നാഗ്ജി ട്രോഫി: മെസ്സിയുടെ നാട്ടുകാര്‍ക്ക് മടക്കടിക്കറ്റ്

എം എം സലാം

കോഴിക്കോട്: അവധിദിനം ആഘോഷിച്ചു തങ്ങളുടെ പ്രിയ ടീമിനെ പിന്തുണയ്ക്കാന്‍ തടിച്ചു കൂടിയ മലബാറിലെ കാല്‍പ്പന്തുകളി പ്രേമികള്‍ക്കു മുന്നില്‍ മെസ്സിയുടേയും മറഡോണയുടേയും കുഞ്ഞനുജന്‍മാര്‍ക്ക് ഒരിക്കല്‍ കൂടി അടിതെറ്റി. ജയം അനിവാര്യമായ മല്‍സരത്തില്‍ ഇംഗ്ലീഷ് ഫുട്‌ബോളിന്റെ കരുത്തുമായെത്തിയ അയര്‍ലന്‍ഡില്‍ നിന്നുള്ള ഷംറോക്ക് റോവേഴ്‌സാണ് അര്‍ജന്റീനയുടെ അണ്ടര്‍ 23 ടീമിന് നാട്ടിലേക്കു മടക്കടിക്കറ്റ് നല്‍കിയത്.
67ാം മിനിറ്റില്‍ കിലിയന്‍ ബ്രണ്ണന്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഷംറോക്കിന്റെ ജയം. ജയത്തോടെ മൂന്നു മല്‍സരങ്ങളില്‍ നിന്നും ഷംറോക്ക് എഫ്.സിക്കു ആറ് പോയിന്റ് ലഭിച്ചു. ഇതേ ഗ്രൂപ്പില്‍ത്തന്നെയുളള നിപ്രോയ്ക്കും നിലവില്‍ ആറു പോയിന്റാണുള്ളത്. അതിനാല്‍ നാളെ നടക്കുന്ന മ്യൂണിക്ക്-നിപ്രോ മല്‍സരഫലത്തെ ആശ്രയിച്ചായിരിക്കും ഷംറോക്കിന്റെ സെമി പ്രവേശനം. മല്‍സരത്തില്‍ മ്യൂണിക്ക് ജയിച്ചാല്‍ ഷംറോക്ക് സെമിയിലെത്തും. മറിച്ചായാല്‍ ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലായിരിക്കും സെമി ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുക.
ലക്ഷ്യം കാണാത്ത മുന്നേറ്റങ്ങള്‍
നിറഞ്ഞ ഗ്യാലറിയെ സാക്ഷി നിര്‍ത്തി ഇരു ടീമുകളും ആദ്യ മിനിറ്റുകളില്‍ത്തന്നെ ചെറു മുന്നേറ്റങ്ങള്‍ നടത്തി. എഴാം മിനിറ്റില്‍ അര്‍ജന്റീനയായിരുന്നു ഗോള്‍ നീക്കത്തിനു തുടക്കമിട്ടത്. ടീമിനു ലഭിച്ച കോര്‍ണറില്‍ ക്രിസ്റ്റിയന്‍ അമറില്ലയെടുത്ത കിക്കില്‍ മിഗ്വല്‍ ബാര്‍ബറിയുടെ ഷോട്ട് പുറത്തേക്ക് പാഞ്ഞു. തൊട്ടു പിന്നാലെ കളിയുടെ പത്താം മിനിറ്റില്‍ ഷംറോക്കും എതിര്‍ മുന്നേറ്റം നടത്തി.
മൈതാന മധ്യത്തു നിന്നും ബ്രാന്‍ഡണ്‍ മിലേ ഇടതു മൂലയിലൂടെ ഒറ്റക്കു പന്തുമായി മുന്നേറി ബോക്‌സിനു സമീപമെത്തി. ക്രോസ് ഷോട്ടിലൂടെ പന്ത് പോസ്റ്റിലേക്കു പായിച്ചെങ്കിലും അര്‍ജന്റൈന്‍ ഗോളി മത്തിയാസ് ക്യാപുറ്റോ നിലത്ത് വീണ് കിടന്നു പന്ത് പിടിച്ചെടുത്തു. 