തളിപ്പറമ്പില്‍ സ്റ്റുഡിയോയ്ക്ക് തീയിട്ടു

തളിപ്പറമ്പ്: വാട്‌സ്ആപ്പ് ഗ്രൂപ്പ് ചര്‍ച്ചയ്ക്കിടെ ഇസ്‌ലാംവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപണമുയര്‍ന്നയാളുടെ സ്റ്റുഡിയോ തീയിട്ടുനശിപ്പിച്ചു. സിപിഎം അനുഭാവിയായ പുളിമ്പറമ്പ് സ്വദേശി പാറോട്ടകത്ത് റഫീഖിന്റെ തളിപ്പറമ്പ് നഗരസഭാ ഓഫിസിന് സമീപത്തുള്ള ഒബ്‌സ്‌ക്യൂറ സ്റ്റുഡിയോയാണ് ഇന്നലെ പുലര്‍ച്ചെ കത്തിനശിച്ചത്.
ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. എട്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പരാതിയില്‍ പറയുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇസ്‌ലാമിനെ കുറിച്ചു നടത്തിയ പരാമര്‍ശത്തെ ചൊല്ലി വിദേശത്തു നിന്നുള്‍പ്പെടെ ഭീഷണിയുണ്ടായിരുന്നുവെന്നും തീവയ്പിനു പിന്നില്‍ ഇതിനു ബന്ധമുണ്ടെന്നാണു സംശയമെന്നും റഫീഖ് പോലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. 'വാട്ട് ഈസ് ഇസ്‌ലാം' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന പര്‍ദ്ദയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ഇസ്‌ലാംവിരുദ്ധ പരാമര്‍ശമുണ്ടായത്. അന്നുമുതല്‍ ഭീഷണിയുണ്ടായെന്നും തന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും റഫീഖ് പരാതിയില്‍ പറയുന്നു. മൂന്നു വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സ്റ്റുഡിയോയില്‍ ഈയിടെ ഓഡിയോ-വീഡിയോ റിക്കാഡിങ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. മൂന്ന് മുറികളിലായാണു സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. മുറികളിലെ ഫര്‍ണിച്ചറുകളും കാമറകളും ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും അഗ്‌നിക്കിരയായി.
പരിസരവാസികളിലൊരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ അഗ്‌നിശമന സേനയാണ് തീയണച്ചത്. ഭീഷണികള്‍ വന്ന ഫോണ്‍ നമ്പറുകളും റഫീഖ് പോലിസിന് കൈമാറിയിട്ടുണ്ട്. തളിപ്പറമ്പ് ഡിവൈഎസ്പി എ സുരേന്ദ്രന്‍, സിഐ കെ വിനോദ്കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it