ദാദ്രി കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് മോദി

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും മൗനം വെടിഞ്ഞു. അഖ്‌ലാഖിനെ കൊലപ്പെടുത്തിയത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ആനന്ദ്ബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദാദ്രി വിഷയത്തില്‍ മോദി പ്രതികരിച്ചത്. നേരത്തേ, രാജ്യത്ത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലടിക്കരുതെന്നും ദാരിദ്ര്യത്തിനെതിരേ പോരാടണമെന്നും ബിഹാറിലെ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവെ ദാദ്രി വിഷയത്തെ പരോക്ഷമായി സൂചിപ്പിച്ച് മോദി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രസംഗത്തില്‍ ദാദ്രി കൊലപാതകം പരാമര്‍ശിക്കാതെ വിഷയത്തെ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമായി ചിത്രീകരിച്ചതില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് മോദിയുടെ ഇന്നലത്തെ പ്രതികരണം.

ദാദ്രി സംഭവം പ്രതിപക്ഷം രാഷ്ട്രീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, പാകിസ്താനി ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ പരിപാടിക്കെതിരേ ശിവസേന രംഗത്തുവന്നതിനെ തുടര്‍ന്ന് ചടങ്ങ് റദ്ദാക്കിയതിനെയും വിമര്‍ശിച്ചു. ദാദ്രിയില്‍ നടന്നതും ഗുലാം അലിയുടെ ചടങ്ങിനു നേരെ ഉയര്‍ന്ന എതിര്‍പ്പുകളും ദുഃഖകരമായ സംഭവങ്ങളാണ്. എന്നാല്‍, ഇക്കാര്യങ്ങളിലെല്ലാം കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നു ചോദിച്ച അദ്ദേഹം, ഇത്തരം സംഭവങ്ങളെ ബിജെപി ഒരിക്കലും പിന്തുണയ്ക്കില്ലെന്നും പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ വാക്കുകള്‍ ശിവസേനയെ പ്രകോപിപ്പിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിം വംശഹത്യയെ കൂട്ടുപിടിച്ചാണ് മോദിക്കെതിരേ ശിവസേനാ നേതാവും എംപിയുമായ സഞ്ജയ് റാവത്ത് രംഗത്തെത്തിയത്. ദാദ്രി വിഷയത്തില്‍ മോദി നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്.

നരേന്ദ്ര മോദിയെ ലോകം അറിയുന്നത് ഗോധ്ര സംഭവത്തിലൂടെയാണ്. അക്കാരണത്താലാണ് ഞങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. അതേ മോദി ഗുലാം അലിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് പറഞ്ഞാല്‍ അത് നിര്‍ഭാഗ്യകരമാണെന്നും സഞ്ജയ് പറഞ്ഞു. അതേസമയം, ദാദ്രി കൊലപാതകം തെറ്റാണെന്നും സംഭവത്തില്‍ കുറ്റക്കാരായവരെ ശിക്ഷിക്കണമെന്നും ബിജെപി അധ്യക്ഷന്‍ അമിത്ഷാ ആവശ്യപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന നിലയില്‍ ബിജെപിക്കും സര്‍ക്കാരിനും ഇതില്‍ ഒന്നും ചെയ്യാനില്ല. മുസഫര്‍നഗര്‍ കലാപത്തില്‍ പങ്കുള്ള ബിജെപി എംഎല്‍എ സംഗീത് സോം ദാദ്രി സന്ദര്‍ശിക്കാന്‍ പാടില്ലായിരുന്നുവെന്നും ഇന്ത്യാടുഡേ ചാനലുമായുള്ള അഭിമുഖത്തില്‍ അമിത്ഷാ പറഞ്ഞു.
Next Story

RELATED STORIES

Share it