നാടക-ചലച്ചിത്ര നടന്‍ സുധാകരന്‍ അന്തരിച്ചു

കോഴിക്കോട്: നാടക- ചലച്ചിത്ര നടന്‍ ടി സുധാകരന്‍ (73) അന്തരിച്ചു. വാഹന അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 1957ല്‍ കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ നാടകരംഗത്തേക്ക് വന്നു.
നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ 'കലിംഗ' തിയേറ്റേഴ്‌സില്‍ ചേര്‍ന്ന ശേഷമാണ് സുധാകരന്റെ അഭിനയ കരുത്ത് പ്രേക്ഷകരിലേക്കെത്തുന്നത്. ദീപസ്തംഭം മഹാശ്ചര്യം, ദൈവശാസ്ത്രം, കുചേലവൃത്തം, സൃഷ്ടി, നാല്‍ക്കവല, കാഫര്‍, അച്ഛനും ബാപ്പയും, ഇത് ഭൂമിയാണ് തുടങ്ങിയ നാടകങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങള്‍ക്ക് ജീവനേകി. നിലമ്പൂര്‍ ബാലന്റെ കളിത്തറ നാടകസംഘത്തിന്റെ ജ്ജ് നല്ല മനുഷ്യനാവാന്‍ നോക്ക്, മതിലുകള്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വാസന്തീ നീയാണ് പെണ്ണ് തുടങ്ങിയ നാടകങ്ങളും ശ്രദ്ധേയമായി.
ഹൃദയത്തില്‍ നീ മാത്രം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. വെള്ളം, ഫുട്‌ബോള്‍, പഞ്ചാഗ്നി, അനഘ, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, ജോര്‍ജ്ജുകുട്ടി ര/ീ ജോര്‍ജ്ജ്കുട്ടി, ആകാശത്തേക്കൊരു കിളിവാതില്‍ തുടങ്ങി അമ്പതിലേറെ സിനിമകളില്‍ അഭിനയിച്ചു. മാസങ്ങള്‍ക്കു മുമ്പ് വിജേഷ് കോഴിക്കോട് സംവിധാനം ചെയ്ത 'മൈക്ക്' എന്ന നാടകത്തിലും വേഷമണിഞ്ഞു.
1974ല്‍ കേരള നാടക അക്കാദമിയുടെ നല്ല നടനുള്ള അവാര്‍ഡ് ലഭിച്ചു. അഖില കേരള നാടക മല്‍സരത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ മികച്ച നടനായി. ഭാര്യ: സൂര്യപ്രഭ, മകന്‍: ചലച്ചിത്ര നടന്‍ സുധീഷ്. മരുമകള്‍: ചിത്രകാരി ധന്യ.
Next Story

RELATED STORIES

Share it