kannur local

ദേശീയപാതയില്‍ സുരക്ഷാ സംവിധാനത്തിന് ധനസഹായം: മന്ത്രി

തളിപ്പറമ്പ്: ദേശീയപാതയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞ്. ദേശീയപാത 17ല്‍ ചിറവക്ക് മുതല്‍ പൂക്കോത്ത് നട വരെയുള്ള ഭാഗം വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കും. വികസനകാര്യങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിനും മന്ത്രിമാര്‍ക്കും രാഷ്ട്രീയമില്ല. നാലു കോടി രൂപയ്ക്കു റോഡ് നിര്‍മിച്ചതിനു 400 കോടിയുടെ പ്രത്യുപകാരം ചെയ്ത നന്‍മയാണ് ഇവിടെയെത്തിയ ജനക്കൂട്ടം സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തളിപ്പറമ്പ് ടൗണിലൂടെ കടന്നുപോവുന്ന ദേശീയപാതയുടെ ചിറവക്ക് മുതല്‍ പൂക്കോത്ത് നടവരെയുള്ള വീതികുറഞ്ഞ ഭാഗത്ത് ഏറെക്കാലമായി ഗതാഗതകുരുക്ക് രൂക്ഷമായിരുന്നു. ഇതിന് പരിഹാരം കാണാനാണ് 4 കോടി ചെലവില്‍ 1400 മീറ്റര്‍ നീളത്തില്‍ പാത നവീകരിച്ചത്.
പാതയോടനുബന്ധിച്ച് വാഹന പാര്‍ക്കിങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നേരത്തേ 7 മുതല്‍ 9 മീറ്റര്‍ വരെ മാത്രം വീതിയുണ്ടായിരുന്ന റോഡ് ഇരുവശങ്ങളിലും വീതികൂട്ടി 15 മീറ്റര്‍ ആക്കിയാണ് മെക്കാഡം ടാറിങ് ചെയ്തത്. നിശ്ചിത സ്ഥാനങ്ങളില്‍ സംരക്ഷണഭിത്തികള്‍, കലുങ്കുകള്‍, ഓവുചാല്‍, നടപ്പാത തുടങ്ങിയവയും നിര്‍മിച്ചു. ഡിവൈഡര്‍ ഉള്‍പ്പെടെയുള്ള റോഡ് സുരക്ഷാസംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹ്മൂദ്, വൈസ് ചെയര്‍പേഴ്‌സണ്‍ വല്‍സല പ്രഭാകരന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ അഫ്‌സത്ത്, റംല പക്കര്‍, എം കെ മനോഹരന്‍, കൗണ്‍സിലര്‍മാരായ കെ മുരളീധരന്‍, വി വി കുഞ്ഞിരാമന്‍, കെ നിഷ, സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി എം മുഹമ്മദ് ബഷീര്‍, അസി. എക്‌സി. എന്‍ജിനീയര്‍ സുനില്‍ കൊയിലേരിയന്‍ തുടങ്ങിയവരും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സംസാരിച്ചു. കണ്ണൂര്‍ ദേശീയപാത വിഭാഗം എക്‌സി. എന്‍ജിനീയര്‍ പി കെ മിനി റിപോര്‍ട്ട് അവതരിപ്പിച്ചു. മന്ത്രിയെ തുറന്ന വാഹനത്തിലാണ് ആനയിച്ചത്.
Next Story

RELATED STORIES

Share it