thiruvananthapuram local

നഗരത്തില്‍ കുടിവെള്ളം നിലച്ചിട്ട് രണ്ടുനാള്‍: ദുരിതബാധിതരില്‍ ആശുപത്രിയിലെ രോഗികളും

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ നഗരവാസികളുടെ കുടിവെള്ളം മുട്ടിച്ച് വീണ്ടും വാട്ടര്‍ അതോറിറ്റിയുടെ പ്രഹരം.
നഗരത്തില്‍ കുടിവെള്ള വിതരണം നിലച്ചിട്ട് രണ്ടു ദിവസമായി. അറിയിപ്പില്ലാതിരുന്നതിനാല്‍ വെള്ളം ശേഖരിച്ച് വയ്ക്കാനാവാതെ ജനം വലഞ്ഞു. കഴിഞ്ഞദിവസം ഉച്ചയോടെ മുടങ്ങിയ കുടിവെള്ള വിതരണം ഇന്നലെ വൈകിയും പുനസ്ഥാപിക്കാനായില്ല. വെള്ളം മുടങ്ങിയത് മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉള്‍പ്പെടെയുള്ള നഗരത്തിലെ സ്ഥാപനങ്ങളെ കാര്യമായി ബാധിച്ചു. കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലായിരുന്നു രോഗികളും കൂട്ടിരുപ്പുകാരും. അറ്റക്കുറ്റ പണികള്‍ നടക്കുന്നതുകൊണ്ടാണു ജലവിതരണം നിലച്ചതെന്നാണു വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പറയുന്നത്.
അതേസമയം, പെട്ടെന്നുള്ള പൈപ്പ് പൊട്ടലിന്റെ അറ്റകുറ്റപ്പണികള്‍ ഒഴികെയുള്ള പണികള്‍ നഗരവാസികളെ അറിയിക്കാതെ ചെയ്ത വാട്ടര്‍ അതോറിറ്റിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. എന്നാല്‍ അറ്റക്കുറ്റപ്പണികള്‍ക്കായി പമ്പിങ് നിര്‍ത്തിവെക്കുമെന്നു മുന്‍കൂട്ടി മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നുവെന്നാണു വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണം. ജനം ഇതൊട്ട് അറിഞ്ഞതുമില്ല. തൈക്കാട്, വഴുതക്കാട്, തമ്പാനൂര്‍, പട്ടം, പാളയം, പിഎംജി, മെഡിക്കല്‍ കോളജ് തുടങ്ങി നഗരഹൃദയത്തിലെ സ്ഥലങ്ങളിലാണ് വെള്ളക്ഷാമം രൂക്ഷമായത്. അവധി ദിവസമായതിനാല്‍ കുടിവെള്ളം മുടങ്ങിയതു നഗരജീവിതത്തെ സാരമായി ബാധിച്ചു. പല വീട്ടുകാര്‍ക്കും കുടിവെള്ളം നേരത്തെ പിടിച്ചുവയ്ക്കാന്‍ സാധിച്ചില്ല. വെള്ളം നില്‍ക്കുമെന്നു മുന്‍ക്കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ വെള്ളം സൂക്ഷിച്ചുവെയ്ക്കാന്‍ സാധിക്കുമായിരുന്നുവെന്നാണു വീട്ടമ്മമാര്‍ പറയുന്നത്. ഇന്നലെ ഉച്ചയോടെ ആശുപത്രികളിലുള്‍പ്പെടെ വാട്ടര്‍ ടാങ്കുകള്‍ കാലിയായി. ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്തിയെന്ന് വാട്ടര്‍ അതോറിറ്റി അവകാശപ്പെട്ടെങ്കിലും ഇത് പര്യാപ്തമായില്ല. ഇതോടെ പലരും പണം കൊടുത്തു കുടിവെള്ളം വാങ്ങുകയായിരുന്നു. ആശുപത്രികളില്‍ കഴിയുന്നവര്‍ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും കുപ്പിവെള്ളം വാങ്ങേണ്ടിവന്നു. പലവീടുകളിലും കുടിവെള്ളമില്ലാതെ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ജലക്ഷാമം ഹോട്ടലുകളെയും ബാധിച്ചു. ഞായറാഴ്ചകളില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പോലും വെള്ളമില്ലത്തതിനാല്‍ അടച്ചിടേണ്ടി വന്നു.
നഗരത്തിലേക്കു ജലമെത്തിക്കുന്ന അരുവിക്കര ഡാമില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതാണു ജലവിതരണം മുടങ്ങാന്‍ കാരണം.
ഇന്നു രാത്രിയോടു കൂടി ജലവിതരണം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണു വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.
അരുവിക്കരയില്‍ നിര്‍മിച്ചിരിക്കുന്ന പുതിയ ടാങ്കിലേക്കു വെള്ളം മാറ്റുന്നതിനുള്ള പൈപ്പ് നിര്‍മാണജോലികള്‍ക്കു വേണ്ടിയാണു പമ്പിങ് താല്‍ക്കാലികമായി നിര്‍ത്തിയതെന്നു എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ തോമസ് ജേക്കബ് പറഞ്ഞു.
അതേസമയം, ജലവിതരണം തടസ്സപ്പെട്ട പ്രദേശങ്ങളില്‍ വലിയ ടാങ്കറുകളില്‍ വെള്ളമെത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it