Pathanamthitta local

ഡെങ്കിപ്പനിക്കു പുറമേ മലേറിയയും വ്യാപകം; ജില്ലയില്‍ കൊതുകുജന്യ രോഗങ്ങള്‍ ഭീഷണിയാവുന്നു

പത്തനംതിട്ട: മഴക്കാല—ം ശക്തമായതോടെ പകര്‍ച്ചപ്പനിക്കു പുറമേ കൊതുകുജന്യ രോഗങ്ങളും ജില്ലയില്‍ പിടിമുറുക്കുന്നു. ജില്ലയില്‍ വ്യാപകമായി കണ്ടുവരുന്ന ഡെങ്കിപ്പനിക്കു പുറമേ, മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി മലേറിയയും ഇക്കൂറി റിപോര്‍ട്ട് ചെയ്തതയാണ് ആശങ്ക ഉയര്‍ത്തുന്നത്. ജില്ലയില്‍ ഇതുവരെ മലേറിയ സ്ഥിരീകരിച്ച 24 രോഗികളില്‍ 23 പേരും അന്യസംസ്ഥാനത്തൊഴിലാളികളാണ്.
അടൂര്‍, തിരുവല്ല, റാന്നി മേഖലകളിലെ തൊഴിലാളികളിലാണ് മലേറിയ ബാധ കണ്ടെത്തിയത്. ഇവരെ മറ്റ് തൊഴിലാളികള്‍ക്കിടയില്‍ നിന്നു മാറ്റിപാര്‍പ്പിച്ച്, രോഗം പകരാതിരിക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ ഇവര്‍ താമസിച്ച മേഖലകളില്‍ പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. ഇതിനു പുറമേ ജില്ലയിലുടനീളം അന്യസംസ്ഥാന തൊഴിലാളികളുടെ രക്തപരിശോധന നടത്താനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. തീവ്രതയേറിയ സങ്കരയിനത്തില്‍പ്പെട്ട മലേറിയ ആണ് ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത്.
ജില്ലയിലെ മലയോര മേഖലയില്‍ കൊതുകുസാന്ദ്രത വര്‍ധിച്ച തോതില്‍ തുടരുന്നതാണ് ഭീഷണി ഉയര്‍ത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ശുചിത്വ പ്രവര്‍ത്തനങ്ങള്‍ പല മേഖലയിലും ഫലപ്രദമായില്ലെന്ന് ആക്ഷേപവും ശക്തമാണ്.
ഓരോ വാര്‍ഡിനും എന്‍ആര്‍എച്ച്എമ്മില്‍ നിന്നും ലഭിക്കേണ്ട പതിനായിരം രൂപ ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ദിനംപ്രതി 500 ഓളം ആളുകളാണ് പകര്‍ച്ചപ്പനിക്ക് ചികില്‍സതേടി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ മാത്രം, 40 ഓളം പേര്‍ക്ക് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ നാനൂറോളം പേര്‍ക്ക് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
സ്വകാര്യ ആശുപത്രികളിലെത്തുന്നവര്‍ ഇതിനു പുറമേയാണ്. ഡെങ്കിപ്പനിക്കു പുറമേ, എലിപ്പനി, ഹെപ്പറ്റൈറ്റിസ് ബി, ചിക്കന്‍പോക്‌സ്, വയറിളക്ക രോഗങ്ങള്‍ എന്നിവയും മഴക്കാലമായതോടെ ജില്ലയില്‍ വ്യാപകമായിട്ടുണ്ട്.
Next Story

RELATED STORIES

Share it