kasaragod local

തീപ്പിടിത്തം വ്യാപകമാവുന്നു; വിശ്രമമില്ലാതെ അഗ്‌നിശമന സേന

കാസര്‍കോട്: ജില്ലയില്‍ തീപ്പിടിത്തം വ്യാപകമായതോടെ അഗ്‌നിശമന സേന വിശ്രമമില്ലാതെ ഓടുകയാണ്. പാറപ്പുറത്തെ പുല്‍മേടുകളിലും നഗരപ്രദേശത്തും തീപ്പിടിത്തം വ്യാപകമായതോടെ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് വിശ്രമമില്ലാത്ത ദിവസങ്ങളാണ്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ വേനല്‍കാലത്ത് അഗ്‌നിശമന സേനാ ജീവനക്കാര്‍ക്ക് അവധിപോലും എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ജില്ലയില്‍ കാസര്‍കോട്, ഉപ്പള, കുറ്റിക്കോല്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങിളിലാണ് ഫയര്‍‌സ്റ്റേഷനുകള്‍ ഉള്ളത്. കാസര്‍കോട് ഈ വേനല്‍കാലത്ത് ഇതുവരെ 106 തീപ്പിടിത്തങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.
കാഞ്ഞങ്ങാട് 62 തീപ്പിടിത്തങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ രണ്ട് വാഹനങ്ങളുണ്ടെങ്കിലും ഒരു പഴഞ്ചന്‍ വാഹനം ഉപയോഗിക്കാന്‍ പറ്റാത്തതാണ്. പുതിയ വാഹനം അനുവദിച്ചതായി ആഭ്യന്തരമന്ത്രി ഉത്തരവിട്ട് മാസങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇവിടെ വാഹനം എത്തിയില്ല. ഇവിടെ സ്ഥിരമായി അഞ്ച് ഫയര്‍മാന്‍മാര്‍ മാത്രമാണുള്ളത്. പത്ത് പേര്‍ പരിശീലനത്തിലാണ്. കുറ്റിക്കോലില്‍ 19 തീപ്പിടിത്തമുണ്ടായിട്ടുണ്ട്.
സ്റ്റേഷന്‍ മാസ്റ്ററുടേയും രണ്ട് ഫയര്‍മാന്‍മാരുടേയും കുറവുണ്ട്. തൃക്കരിപ്പൂരില്‍ ഇതുവരെ 33 തീപ്പിടിത്തങ്ങളുണ്ടായിട്ടുണ്ട്. ഡ്രൈവറുടേയും ഓഫിസറുടേയും അഞ്ച് ജീവനക്കാരുടേയും കുറവുണ്ട്. ഉപ്പളയിലും 30 തീപ്പിടിത്തം ഉണ്ടായിട്ടുണ്ട്. പുതിയ ജീവനക്കാരെ എടുത്തതില്‍ പരിശീലനത്തിലായതിനാല്‍ ഓഫിസില്‍ ആളില്ലാത്തതാണ് ഫയര്‍ സ്റ്റേഷനുകളെ വലക്കുന്നത്.
ഒഴിവ് വരുന്ന പോസ്റ്റിലേക്ക് പലപ്പോഴും പുതിയ നിയമനം നടത്തുകയാണ് പതിവ്. അങ്ങനെ വരുമ്പോള്‍ ഒരു വര്‍ഷത്തോളമുള്ള പരിശീലനത്തിനു ശേഷം മാത്രമേ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. തസ്തികയിലേക്ക് പുതിയ ആളെ നിയമിച്ചെങ്കിലും പരിശീലന ക്യാംപുകളില്‍ ആയതിനാല്‍ ഓഫിസില്‍ ആളില്ലാത്ത അവസ്ഥയാണ്. വടക്കന്‍ ജില്ലകളില്‍ നിന്നുമുള്ളവര്‍ ഈ മേഖലയില്‍ കുറവായത് കൊണ്ടും മലബാര്‍ പ്രദേശങ്ങളില്‍ കൂടുതലായി ഒഴിവുകള്‍ ഉണ്ടാകുന്നു.
നിലവില്‍ ഏറ്റവും കൂടുതല്‍ തീപിടുത്തം കാസര്‍കോടാണ് റിപോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറാണ് ജോലി സമയമെങ്കിലും പലപ്പോഴും അതില്‍ കൂടുതല്‍ ജോലിയെടുക്കേണ്ട അവസ്ഥയാണ്. ആഴ്ചയില്‍ ലഭിക്കേണ്ട അവധി പോലും പലപ്പോഴും ലഭിക്കാറില്ല. വേനല്‍ കടുക്കുന്നതോടെ നെട്ടോട്ടമോടുകയാണ് അഗ്‌നിശമനസേന.
Next Story

RELATED STORIES

Share it