ദേശീയതയുടെ അടിസ്ഥാനം മതേതരത്വം: ഹാമിദ് അന്‍സാരി

തിരുവനന്തപുരം: ദേശീയതയുടെ അടിസ്ഥാനം മതേതരത്വമാണെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാഴ്ചപ്പാട് ഇതായിരുന്നുവെന്നും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. മതേതരത്വത്തെ ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാനശിലയാക്കി മാറ്റിയതാണ് ജവഹര്‍ലാല്‍ നെഹ്‌റു രാജ്യത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു. ടി എം വര്‍ഗീസ് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഡോ. പി ജെ അലക്‌സാണ്ടര്‍ എഡിറ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു ആന്റ് ദി ഇന്ത്യന്‍ പോളിറ്റി ഇന്‍ പേഴ്‌സ്‌പെക്ടീവ് എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.
മതേതരത്വമെന്ന അടിസ്ഥാനമില്ലാതെ ഇന്ത്യയില്‍ ശരിയായ ദേശീയത സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് നെഹ്‌റുവിന് ഉറപ്പുണ്ടായിരുന്നു. അതില്‍ വെള്ളം ചേര്‍ത്താല്‍ ഇന്ത്യന്‍ ദേശീയതയുടെ അര്‍ഥതലങ്ങള്‍ നഷ്ടപ്പെടും. ആധുനിക ഇന്ത്യയുടെ ശില്‍പി നെഹ്‌റുവായിരുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ പുരോഗമനപരവും ലിബറലുമായ പല നയങ്ങളും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. ഏറ്റവും പ്രധാനപ്പെട്ടതാണ് മതേതരത്വം. വിവിധ മതങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ദേശീയതയ്ക്ക് മതേതരത്വം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. എന്നാല്‍, അത് മതമില്ലാത്ത അവസ്ഥയല്ല. മതത്തെ സാമൂഹികരാഷ്ട്രീയ തലങ്ങളില്‍നിന്നു മാറ്റിനിര്‍ത്തുകയായിരുന്നു ഉദ്ദേശ്യം. മതേതരത്വമെന്നാല്‍ നെഹ്‌റുവിനെ സംബന്ധിച്ച് സാമൂഹികരാഷ്ട്രീയ സന്തുലിതാവസ്ഥയായിരുന്നു. ജാതികള്‍ നയിക്കുന്ന ഒരു സമൂഹത്തിന് ഒരിക്കലും മതേതരമാകാനാവില്ല.
സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്കും അസമത്വത്തിനുമെതിരായുള്ള പോരാട്ടത്തിനും നെഹ്‌റു നേതൃത്വം നല്‍കി. വികസനത്തിനു വേണ്ടി ശാസ്ത്രസാങ്കേതിക മേഖലകളെ വികസിപ്പിച്ചതും ഇന്ത്യക്ക് അദ്ദേഹം നല്‍കിയ സംഭാവനകളില്‍ പ്രമുഖമായിരുന്നു. ഇന്ന് രാജ്യത്തു കാണുന്ന നിരവധി ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കിയത് നെഹ്‌റുവായിരുന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
Next Story

RELATED STORIES

Share it