Flash News

ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ജയം; അഫ്ഗാന്‍ പൊരുതി വീണു

മുംബൈ: തുടര്‍ച്ചയായ രണ്ട് മല്‍സരങ്ങളില്‍ തോറ്റെങ്കിലും അഫ്ഗാനിസ്താന് നെഞ്ച് വിരിച്ചു നിന്ന് പറയാം, ഞങ്ങള്‍ തോറ്റത് പൊരുതിയതിനു ശേഷമാണെന്ന്. ഗ്രൂപ്പ് ഒന്നില്‍ ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ ശക്തരായ ദക്ഷിണാഫ്രിക്കയോടാണ് 37 റണ്‍സിന് ക്രിക്കറ്റിലെ കുഞ്ഞന്‍മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഫ്ഗാന്‍ പൊരുതി തോറ്റത്.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മല്‍സരത്തിലും എതിരാളികളെ വിറപ്പിച്ചതിനു ശേഷമാണ് അഫ്ഗാനിസ്താന്‍ പരാജയം സമ്മതിച്ചിരുന്നത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ അഫ്ഗാന്റെ സെമി ഫൈനല്‍ സാധ്യതയും ഏതാണ്ട് അവസാനിച്ചു.
ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയം കൂടിയാണിത്. നേരത്തെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. ജയിക്കാനായെങ്കിലും തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ബൗളര്‍മാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവത്തത് ദക്ഷിണാഫ്രിക്കയെ ഇനി നടക്കാനിരിക്കുന്ന നിര്‍ണായക മല്‍സരങ്ങളില്‍ സമ്മര്‍ദ്ദത്തിലാക്കാനിടയുണ്ട്.
വെടിക്കെട്ട് വീരന്‍ എബി ഡിവില്ലിയേഴ്‌സ് (64) തകര്‍ത്തടിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 209 റണ്‍സ് പടുത്തുയര്‍ത്തി. ട്വന്റി ലോകകപ്പിലെ ഒരു എഡിഷനില്‍ ഒരു ടീം രണ്ടു മല്‍സരങ്ങളില്‍ 200 റണ്‍സിന് മുകളില്‍ നേടുന്നത് ഇത് ആദ്യമായാണ്. 29 പന്തില്‍ അഞ്ച് സിക്‌സറും നാല് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്.
മറുപടിയില്‍ ഉജ്ജ്വല തുടക്കമാണ് അഫ്ഗാന്‍ ഓപണര്‍മാര്‍ നല്‍കിയത്. ഒരുഘട്ടത്തില്‍ 3.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെന്ന നിലയിലായിരുന്നു അഫ്ഗാന്‍. എന്നാല്‍, അപകടകാരിയായ മുഹമ്മദ് ഷെഹ്‌സാദിനെ ക്ലീന്‍ ബൗള്‍ഡാക്കി ക്രിസ് മോറിസ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. പിന്നീട് വന്നവര്‍ക്ക് അധിക നേരം കളം വാഴാന്‍ കഴിയാതെ വന്നതോടെ അഫ്ഗാനിസ്താന്റെ പോരാട്ടം നിശ്ചിത ഓവറില്‍ 172 റണ്‍സിന് അവസാനിക്കുകയായിരുന്നു.
ലോക റാങ്കിങില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ഒരു ടീമിനെതിരേ അസോസിയേറ്റ് രാജ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 19 പന്തില്‍ അഞ്ച് സിക്‌സറിന്റെയും മൂന്ന് ബൗണ്ടറിയുടെയും അകമ്പടിയോടെ 44 റണ്‍സാണ് ഷെഹ്‌സാദിന് അടിച്ചെടുത്തത്. ഗുല്‍ബാഡിന്‍ നയ്ബ് 926), സമീയുല്ല ഷെന്‍വാരി (25), നൂര്‍ അലി സദ്രാന്‍ (25) എന്നിവരും അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ പൊരുതി നോക്കി.
നാലു വിക്കറ്റ് വീഴ്ത്തിയ മോറിസാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. കാഗിസോ റബാണ്ട, കെയ്ല്‍ അബോട്ട്, ഇംറാന്‍ താഹിര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.
നേരത്തെ ഡിവില്ലിയേഴ്‌സിനു പുറമേ ക്വിന്റണ്‍ ഡികോക്ക് 45 (31 പന്ത്, ആറ് ഫോര്‍, രണ്ട് സിക്‌സര്‍), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസ്സിസ് 41 (27 പന്ത്, ഏഴ് ഫോര്‍, ഒരു സിക്‌സര്‍) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് നടത്തിയത്. ദക്ഷിണാഫ്രിക്കന്‍ താരം മോറിസാണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it