'ത്വരിത അന്വേഷണത്തില്‍ അഴിമതി കണ്ടെത്തിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം'

കൊച്ചി: അഴിമതിക്കേസുകളില്‍ വിജിലന്‍സിന്റെ ത്വരിത അന്വേഷണത്തില്‍ കുറ്റകൃത്യമുണ്ടെന്നു കണ്ടാല്‍കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി. ഇതിനായി ഉന്നത തല ഉത്തരവിന് കാത്തിരിക്കേണ്ടെതില്ലെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ വ്യക്തമാക്കി. പാല മാര്‍ക്കറ്റിങ് കോ- ഓപറേറ്റീവ് സൊസൈറ്റിയില്‍ പൊതുജനങ്ങള്‍ നിക്ഷേപിച്ച 59 കോടിയിലേറെ രൂപ നഷ്ടപ്പെട്ട കേസില്‍ വിജിലന്‍സ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം.
സൊസൈറ്റിയുടെ ഊര്‍ജിത നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് പണം നിക്ഷേപിച്ചത്. എന്നാല്‍ ഭരണസമിതിയും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് തുക തിരിമറി നടത്തിയെന്നും 2014-15 ലെ ഓഡിറ്റ് പ്രകാരം ഓഹരി മൂലധനത്തിന്റെ 24 മടങ്ങ് നഷ്ടം സൊസൈറ്റിക്കുണ്ടെന്നും ഹരജിക്കാരന്‍ പറയുന്നു.
പണം നഷ്ടപ്പെട്ടതു ചൂണ്ടിക്കാട്ടി വിജിലന്‍സിനു നല്‍കിയ പരാതിയില്‍ ത്വരിത അന്വേഷണം നടത്തി വിജിലന്‍സ് സംഘം റിപോര്‍ട്ട് നല്‍കിയിരുന്നു. ആരോപണങ്ങള്‍ ശരിയാണെങ്കിലും അന്വേഷണം സഹകരണ വകുപ്പിലെ വിജിലന്‍സ് വിഭാഗത്തിന് കൈമാറിയാല്‍ മതിയെന്ന ശുപാര്‍ശയാണ് ത്വരിത അന്വേഷണ റിപോര്‍ട്ടിലുണ്ടായിരുന്നത്. വിജിലന്‍സിന്റെ ത്വരിത അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് സംഘം ഉന്നതതല ഉത്തരവിന് കാത്തിരിക്കുകയാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഇത്തരം കേസുകളില്‍ തെളിവുണ്ടെന്ന് കണ്ടാല്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it