ernakulam local

തെക്കന്‍ മാലിപ്പുറത്ത് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മെഴുകുതിരി യൂനിറ്റ് കത്തി നശിച്ചു

വൈപ്പിന്‍: തെക്കന്‍മാലിപ്പുറത്ത് ഇന്നലെ രാവിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മെഴുതിരി നിര്‍മാണ യൂണിറ്റ് കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല.
സംസ്ഥാന പാതയ്ക്കരികിലുള്ള ചക്കാലക്കല്‍ മേരി ആന്റണിയുടെ വീടിനോടു ചേര്‍ന്ന ഷെഡിലായിരുന്നു മകള്‍ ലിന്‍സി റീറ്റയുടെ പേരിലുള്ള മെഴുകുതിരി നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ ലിന്‍സിയുടെ സഹോദരന്‍ സണ്ണി മെഴുക് ഉരുക്കുന്നതിനുവേണ്ടി ഗ്യാസ് സ്റ്റൗവ് ഓണ്‍ചെയ്ത്— കുറച്ചു കഴിഞ്ഞപ്പോള്‍— റെഗുലേറ്ററില്‍ നിന്നു തീ പടരുകയായിരുന്നു.
ഗ്യാസ് ഓഫ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആളിപ്പടര്‍ന്ന തീ ഷെഡിലെ മെഴുകിലേക്കും മേല്‍ക്കൂരയിലേക്കും പടര്‍ന്നുകൊണ്ടിരിക്കേ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഷെഡ് പൂര്‍ണമായും വീടിന്റെ ഒരു വശവും തകര്‍ന്നു. വീട് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചിരുന്നതിനാല്‍ വീട്ടുകാര്‍ വാടകവീട്ടിലേക്കു മാറിയിരുന്നു. വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന സിലിണ്ടറിന്റെ മുകള്‍ഭാഗം തെറിച്ച് സംസ്ഥാനപാതയില്‍ വീണു.
ഷെഡിലുണ്ടായിരുന്ന മെഴുകും മെഴുകു തിരികളും പാക്കറ്റുകളും നശിച്ചു. ഷെഡിനോടു ചേര്‍ന്നിരുന്ന ആക്ടിവ സ്‌കുട്ടറിനും തീപ്പിടിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു തീ പടരുന്നതു തടഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. ക്രിസ്തുമസ് ആഘോഷത്തിനായി വന്‍തോതില്‍ മെഴുകുതിരി നിര്‍മിച്ചിരുന്നു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നു കണക്കാക്കുന്നു.
വികലാംഗയായ ലിന്‍സി റീറ്റയുടെ സ്റ്റാര്‍ ലൈറ്റ് എന്ന പേരിലുള്ളതാണ് മെഴുകുതിരി യൂനിറ്റ്. ഗാന്ധി— നഗറില്‍നിന്നും പ്രസ്‌ക്ലബ് റോഡില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂനിറ്റ് എത്തി തീ പൂര്‍ണമായും അണച്ചു. സ്‌റ്റേഷന്‍ ഓഫിസര്‍ കെ എസ് ജോജി, സാബു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് എത്തിയത്.
Next Story

RELATED STORIES

Share it