തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം വീണ്ടും

ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ഡിഎംകെയും സഖ്യമായി മല്‍സരിക്കും. ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നത്തെച്ചൊല്ലി ഇരുകക്ഷികളും ഒമ്പതു വര്‍ഷം നീണ്ട സഖ്യം പിരിഞ്ഞത് 2013ലാണ്. എന്നാല്‍, ആ വിഷയം തമസ്‌കരിച്ചുകൊണ്ട് ഒന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം.
ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് സഖ്യം യാഥാര്‍ഥ്യമായത്. കോണ്‍ഗ്രസ്സിന് ഏറ്റവും ആശ്രയിക്കാവുന്ന പ്രാദേശിക പാര്‍ട്ടിയാണ് ഡിഎംകെ എന്ന് കരുണാനിധിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ആസാദ് വാര്‍ത്താലേഖകരോടു പറഞ്ഞു. കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ വച്ചായിരുന്നു ആസാദ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്.
ഇരുകക്ഷികളും വീണ്ടും കൈകോര്‍ക്കാന്‍ 2013നും 16നുമിടയില്‍ എന്താണ് മാറ്റം സംഭവിച്ചത് എന്നു ചോദിച്ചപ്പോള്‍ രാഷ്ട്രീയ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുമാണെന്ന് ആസാദ് പറഞ്ഞു.
ആദ്യമായല്ല ഡിഎംകെയും കോണ്‍ഗ്രസ്സും സഖ്യമുണ്ടാക്കുന്നത്. മുമ്പും ഇരുകക്ഷികളും ഒന്നിച്ച് മല്‍സരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ചില സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും പരിഗണിക്കേണ്ടിവരും. രാജീവ്ഗാന്ധിയുടെയും ഇന്ദിരാഗാന്ധിയുടെയും കാലംതൊട്ട് ഡിഎംകെ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയായിട്ടുണ്ട്. ആസാദ് പറഞ്ഞു.
വിജയകാന്തിന്റെ ഡിഎംഡികെയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ഡിഎംകെയുടെ തീരുമാനത്തിനു വിടുകയാണ്. ഡിഎംകെയുടെ നേതൃത്വത്തിലാണ് മുന്നണിയുടെ മല്‍സരം. തിരഞ്ഞെടുപ്പില്‍ സഖ്യം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്ക—ക്കെതിരേ യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ യുഎസ് ആഭിമുഖ്യത്തിലുള്ള പ്രമേയത്തില്‍ കടുത്ത ഭേദഗതി ഉള്‍ക്കൊള്ളിക്കണമെന്ന ആവശ്യവുമായി ഉയര്‍ന്ന പ്രശ്‌നമാണ് കോണ്‍ഗ്രസ് സഖ്യം ഡിഎംകെ 2013ല്‍ ഉപേക്ഷിക്കാന്‍ കാരണം. കോണ്‍ഗ്രസ് ശ്രീലങ്കന്‍ തമിഴരെ വഞ്ചിച്ചു എന്നായിരുന്നു ഡിഎംകെയുടെ ആരോപണം. കഴിഞ്ഞ യുപിഎ ഭരണത്തില്‍ പങ്കാളിയായിരുന്ന ഡിഎംകെയുടെ നേതാക്കള്‍ 2ജി സ്‌പെക്ട്രം അഴിമതി ഉള്‍പ്പെടെ വന്‍ ആരോപണങ്ങള്‍ക്കും വിധേയമായിരുന്നു. പാര്‍ട്ടി നേതാക്കളായ ഡി രാജ, കരുണാനിധിയുടെ മകള്‍ കനിമൊഴി തുടങ്ങിയവര്‍ അഴിമതിക്കേസില്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. സഖ്യം പിരിഞ്ഞ ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും തനിച്ച് മല്‍സരിച്ച് വന്‍ തോല്‍വി ഏറ്റുവാങ്ങി.
സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ച പിന്നീട് നടക്കും. സഖ്യം സംബന്ധിച്ചാണ് ഇപ്പോള്‍ നടന്ന ചര്‍ച്ചയെന്നും ആസാദ് പറഞ്ഞു. സഖ്യം വിജയിച്ചാല്‍ ഭരണപങ്കാളിത്തം കോണ്‍ഗ്രസ് ആവശ്യപ്പെടുമോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യം അദ്ദേഹം അവഗണിച്ചു.
Next Story

RELATED STORIES

Share it