Editorial

ടൂറിസത്തിന്റെ വിനകള്‍ അവഗണിക്കരുത്

ഇന്ത്യ ചരിത്രമുറങ്ങുന്ന മണ്ണാണ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഇന്ത്യയിലേക്ക് സന്ദര്‍ശകര്‍ ഇടതടവില്ലാതെ ഒഴുകുന്നു. ദേശീയ വരുമാനത്തില്‍ കാര്യമായ ഒരു പങ്ക് വിനോദസഞ്ചാരികളില്‍ നിന്നാണ് ഇന്ത്യ നേടുന്നത്.
ടൂറിസം വികസനത്തിന് ലോകത്തെ എല്ലാ രാജ്യങ്ങളും ഇന്നു പണം വാരിക്കോരി ചെലവഴിക്കുകയാണ്. കൂടുതല്‍ വിദേശനാണ്യം നേടാനുള്ള ഉപാധിയായാണ് ടൂറിസത്തെ ലോകം കാണുന്നത്. അതിനാല്‍, അംബരചുംബികളായ പഞ്ചനക്ഷത്ര ഹോട്ടലുകളും ബാറുകളും നൃത്താലയങ്ങളും അനുദിനം ഉണ്ടാകുന്നു. എന്നാല്‍, ടൂറിസം കൊണ്ടുള്ള ബാഹ്യലാഭങ്ങളേക്കാള്‍ ആന്തരികമായ നഷ്ടങ്ങളാണ് പല രാജ്യങ്ങള്‍ക്കും ഉണ്ടാവുന്നത്. വരുമാനത്തിന്റെ കണക്കില്‍ അതു നാമറിയാതെപോകുന്നു എന്നുമാത്രം. പല സഞ്ചാരികളും ചരിത്രപ്രസിദ്ധമായ സ്ഥലങ്ങള്‍ കാണാനോ കെട്ടിടങ്ങള്‍ സന്ദര്‍ശിക്കാനോ രാജ്യത്തിന്റെ പാരമ്പര്യത്തെപ്പറ്റി പഠിക്കാനോ ആയിരിക്കില്ല വരുന്നത്. പേരുതന്നെ വിനോദസഞ്ചാരമാണ്. ഒരു ജനതയുടെ സംസ്‌കാരത്തെ തകര്‍ത്തുകളയുന്ന ശീലങ്ങള്‍ അവര്‍ നാട്ടുകാര്‍ക്കു നല്‍കുന്നു. കോവളവും ഗോവയുമൊക്കെ അതിന്റെ കെടുതിയനുഭവിക്കുന്നുണ്ട്.
ഏതു ദേശങ്ങളിലേക്കും ഉല്ലാസത്തിനെത്തുന്നവരില്‍ അധികവും സമ്പന്നരാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മിക്കവാറും പാശ്ചാത്യര്‍. പാശ്ചാത്യ ധാര്‍മിക സദാചാരമാണ് അവര്‍ക്കുള്ളത്. ഇന്ത്യയെപ്പോലുള്ള ഒരു നാടിനു പരിചയമില്ലാത്ത പെരുമാറ്റരീതികളാണ് അവര്‍ക്കുള്ളത്.
നമ്മുടെ നാടിന്റെ സാംസ്‌കാരിക സവിശേഷതകളും വിവിധ മതങ്ങളില്‍ അധിഷ്ഠിതമായ നിയമങ്ങളും അവര്‍ക്ക് അരോചകമായിരിക്കും. അന്യമായ സംസ്‌കാരത്തിന്റെ പ്രചാരണമാണ് പല വിനോദസഞ്ചാരികളുടെയും ലക്ഷ്യം. ഉദാഹരണത്തിന് ഗോവ പോലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ മയക്കുമരുന്നു വില്‍പനയും വ്യഭിചാരവും ഒട്ടും വിരളമല്ല.
ചരിത്രത്തിന്റെ മഹിമയും നാഗരിക പാരമ്പര്യവും കലാസൗന്ദര്യവും പ്രകൃതിയുടെ മനോഹാരിതയുമൊക്കെ ആസ്വദിക്കാന്‍ വരുന്ന യൂറോപ്യന്‍ യുവതീയുവാക്കള്‍ അവര്‍ ശീലിച്ച എല്ലാ തിന്മകളുമായാണ് എത്തിച്ചേരുന്നത്. വേഷത്തിലും ഭക്ഷണശീലങ്ങളിലും അവര്‍ വ്യത്യസ്തരാണ്. തങ്ങളുടെ മോശമായ സംസ്‌കാരത്തിലേക്ക് ജനതയെ ക്ഷണിക്കുകയാണ് അവര്‍. വിദേശികളുടെ കടന്നുവരവ് ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, നമ്മുടെ വേഷവിധാനങ്ങളില്‍ ഇത്രമാത്രം മാറ്റമുണ്ടാവുമായിരുന്നില്ല. ഇന്നുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളില്‍ വലിയൊരു പങ്കിനു കാരണം പടിഞ്ഞാറുനിന്നു വരുന്ന അരാജകത്വവും സ്വതന്ത്ര ലൈംഗികതയുമാണ്.
സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തിനു മുമ്പില്‍ സംഘംസംഘമായെത്തുന്ന ടൂറിസ്റ്റുകള്‍ അഴിഞ്ഞാടുമ്പോള്‍ സമൂഹം കാത്തുസൂക്ഷിച്ചുപോന്ന സാംസ്‌കാരിക പൈതൃകം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നു. എയ്ഡ്‌സ് പോലുള്ള മാരകമായ ലൈംഗിക രോഗങ്ങളും ഇന്ത്യയിലേക്കു കടന്നുവന്നത് വിദേശികളിലൂടെയാണ്.
ടൂറിസ്റ്റുകള്‍ക്ക് പരവതാനി വിരിച്ചുകൊടുക്കുന്ന തായ്‌ലന്‍ഡ് അതിന്റെ അനര്‍ഥങ്ങളെ നേരിടാന്‍ പുതിയ നടപടികള്‍ സ്വീകരിക്കേണ്ടിവന്നു. കെനിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലും നിയന്ത്രണം വിട്ട വിനോദസഞ്ചാരം അനര്‍ഥങ്ങളുണ്ടാക്കി. അതേയവസരം, ടൂറിസത്തിന്റെ നല്ല വശങ്ങളെ നാം കാണാതെപോകരുത്. ടൂറിസ്റ്റുകളായെത്തിയ പലരും മെച്ചപ്പെട്ട സംസ്‌കാരവുമായി മടങ്ങിയ സംഭവങ്ങളുണ്ട്. വിനോദസഞ്ചാരം കൂടുന്നതിനനുസരിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താം. അവരെ ഊഷ്മളമായി സ്വാഗതം ചെയ്യാം. കാരണം, യാത്രയെന്നതു മനുഷ്യര്‍ക്ക് ഇഷ്ടപ്പെട്ട കാര്യമാണ്. അതേയവസരം, നമ്മുടെ നാടിന്റെ സംസ്‌കാരത്തെയും ആചാരാനുഷ്ഠാനങ്ങളെയും പൊതുപെരുമാറ്റത്തെയും പരിക്കേല്‍പിക്കുന്ന ടൂറിസത്തെ പ്രോല്‍സാഹിപ്പിക്കരുത്.
Next Story

RELATED STORIES

Share it