Business

തമിഴ്‌നാട്ടില്‍ പ്രളയം: സൈന്യമിറങ്ങി

ചെന്നൈ: കനത്ത മഴമൂലം തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തിലും തീരപ്രദേശങ്ങളിലും ജനജീവിതം സ്തംഭിച്ചു. റണ്‍വേ വെള്ളത്തില്‍ മുങ്ങിയതിനാല്‍ ചെന്നൈ വിമാനത്താവളം ഈ മാസം ആറുവരെ അടച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഇറങ്ങിയിട്ടുണ്ട്. നിരവധി തീവണ്ടി സര്‍വീസുകളും റദ്ദാക്കി. ചെന്നൈ നഗരത്തില്‍ 50 കരസേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനു വിന്യസിച്ചു.
നാവികസേന, ദേശീയ ദുരന്തനിവാരണസേന, അഗ്നിശമനസേന എന്നിവയും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അടുത്ത 48 മണിക്കൂറിനുള്ളില്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. എങ്കിലും ഏഴു ദിവസം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. കനത്ത മഴമൂലം തമിഴ്‌നാടിന്റെ തലസ്ഥാന ജില്ലയിലേക്കുള്ള റോഡ്, റെയില്‍, വ്യോമഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള തീരപ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ വെള്ളം കയറി.
കഴിഞ്ഞ മാസം പേമാരി നാശംവിതച്ച തെക്ക് ഭാഗങ്ങളിലും വെള്ളമുയര്‍ന്നിട്ടുണ്ട്. ചെന്നൈയെ വിവിധ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഗ്രാന്‍ഡ് ട്രങ്ക് റോഡ്, പഴയ മഹാബലിപുരം റോഡ്, കിഴക്കന്‍ തീരദേശ റോഡ് എന്നിവയെല്ലാം വെള്ളത്തിനടിയിലാണ്. തീവണ്ടി സര്‍വീസ് റദ്ദാക്കിയത് കാരണം നിരവധി യാത്രക്കാര്‍ ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ സ്‌റ്റേഷനുകളില്‍ കുടുങ്ങി. ചെമ്പാരമ്പക്കം, പൂണ്ടി, പുഴല്‍ തുടങ്ങിയ ജലസംഭരണികള്‍ തുറന്നുവിട്ടതു കാരണം അഡയാര്‍ കവിഞ്ഞൊഴുകിയത് സമീപവാസികള്‍ക്ക് ഭീഷണിയുയര്‍ത്തി. ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. നഗരത്തിന്റെ പല ഭാഗങ്ങളിലും മുന്‍കരുതലായി വൈദ്യുതിബന്ധം വിച്ഛേദിച്ചു. പാല്‍ വിതരണവും ശുദ്ധജല വിതരണവും തടസ്സപ്പെട്ടു.
പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമസേന ഹെലികോപ്റ്ററുകളില്‍ ഭക്ഷണപ്പൊതി വിതരണം ചെയ്യുകയാണ്. ചെന്നൈയിലിറങ്ങേണ്ട വിമാനങ്ങള്‍ ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും തിരിച്ചുവിട്ടു. കര-നാവിക സേനകളെയും ദുരന്തനിവാരണ സംഘത്തെയും അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അറിയിച്ചു.
Next Story

RELATED STORIES

Share it