Districts

തോട്ടം തൊഴിലാളികളുടെ കൂലിവര്‍ധന നടപ്പാക്കും

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലിവര്‍ധന നടപ്പാക്കാന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം.  കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ണയിച്ച വര്‍ധനവ്  ഈ മാസം മുതല്‍ തേയിലയ്ക്കും ഏലത്തിനും റബറിനും നടപ്പാക്കാനാണ് ഇന്നലെ തീരുമാനമായത്. എന്നാല്‍, ബോണസ് സംബന്ധിച്ച തീരുമാനം പിന്നീടാവും ഉണ്ടാവുകയെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. കൂലിവര്‍ധന തൊഴിലാളികളും ട്രേഡ് യൂനിയനുകളും അംഗീകരിച്ചു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സര്‍ക്കാരിനെ സഹായിക്കാനായിരുന്നു കൂലി കൂട്ടാമെന്ന് നേരത്തേ സമ്മതിച്ചതെന്നും വര്‍ധന നടപ്പാക്കില്ലെന്നും കഴിഞ്ഞ ദിവസം അസോസിയേഷന്‍ ഓഫ് പ്ലാന്റേഷന്‍ ഓഫ് കേരള നേതാക്കള്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തുടര്‍ന്ന്, വാക്കു പാലിച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുമെന്ന നിലപാടുമായി തൊഴിലാളികളും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് മുന്‍ തീരുമാനം നടപ്പാക്കണമെന്ന കര്‍ശന നിലപാടില്‍ സര്‍ക്കാരും ഉറച്ചുനിന്നത്. ഒക്ടോബര്‍ 14നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കൂലിവര്‍ധന സംബന്ധിച്ചു തീരുമാനമായത്. തേയിലയ്ക്ക് 232ല്‍ നിന്ന് 301 ആയും ഏലത്തിന് 267ല്‍ നിന്ന് 330 ആയും റബറിന് 317ല്‍ നിന്ന് 381 ആയും വര്‍ധിപ്പിക്കാനായിരുന്നു ധാരണ. കൂലിവര്‍ധന നടപ്പാക്കിയിട്ടേ മറ്റു കാര്യങ്ങളില്‍ ചര്‍ച്ചയുള്ളൂവെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നതായും മന്ത്രി അറിയിച്ചു. കൂലിവര്‍ധന നടപ്പാക്കാമെന്ന് ഉടമകള്‍ സമ്മതിച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും സര്‍ക്കാരിന് അറിയാം. എങ്കിലും ഈ നിലപാടില്‍ നിന്നു പിന്നോട്ടില്ല. അതേസമയം, ബോണസ് വര്‍ധന സംബന്ധിച്ച് ബോണസ് ആക്ട് പ്രകാരം മാത്രമേ തീരുമാനമെടുക്കാനാവൂ. അതു സംബന്ധിച്ച്് അടുത്ത പിഎല്‍സിയിലോ അതിനു ശേഷമോ ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൂലി വര്‍ധിപ്പിക്കുമെങ്കിലും കൈ കൊണ്ടുള്ള കൊളുന്തു നുള്ളലിന്റെ അളവ് വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍, ഉപകരണം ഉപയോഗിച്ചുള്ള വെട്ടലിന്റെ ഉല്‍പാദനക്ഷമതാ വര്‍ധനവ് സംബന്ധിച്ച് അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും- മന്ത്രി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും അതിനാല്‍ തീരുമാനം അംഗീകരിക്കുന്നതായും തോട്ടമുടമകള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it