തൊഴിലാളി സമരം അക്രമാസക്തമായി: ബംഗളൂരുവില്‍ ബസ്സുകള്‍ കത്തിച്ചു; പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചു

ബംഗളൂരു: ബംഗളൂരുവില്‍ പുതിയ പ്രൊവിഡന്റ് ഫണ്ട് ചട്ടങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന തുണി ഫാക്ടറി തൊഴിലാളികള്‍ അക്രമാസക്തരായി. പ്രക്ഷോഭകര്‍ നിരവധി വാഹനങ്ങള്‍ കത്തിച്ചു. പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചു. ഹെബ്രഗൊഡി പോലിസ് സ്‌റ്റേഷനുനേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കത്തിച്ചു. യൂനിയനുകളുടെ കീഴിലല്ലാതെയാണ് തൊഴിലാളികള്‍ രണ്ടാം ദിവസമായ ഇന്നലെ സമരത്തിനിറങ്ങിയത്. സമരക്കാരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
കര്‍ണാടക സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ രണ്ടു ബസ്സുകളും ബംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ഒരു ബസ്സും കത്തിച്ചാമ്പലായിട്ടുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബസ്സുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. ബന്നര്‍ഘട്ട, ജലഹള്ളി ക്രോസ് എന്നിവിടങ്ങളിലും ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്‌ട്രോണിക് നഗരത്തിനടുത്തും ആക്രമണങ്ങള്‍ നടന്നതായി റിപോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാണെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ എന്‍ എസ് മേഘരിഖ് അറിയിച്ചു. പണിമുടക്കില്‍ തുണി ഫാക്ടറി തൊഴിലാളികള്‍ക്കൊപ്പം മറ്റു തൊഴിലാളികളും ചേര്‍ന്നതായി അദ്ദേഹം പറഞ്ഞു.
ബംഗളൂരുവില്‍ 12 ലക്ഷത്തിലേറെ തുണി ഫാക്ടറി തൊഴിലാളികളുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണം വിട്ട ഹെബ്രഗൊഡിയിലും ജലഹള്ളിയിലും കൂടുതല്‍ പോലിസിനെ വിന്യസിച്ചതായി സംസ്ഥാന ഡിജിപി ഓം പ്രകാശ് അറിയിച്ചു. പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണ്. പൊതുസ്വത്ത് നശിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡിജിപി പറഞ്ഞു.
സമരക്കാര്‍ക്കെതിരേ തിങ്കളാഴ്ച പോലിസ് നേരിയ ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. സമരക്കാരുടെ കല്ലേറില്‍ നാല് പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമം ഭേദഗതി ചെയ്യുന്നത് പ്രൊവിഡന്റ് ഫണ്ടില്‍ ഉടമകളുടെ സംഭാവന വിഹിതത്തില്‍ തങ്ങള്‍ക്കുള്ള അവകാശം എടുത്തുകളയുമെന്നാണു തൊഴിലാളികളുടെ ആശങ്ക.
Next Story

RELATED STORIES

Share it