ഡല്‍ഹിയില്‍ അന്താരാഷ്ട്ര സൂഫി സമ്മേളനം: പിന്നില്‍ ബിജെപി

ന്യൂഡല്‍ഹി: മുസ്‌ലിം സൂഫിവര്യന്മാരുടെയും പുരോഹിതന്മാരുടെയും ദേശീയ സമ്മേളനം വിളിക്കാന്‍ ബിജെപി നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം മാര്‍ച്ച് 17നു ഡല്‍ഹി വിജ്ഞാനഭവനിലാണ് ത്വരീഖത്ത് ആചാര്യന്‍മാരും സാദാത്തുക്കളും പുരോഹിതന്മാരും ഒത്തുചേരുന്നത്. ഓള്‍ ഇന്ത്യ ഉലമാ ആന്റ് മശായിഖ് ബോര്‍ഡ് എന്ന പേരില്‍ തട്ടിക്കൂട്ടിയ സംഘടനയാണ് സമ്മേളനം വിളിച്ചുകൂട്ടുന്നത്.
മൗലാനാ മുഹമ്മദ് അശ്‌റഫ് കച്ചോച്ച്‌വിയാണ് ബോര്‍ഡ് അധ്യക്ഷന്‍. ബറേല്‍വി മൗലാനയായ കച്ചോച്ച്‌വിയുടെ നേതൃത്വത്തില്‍ ഒരു സംഘം പുരോഹിതന്മാര്‍ ഈയിടെ മോദിയെ സന്ദര്‍ശിച്ച് മുസ്‌ലിംകളില്‍ ബിജെപിയോടുള്ള എതിര്‍പ്പ് നീക്കുന്നതിനുള്ള തന്ത്രങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.
മുന്‍ ഐബി ഡയറക്ടര്‍ ആസിഫ് ഇബ്രാഹീമാണ് സൂഫിസമ്മേളനത്തിന്റെ ചുക്കാന്‍ പിടിക്കുന്നതെന്നു കരുതപ്പെടുന്നു. മുസ്‌ലിം തീവ്രവാദ വിദഗ്ധനായി അറിയപ്പെടുന്ന ഇബ്രാഹീം ഈയിടെയാണ് ഭീകരവിരുദ്ധ പദ്ധതിയുടെ മേധാവിയായി മോദിയുടെ സുരക്ഷാസംഘത്തില്‍ അംഗമായത്. ബിജെപി ഭരണകൂടം നിരോധിച്ച ശേഷം സിമിയെ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ദുരൂഹസംഘടനയുടെ പേരില്‍ പിശാചുവല്‍ക്കരിക്കുന്നതില്‍ ഇബ്രാഹീം നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു.
അന്താരാഷ്ട്ര സൂഫി സമ്മേളനം മൂന്നു ദിവസം നീണ്ടുനില്‍ക്കുമെന്നും വിവിധ രാജ്യങ്ങളില്‍നിന്നുള്ള പണ്ഡിതര്‍ സൂഫി മിസ്റ്റിസിസത്തെക്കുറിച്ച പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്നും മൗലാനാ കച്ചോച്ച്‌വി പറയുന്നു. തങ്ങള്‍ക്ക് രാജ്യത്തുള്ള 600ലധികം വരുന്ന ദര്‍ഗകളുടെ പിന്തുണയുണ്ടെന്നാണ് മറ്റൊരു പുരോഹിതനായ ഷാ അമ്മാര്‍ അഹ്മദ് അവകാശപ്പെടുന്നത്.
വഹാബികളുടെയും തീവ്രവാദികളുടെയും സ്വാധീനം വ്യാപിക്കുന്നത് തടയുകയാണ് സമ്മേളന ലക്ഷ്യമെന്നു മൗലാനാ അഹ്മദ് കൂട്ടിച്ചേര്‍ക്കുന്നു. അതേയവസരം രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ക്കായി നടത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കുകയില്ലെന്ന് അജ്മീര്‍ ശരീഫിലെ സയ്യിദ് സൈനുല്‍ ആബിദീന്‍ അലി ഖാന്‍ പറഞ്ഞു.
ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചു സൂഫി ത്വരീഖത്തുകളില്‍ സ്വാധീനം ചെലുത്താന്‍ ഇതിനു മുമ്പും കേന്ദ്രഭരണകൂടം ശ്രമിച്ചിരുന്നു. കേരളത്തില്‍ എറണാകുളം ജില്ലയിലെ ഒരു പ്രമുഖ ശെയ്ഖ് വര്‍ഷംതോറും നടത്തിവരാറുള്ള ദിക്ര്‍ സമ്മേളനത്തില്‍ മിലിറ്ററി ഇന്റലിജന്‍സിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ പങ്കെടുക്കാറുണ്ട്. ഹൈദരാബാദിലെ പ്രമുഖ ത്വരീഖത്ത് ആസ്ഥാനത്ത് നടക്കുന്ന പരിപാടികളില്‍ ആത്മീയ ദാഹം ശമിപ്പിക്കാനായി ചാരസംഘടനകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നത് പതിവാണ്. ന്യൂഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ ഒരു പള്ളി കേന്ദ്രീകരിച്ചു നടക്കുന്ന മശായിഖ് ബോര്‍ഡ് പ്രവര്‍ത്തനത്തിനും മാര്‍ഗനിര്‍ദേശം നല്‍കുന്നത് പ്രമുഖ ഉദ്യോഗസ്ഥര്‍ തന്നെ.
Next Story

RELATED STORIES

Share it