Kollam Local

ദുരന്തത്തിന് പിന്നാലെ ആശ്വാസത്തിന്റെ കൈത്താങ്ങ്

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന്റെ ചീളുകള്‍ തറച്ചത് ഒട്ടേറെ ജീവിതങ്ങളിലേക്കായിരുന്നു. പല കുടുംബങ്ങളുടേയും താങ്ങും തണലും ആ പൊട്ടിത്തെറിക്കൊപ്പം അകന്നു പോയി. പരവൂര്‍ കൂനയില്‍ വേലിക്കകത്ത് ബെന്‍സി - ബേബി ഗിരിജ ദമ്പതികളുടെ വീട്ടിലേക്ക് അനാഥത്വമായാണ് ദുരന്തം കടന്നു ചെന്നത്.

ഇരുവരുടേയും ജീവനെടുത്ത പുറ്റിങ്ങല്‍ കമ്പം മക്കളായ കൃഷ്ണയെന്ന പെണ്‍കുട്ടിയേയും കിഷോര്‍ എന്ന ആണ്‍കുട്ടിയേയും അനാഥരാക്കി. ഒറ്റപ്പെട്ടന്ന് കരുതി പകച്ചു പോയ കുട്ടികള്‍ ഇന്നിപ്പോള്‍ ജീവിതത്തിലേക്ക് തിരികെയെത്തുകയാണ്. ശിശുക്ഷേമ സമിതിയുടെ സമയോചിത ഇടപെടലാണ് ഈ കുട്ടികള്‍ക്ക് തുണയാകുന്നത്. ഇരുവരെയും ദത്തെടുക്കാനുള്ള തീരുമാനമാണ് ശിശുക്ഷേമ സമിതി കൈക്കൊണ്ടത്. രണ്ടു കുട്ടികളുടേയും പഠനച്ചെലവ്, മാനസിക നില വീണ്ടെക്കുന്നതിനടക്കം ഭാവിലുണ്ടായേക്കാവുന്ന എല്ലാ ചികില്‍സാചെലവുകളും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വേണ്ടി വരുന്ന സഹായവും സൗജന്യമായി നല്‍കാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം.
കൃഷ്ണയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കൂട്ടാകാനും സമിതിയുണ്ടാകും. ഇപ്പോള്‍ ഫുട്‌ബോള്‍ പരിശീലന ക്യാംപില്‍ പങ്കെടുക്കുന്ന കൃഷ്ണയ്ക്ക് തുടര്‍ന്നും അവിടെ പോകാനാകും. അതിന് വേണ്ടി വരുന്ന ചെലവും ശിശുക്ഷേമ സമിതി വഹിക്കും. കുട്ടികളുടെ സംരക്ഷണ ചുമതല മുത്തച്ഛനെയും മുത്തശ്ശിയേയും ഏല്‍പ്പിക്കും. ഇവരുടെ സാന്നിധ്യം ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തി നേടാന്‍ കുട്ടികള്‍ക്ക് സഹായകമാകുമെന്ന് കണ്ടാണ് ഇങ്ങനെ തീരുമാനിച്ചത്. ശിശുപരിപാലന നിയമ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാകും കുട്ടികള്‍ ഇവര്‍ക്കൊപ്പം കഴിയുക. കുട്ടികളുടെ ചെലവ് സംബന്ധിച്ച നടപടികളാകെ ജില്ലാ ശിശുക്ഷേമ ഓഫിസ് വഴിയാകും നിര്‍വഹിക്കുക. ദുരന്തത്തിന് ഇരയായി കഷ്ടതയനുഭവിക്കുന്ന കൂടുതല്‍ കുട്ടികളെ കണ്ടെത്തി കൈത്താങ്ങാകാനും ശിശുക്ഷേമ സമിതി തയ്യാറെടുക്കുകയാണ്. ഇതിനായി സംഭവം നടന്ന പരവൂരില്‍ പ്രത്യേക സിറ്റിങ് നടത്തുന്നുണ്ട്. പരവൂര്‍ നഗരസഭയുമായി ചേര്‍ന്ന് മുനിസിപ്പല്‍ ഹാളില്‍ ഒരാഴ്ചയ്ക്കകം സിറ്റിങ് നടത്തുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ സി ജെ ആന്റണി വ്യക്തമാക്കി.
Next Story

RELATED STORIES

Share it