kannur local

തെരുവുനായ ശല്യം: നടപടികള്‍ വിശദീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കണ്ണൂര്‍: അക്രമകാരികളായ തെരുവുനായ്ക്കളില്‍നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന കാര്യം വിശദീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.
നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ സഹായത്തിനായി സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ജില്ലാ കലക്ടറോടും അഴീക്കോട് പഞ്ചായത്ത് സെക്രട്ടറിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടു. അഴീക്കോട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയടക്കം നിരവധി പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റ സംഭവത്തില്‍ സ്വമേധയാ കേസെടുത്താണ് മനുഷ്യവകാശ കമ്മീഷനംഗം അഡ്വ. കെ മോഹന്‍കുമാര്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങില്‍ ഉത്തരവിട്ടത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ് പദ്ധതി സംസ്ഥാന സിലബസ് സ്‌കൂളുകളിലും നടപ്പാക്കണമെന്ന ആവശ്യത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയില്‍നിന്ന് വിശദീകരണം തേടാന്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്തെ ടിമ്പര്‍-തടി തൊഴിലാളികള്‍ക്ക് മിനിമംകൂലി നടപ്പാക്കണമെന്ന ആവശ്യത്തില്‍ തൊഴില്‍ വകുപ്പ് സെക്രട്ടറിയില്‍നിന്നും കാര്‍ഷിക വായ്പകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ ധനകാര്യ സെക്രട്ടറിയില്‍നിന്നും റിപോര്‍ട്ട് തേടും. ഇരിട്ടി പോലിസ് സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കുന്നുവെന്ന പരാതിയില്‍ ജില്ലാ കലക്ടറോടും ജില്ലാ പോലിസ് മേധാവിയോടും റിപോര്‍ട്ട് ആവശ്യപ്പെട്ടു. സിറ്റിങില്‍ ആകെ 110 പരാതികള്‍ പരിഗണിച്ചു.
Next Story

RELATED STORIES

Share it