21ാം മിനിറ്റില്‍ ഷംറോക്ക് താരം കളിയിലെ ആദ്യ മഞ്ഞക്കാര്‍ഡും കണ്ടു. പന്തുമായി എതിര്‍ബോക്‌സിലേക്കു അതിവേഗം മുന്നേറിയ അര്‍ജന്റൈന്‍ താരം ക്രിസ്റ്റിയന്‍ അമറില്ലയെ പിന്നില്‍ നിന്നും വീഴ്ത്തിയതിന് ഡാനി നോര്‍ത്തിനാണ് കാര്‍ഡ് ലഭിച്ചത്. ഇതിനു പ്രതികാരമെന്നോണം 30ാം മിനിറ്റില്‍ അമറില്ല സുന്ദരമായൊരു മുന്നേറ്റവും നടത്തി. മൈതാന മധ്യത്തില്‍ നിന്നും അമല്ല ഒറ്റക്കു പന്തുമായി മുന്നേറി എതിര്‍ ബോക്‌സിലേക്കു പന്ത് നീട്ടിയടിച്ചെങ്കിലും ഗോള്‍കീപ്പര്‍ ബാരി മര്‍ഫിയുടെ കയ്യില്‍ത്തട്ടി പന്ത് പുറത്തേക്ക്. 35ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ മാക്‌ഫൈലിനു പകരക്കാരനായി കിലിയിന്‍ ബ്രണ്ണനെ കോച്ച് കളത്തിലിറക്കി.
കൈയാങ്കളിയോടെ രണ്ടാം പകുതി
ആദ്യ പകുതിയില്‍ ഇരു താരങ്ങളും മുഖാമുഖം നിന്നതിനു ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിലും താരങ്ങള്‍ കൈയാങ്കളിക്കൊരുങ്ങിയത് റഫറി മാലദ്വീപുകാരന്‍ ഇയാഹന്‍ ഇസ്മയില്‍ ഇടപെട്ടു ശാന്തമാക്കി.
65ാം മിനിറ്റില്‍ ഷംറാക്കിന്റെ ഡേവിഡ് വെബ്സ്റ്ററെ പെനല്‍റ്റി ഏരിയക്കു പുറത്തു ഫൗള്‍ചെയ്തതിനു ഫ്രാങ്കോ മണ്ടോവാനോയ്ക്കു മഞ്ഞക്കാര്‍ഡ് ലഭിച്ചു. തുടര്‍ന്നു ലഭിച്ച ഫ്രീകിക്കിലൂടെ വിരസതയ്ക്കു വിരാമമിട്ടു ആരാധകര്‍ക്ക് ആവേശമായി ആദ്യ ഗോളുമെത്തി. ബ്രണ്ണന്‍ എടുത്ത മനോഹരമായ ഫ്രീകിക്ക് കോട്ടകെട്ടിയ അര്‍ജന്റൈന്‍ താരങ്ങള്‍ക്കു മുകളിലൂടെ പോസ്റ്റിലേക്ക്. ഗോള്‍കീപ്പര്‍ മത്തിയാസിനെ ആശയക്കുഴപ്പത്തിലാക്കി വലതു മൂലയിലേക്ക് പന്ത് ഊര്‍ന്നിറങ്ങി (1-0).
82ാം മിനിറ്റില്‍ ഇരു ടീമുകളും തമ്മില്‍ വീണ്ടും കൈയാങ്കളിയുണ്ടായി. കളി തീരാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ സമനില കൈവരിക്കാനുള്ള സുവര്‍ണാവസരം അര്‍ജന്റീന പാഴാക്കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ജൂലിയന്‍ ഗിമെനസ് അടിച്ച പന്തും പോസ്റ്റിനു പുറത്തേക്കു പോയി. കളിയുടെ അവസാന നിമിഷത്തില്‍ അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ മത്തിയാസ് ക്യാപുറ്റോയ്ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഇതോടെ മല്‍സരത്തില്‍ ആറു മഞ്ഞക്കാര്‍ഡുകളാണ് റഫറിക്കു പുറത്തെടുക്കേണ്ടിവന്നത്.
Next Story

RELATED STORIES

Share it