Districts

ധാര്‍മികരോഷമുള്ളവര്‍ കെജ്‌രിവാളിനെപ്പോലെ സര്‍വീസ് വിട്ട് പാര്‍ട്ടിയുണ്ടാക്കണം: ഡിജിപി

തിരുവനന്തപുരം: ധാര്‍മികരോഷമുള്ളവര്‍ സര്‍വീസില്‍നിന്ന് പുറത്തുപോയി കെജ്‌രിവാളിനെപ്പോലെ പാര്‍ട്ടിയുണ്ടാക്കി മല്‍സരിക്കണമെന്ന് ഡിജിപി ടി പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ധാര്‍മികരോഷമുള്ളവര്‍ വി പി സിങിനെപ്പോലെയോ അജിത് ജോഗിയെപ്പോലെയോ അഖിലേന്ത്യാ സര്‍വീസില്‍നിന്നു പുറത്തുവരുന്നതാണ് ശരിയെന്നും ഡിജിപി ഫേസ്ബുക്കില്‍ കുറിച്ചു. സര്‍വീസ് പെരുമാറ്റച്ചട്ടം സംബന്ധിച്ച് ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റിനെതിരേ നിരവധിപേര്‍ രംഗത്തെത്തിയതോടെയാണ് വിശദീകരണവുമായി ഡിജിപി വീണ്ടും രംഗത്തെത്തിയത്.
സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുകയും അതേസമയം, തന്റെ ധാര്‍മികരോഷം മുഴുവന്‍ മാധ്യമങ്ങളില്‍ പറയുകയും ചെയ്യുക എന്നതു ശരിയല്ല. ഉദ്യോഗസ്ഥര്‍ക്ക് 'വിസില്‍ബ്ലോവര്‍'മാരാവാം. തങ്ങളുടെ അന്വേഷണ ഫയലിലും മറ്റ് ഔേദ്യാഗിക ചര്‍ച്ചകളിലും അഭിപ്രായങ്ങള്‍ തുറന്നുപറയാം. വേണമെങ്കില്‍ കോടതികളെയും സമീപിക്കാം. ഇതിനൊന്നും ആരും എതിരല്ലെന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അവധാനതയോടെ ചിന്തിക്കാതെ താല്‍ക്കാലികമായ കൈയടികള്‍ക്ക് വശംവദരാവുന്നത് നിയമപരമായി തെറ്റാണെന്നും ആത്യന്തികമായി അപകടകരമാണെന്നും ജേക്കബ് തോമസിന്റെ പ്രതികരണത്തിന് പരോക്ഷ മറുപടിയായി ഡിജിപി പറഞ്ഞു.
സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ ഉദ്യോഗത്തില്‍ ഇരിക്കുമ്പോള്‍ സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയാല്‍ മാത്രമേ മാധ്യമങ്ങള്‍ പ്രാധാന്യം കൊടുക്കാറുള്ളൂ.വിരമിച്ച ഉദ്യോഗസ്ഥര്‍ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ എത്ര പേര്‍ അത് ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യവും സ്മരിക്കണമെന്ന് ഡിജിപി ഓര്‍മിപ്പിച്ചു. ഭരണഘടനയെയും അതനുസരിച്ചുണ്ടാക്കിയിട്ടുള്ള നിയമങ്ങളെയും ആസ്പദമാക്കി പ്രവര്‍ത്തിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്തു വരുന്നവരാണ് പോലിസ് ഉേദ്യാഗസ്ഥര്‍. അതുകൊണ്ടുതന്നെ അതു പരിപാലിക്കേണ്ട ചുമതല അവര്‍ക്കുണ്ട്.
തങ്ങളുടെ 30-35 വര്‍ഷം വരുന്ന സേവനത്തിനിടെ നിരവധി കാര്യങ്ങള്‍ വിവിധ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാറുണ്ട്. അവയില്‍ ചില കാര്യങ്ങള്‍ മാധ്യമങ്ങളോട് നേരിട്ടുസംസാരിക്കുന്നതിന് ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍സ് അനുസരിച്ച് നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ നിബന്ധനകള്‍ മറികടന്ന് ചില കാര്യങ്ങളില്‍ തന്റെ സ്വന്തം നിലപാട് മാധ്യമങ്ങളെ അറിയിക്കുന്നത് ഇത്തരം പെരുമാറ്റച്ചട്ടങ്ങളുടെ നിഷേധമാണ്. പറയുന്നത് സത്യമോ സ്വന്തം അഭിപ്രായമോ എന്നതല്ല കാര്യമെന്നും ഡിജിപി പോസ്റ്റില്‍ പറയുന്നു.
Next Story

RELATED STORIES

Share it