Editorial

തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെപ്പറ്റി

പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതാണ് അഭികാമ്യം എന്ന് ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിക്കുകയുണ്ടായി. തിരഞ്ഞെടുപ്പുകളുടെ പേരില്‍ ഉണ്ടാവുന്ന അമിതമായ ചെലവുകളും അഴിമതിയും കുറയ്ക്കാനും പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ അത്യാവശ്യമായ നയതീരുമാനങ്ങള്‍പോലും എടുക്കുന്നതു മാറ്റിവയ്‌ക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനും ഒരു പരിധിവരെ ഇത്തരത്തിലുള്ള സംവിധാനത്തില്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുകയുണ്ടായി.
തിരഞ്ഞെടുപ്പുകള്‍ പണക്കൊഴുപ്പിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും വേദിയായി മാറുന്നുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്ന ദിനം മുതല്‍ പെരുമാറ്റച്ചട്ടം നടപ്പിലാവുന്നതുവഴി ഭരണകൂടത്തിന്റെ പ്രവര്‍ത്തനം നിശ്ചലമാവുന്നതും സ്ഥിരം കാഴ്ചയാണ്. ഇത്തവണ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരേ സമയമാണു പ്രഖ്യാപിച്ചത്. അതോടെ കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നടപ്പില്‍വന്നു. മൂന്നുമാസത്തിനപ്പുറം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പേരില്‍ മുന്‍കൂട്ടി പെരുമാറ്റച്ചട്ടം നടപ്പാക്കിയപ്പോള്‍ കേരളത്തില്‍ കുടിവെള്ള വിതരണംപോലും കുഴപ്പത്തിലായി. ഇത്തരം പ്രതിസന്ധികളുടെയും അസൗകര്യങ്ങളുടെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഉന്നയിച്ച നിര്‍ദേശം പരിഗണിക്കേണ്ടതുതന്നെയാണ്.
പക്ഷേ, അതു പ്രായോഗികമാക്കുന്നത് എളുപ്പമല്ല. ഏതെങ്കിലും കാരണവശാല്‍ ഒരു സംസ്ഥാനത്ത് രാഷ്ട്രീയപ്രതിസന്ധിയുണ്ടായി ഭരണകൂടം രാജിവയ്ക്കുകയും പകരം പുതിയൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വരുകയും ചെയ്താല്‍ അത്തരം സംസ്ഥാനങ്ങളില്‍ പിന്നീട് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതുവരെ രാഷ്ട്രപതിഭരണം എന്ന അവസ്ഥയാണ് അതിലൂടെ സംജാതമാവുക. ഇന്ത്യയിലാവട്ടെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധതരത്തിലുള്ള പ്രതിസന്ധികളും രാഷ്ട്രീയ അനിശ്ചിതത്വവും നിത്യജീവിതത്തിന്റെ ഭാഗവുമാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ കേന്ദ്രഭരണം നടത്തുന്ന പാര്‍ട്ടിക്ക് സംസ്ഥാനങ്ങളുടെമേല്‍ അമിതാധികാരപ്രയോഗം നടത്താനുള്ള സൗകര്യമാണ് അതിലൂടെ സിദ്ധിക്കുന്നത്.
ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നത് പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിലവിലുണ്ട്. എന്നാല്‍, ഇന്ത്യയില്‍ പാര്‍ലമെന്ററി ഭരണമാണ് നിലനില്‍ക്കുന്നത്. ഇടക്കാല തിരഞ്ഞെടുപ്പുകള്‍ ഈ സംവിധാനത്തില്‍ അനിവാര്യമാണ്. രാജ്യത്ത് പ്രസിഡന്‍ഷ്യല്‍ സംവിധാനം കൊണ്ടുവരാനുള്ള ബിജെപിയുടെ താല്‍പര്യം പുതിയതല്ല. പാര്‍ലമെന്ററി സംവിധാനത്തോടുള്ള അവരുടെ വിരോധത്തിനു കാരണം അത് ന്യൂനപക്ഷങ്ങള്‍ക്കു കൂടുതല്‍ പ്രാതിനിധ്യവും അവസരവും ഉറപ്പുനല്‍കാന്‍ പര്യാപ്തമാണ് എന്നതുതന്നെയാണ്. വൈജാത്യങ്ങളെ ഉള്‍ക്കൊള്ളാനും വ്യത്യസ്ത ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങളും സാന്നിധ്യവും ഉറപ്പുവരുത്താനും നിലവിലുള്ള സംവിധാനമാണു കൂടുതല്‍ പ്രായോഗികം. ഈ സാഹചര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം അത്ര നിരുപദ്രവകരമായ ഒന്നല്ല എന്നുതന്നെ വിലയിരുത്തേണ്ടിവരും.
Next Story

RELATED STORIES

Share it