Pathanamthitta local

ദലിത് കുടുംബത്തിന് നേരെ ആര്‍എസ്എസ് ആക്രമണം; യുവാവിനും ഭാര്യക്കും എട്ടുമാസമായ കുഞ്ഞിനും പരിക്ക്

പന്തളം: കുളനട പഞ്ചായത്തിലെ മണ്ണാകടവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ദലിത് യുവാവിനെയും കുടുംബത്തെയും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞുനിര്‍ത്തി ആര്‍എസ്എസ് സംഘം ആക്രമിച്ചു. സംഭവത്തില്‍ യുവാവിനും ഭാര്യയ്ക്കും എട്ടുമാസം പ്രായമായ കുഞ്ഞിനും പരിക്കേറ്റു. മണ്ണാകടവ് ചരുവിളയില്‍ പ്രമോദ്(25), ഭാര്യ സുവര്‍ണ(22), മകന്‍ എട്ടുമാസം പ്രായമായ അര്‍ജുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പന്തളം സിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ണാകടവ് ചാങ്ങേത്ത് ആശുപത്രി ജങ്ഷനിലുളള വെയ്റ്റിങ് ഷെഡ്ഡിന് സമീപം ഇന്നലെ വൈകീട്ട് 3.30നായിരുന്നു ആക്രമണം. കുടുംബത്തോടൊപ്പം ബൈക്കില്‍ കുളനടയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രമോദ് ബൈക്ക് വെയിറ്റിങ് ഷെഡ്ഡിന് മുമ്പില്‍ വെച്ചതിന് ശേഷം സമീപമുളള കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വന്ന് ബൈക്കില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ഇവിടെ തമ്പടിച്ചിരുന്ന ആര്‍എസ്എസ് സംഘം തടഞ്ഞ് നിര്‍ത്തി പ്രമോദിനെ മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനത്തെത്തുടര്‍ന്ന് പ്രമോദും കുടുംബവും ബൈക്ക് മറിഞ്ഞ് താഴെവീണു. പ്രമോദിനെ വയറ്റത്തും നാഭിക്കും നിരവധി തവണ ചവിട്ടി. ഭാര്യ തടസ്സം പിടിച്ചപ്പോള്‍ ഭാര്യയുടെ വയറ്റത്തും ചവിട്ടി. തുടര്‍ന്ന് നിലത്ത് വീണ പ്രമോദിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ കുഞ്ഞിനേയും കൊണ്ട് പ്രമോദിന്റെ മുകളില്‍കിടന്ന് തടസ്സപ്പെടുത്തി. ഭാര്യ കുഞ്ഞുമായി പ്രാണരക്ഷാര്‍ത്ഥം സമീപത്തുളള വീട്ടിലേക്ക് ഓടി.
ഭാര്യയെ ആക്രമിക്കാന്‍ സംഘത്തിന്റെ ശ്രദ്ധതിരിഞ്ഞ സമയത്ത് പ്രമോദും ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പ്രമോദ് പന്തളം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരായ നിധീഷ്, ശ്യാമുണ്ണി, കുളങ്ങരയ്ക്കല്‍ ശ്യാം, സോനു, അജിത് എന്നിവരുടെ നേതൃത്വത്തിലുളള ആറംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പ്രമോദ് പോലിസിന് മൊഴി നല്‍കി.
Next Story

RELATED STORIES

Share it