും യോഗം വിലയിരുത്തി. ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി, സെക്രട്ടറി സി മൊയ്തീന്‍കുട്ടി, പി കെ അബൂബക്കര്‍, ടി മുഹമ്മദ്, കണ്ണോളി മുഹമ്മദ്, എം കെ അബൂബക്കര്‍ ഹാജി, കെ സി മായിന്‍ ഹാജി, റസാഖ് കല്‍പ്പറ്റ, എം എ അസൈനാര്‍, പടയന്‍ മുഹമ്മദ്, ടി ഹംസ, എന്‍ കെ റഷീദ് സംസാരിച്ചു.
കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി യോഗവും പരാജയ കാരണങ്ങള്‍ വിലയിരുത്തിയിരുന്നു. പരമ്പരാഗതമായി കോണ്‍ഗ്രസ്സിനൊപ്പം നിന്ന ക്രൈസ്തവ സഭയുടെ നിലപാട് മാറ്റവും ഭൂരിപക്ഷ സമുദായം കോണ്‍ഗ്രസ്സില്‍ നിന്നകന്നതും കല്‍പ്പറ്റ മണ്ഡലത്തില്‍ യുഡിഎഫ് പരാജയത്തിന് കാരണമായെന്നായിരുന്നു വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ടയെന്ന് അവകാശപ്പെടുന്ന കല്‍പ്പറ്റ മണ്ഡലത്തില്‍ എം വി ശ്രേയാംസ്‌കുമാറിന്റെ കനത്ത തോല്‍വിക്ക് കോണ്‍ഗ്രസ്സിനെ ഏറെക്കുറെ പരസ്യമായി കുറ്റപ്പെടുത്തിയാണ് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ സിപിഎമ്മിനാണ് കഴിയുകയെന്ന വ്യാപകമായ പ്രചാരണങ്ങളില്‍ തെറ്റിദ്ധരിച്ചാണ് വോട്ടുകള്‍ ചോര്‍ന്നതാണ് ജില്ലയിലെ രണ്ടു സീറ്റുകള്‍ യുഡിഎഫിന് നഷ്ടപ്പെടാന്‍ കാരണമെന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കോണ്‍ഗ്രസ്സിനെതിരേ ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it