ernakulam local

താന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സോളാര്‍ കമ്മീഷനില്‍ സരിത

കൊച്ചി: സോളാര്‍ ബിസിനസുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോള്‍ പല രാഷ്ട്രീയ നേതാക്കളും സഹായിക്കാമെന്ന് വാക്കുതന്ന് ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്ന് സരിത എസ് നായര്‍. എറണാകുളം സാമ്പത്തിക കുറ്റവിചാരണക്കോടതി മജിസ്‌ട്രേട്ട് എന്‍ വി രാജുവിനോട് താനിക്കാര്യം പറഞ്ഞിട്ടുണ്ടെന്നും താന്‍ ബലാല്‍സംഗത്തിനിരയായിട്ടുണ്ടെന്നും സരിത ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് അമ്മ ഇന്ദിരാ നായര്‍, മുന്‍മന്ത്രി ആ ബാലകൃഷ്ണപിള്ള, മുന്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജ്, മുന്‍മന്ത്രി ഗണേഷ്‌കുമാറിന്റെ പി എ ബി പ്രദീപ്കുമാര്‍, ബാലകൃഷ്ണപിളളയുടെ മരുമകന്‍ സി മനോജ്കുമാര്‍ എന്നിവര്‍ കമ്മീഷനു നല്‍കിയ മൊഴിയില്‍ ഭൂരിപക്ഷവും വസ്തുതാപരമാണെന്നും സരിത പറഞ്ഞു. പെരുമ്പാവൂര്‍ പോലിസിന്റെ കസ്റ്റഡിയിലിരിക്കേ താനെഴുതിയ കത്തു തന്നെയാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ കത്തിനൊപ്പം ചില നോട്‌സുമുണ്ടായിരുന്നു. ആ നോട്‌സിലാണ് ജോസ് കെ മാണി എംപിയെക്കുറിച്ച് പറയുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ കത്ത് ഉയര്‍ത്തിക്കാട്ടി പേജുകള്‍ മറിച്ചപ്പോള്‍ അതിനൊപ്പമുള്ള നോട്‌സ് ചില ഫോട്ടോഗ്രാഫര്‍മാര്‍ കാമറയില്‍ പകര്‍ത്തിയിരുന്നു. ഇതാണ് കത്തിലുള്ളതായി പലരും പ്രചരിപ്പിച്ചത്. താനെഴുതിയ കത്ത് പത്തനം—തിട്ട ജയിലില്‍നിന്ന് ഫെനി വഴി പ്രദീപ്കുമാറിന്റെ കൈവശം നല്‍കിയിരുന്നു. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് നല്‍കാന്‍ വേണ്ടിയാണ് കത്തെഴുതിയത്. എന്നാല്‍ കത്ത് ഫെനിയും പ്രദീപ്കുമാറും ശരണ്യമനോജും വെള്ളയമ്പലത്തെ വീട്ടില്‍വച്ച് മറ്റ് മൂന്നുപേരും വായിച്ചിരുന്നുവെന്ന് പിന്നീടാണറിഞ്ഞത്. ആര്‍ ബാലകൃഷ്ണപിള്ള നിര്‍ബന്ധിച്ചതിനാല്‍ കത്ത് പി സി ജോര്‍ജിനെയും കാണിച്ചിട്ടുണ്ട്. അമ്മയും കത്ത് വായിച്ചിരുന്നു. പിന്നീട് പി സി ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോയി കണ്ടപ്പോള്‍ കത്തില്‍ പറയുന്നവര്‍ക്കതിരേ കേസിനു പോവാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കത്തില്‍ മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍,എംഎല്‍എമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവരെപ്പറ്റി പറയുന്നുണ്ട്. കത്തില്‍ എറണാകുളത്തുള്ള ഒരു എംഎല്‍എയ്ക്ക് അഞ്ചുലക്ഷം രൂപ നല്‍കിയതായി പറയുന്നുണ്ട്. അതെക്കുറിച്ച് അടുത്ത ദിവസം കമ്മീഷനില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്നും സരിത പറഞ്ഞു
Next Story

RELATED STORIES

Share it