തിരഞ്ഞെടുപ്പ് ആവേശത്തില്‍ മുംബൈ മലയാളികളും

മുഹമ്മദ് പടന്ന

മുംബൈ: കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ വസിക്കുന്ന ഇടമാണ് മുംബൈ. ഇക്കുറി വേനലവധിക്ക് തന്നെ തിരഞ്ഞെടുപ്പ് വന്നതുകൊണ്ട് നാട്ടിലെ രാഷ്ട്രീയ വീര്യം നേരിട്ടാസ്വദിക്കാന്‍ പലര്‍ക്കും അവസരം കിട്ടും. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ മുസ്‌ലിം ലീഗിനു മാത്രമാണ് മുംബൈയില്‍ ഗണ്യമായ വോട്ടുബാങ്കുള്ളത്. അതുകൊണ്ട് തന്നെ ലീഗിലെ രണ്ടു സിറ്റിങ് എംഎല്‍എമാര്‍ നഗരത്തിലെത്തി വോട്ടഭ്യര്‍ഥിച്ച് മടങ്ങി.
കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലത്തിലെ നിര്‍ണായക വോട്ടുകളുള്ള മുംബൈയില്‍, എന്‍ എ നെല്ലിക്കുന്നിനും പി ബി അബ്ദുല്‍ റസാക്കിനും വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്. ഇരുവര്‍ക്കും വോട്ടു ചെയ്യാനായി പ്രത്യേക ബസ് പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുംബൈ കെഎംസിസി ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞകാലങ്ങളില്‍ ഇത്തരത്തില്‍ ഒട്ടേറെ തവണ വോട്ടുവണ്ടി കേരളത്തിലേക്ക് പോയിട്ടുണ്ട്. അടുത്തിടെ രൂപീകൃതമായ മുംബൈ കെഎംസിസിയാണ് യുഡിഎഫ് പ്രചാരണത്തിന് ചുക്കാന്‍പിടിക്കുന്നത്. നേതാക്കളായ അസീസ് മാണിയൂര്‍, സി എച്ച് അബ്ദുര്‍റഹ്മാന്‍, ടി കെ സി മുഹമ്മദലി ഹാജി, വി കെ സൈനുദ്ദീന്‍, കെ കുഞ്ഞബ്ദുല്ല, കെ എം റഹ്മാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍. ലീഗിനെ കൂടാതെ എസ്ഡിപിഐ, പിഡിപി, ഐഎന്‍എല്‍ എന്നിവര്‍ക്കും നഗരത്തില്‍ മോശമല്ലാത്ത രീതിയില്‍ വോട്ടര്‍മാരുണ്ട്.
Next Story

RELATED STORIES

Share it