ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കാന്‍ വ്യത്യസ്ത പദ്ധതികള്‍

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ടിക്കറ്റ് നിരക്കില്‍ വര്‍ധന ഏര്‍പ്പെടുത്താത്ത റെയില്‍വേ ബജറ്റില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ വ്യത്യസ്ത പദ്ധതികളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നിലവില്‍ ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രം ലഭിക്കുന്ന മറ്റു വരുമാനമാര്‍ഗങ്ങളില്‍ നിന്ന് അടുത്ത അഞ്ചുവര്‍ഷത്തിനിടയില്‍ റെയില്‍വേയുടെ മൊത്തം വരുമാനത്തിന്റെ 10 ശതമാനം കണ്ടെത്താന്‍ ശ്രമിക്കും.
സ്റ്റേഷന്‍ പുനര്‍വികസനത്തിന്റെ ഭാഗമായി സ്റ്റേഷന്റെ പരിധിയിലുള്ളതും റെയില്‍വേ ഉപയോഗിക്കാത്തതുമായ കെട്ടിടങ്ങളും ഭൂമിയും സ്വകാര്യ, വാണിജ്യാവശ്യങ്ങള്‍ക്കു വിട്ടുകൊടുക്കും. ട്രാക്കിന് സമീപത്തുള്ള ഭൂമിയും ഇത്തരത്തില്‍ ഉപയോഗപ്പെടുത്തും.
യാത്രക്കാരുടെ മുന്‍ഗണനകളുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചും വെബ്‌സൈറ്റിലെ സന്ദര്‍ശകരുടെ എണ്ണം ഉപയോഗപ്പെടുത്തിയും ഐആര്‍സിടിസി ഓണ്‍ലൈന്‍ വാണിജ്യത്തില്‍ ഫലപ്രദമായി ഇടപെടും.
ട്രെയിനുകള്‍, സ്റ്റേഷനുകള്‍, ട്രാക്കിനോട് ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം കൂടുതല്‍ സ്വകാര്യ പരസ്യങ്ങള്‍ അനുവദിക്കും.
ഓണ്‍ലൈന്‍ വാണിജ്യമുള്‍പ്പെടെയുള്ള പുതിയ മേഖലകള്‍ മുന്നില്‍ക്കണ്ടുകൊണ്ട് റെയില്‍വേയുടെ നിലവിലെ പാര്‍സല്‍ നയങ്ങള്‍ കൂടുതല്‍ ഉദാരമാക്കും. റെയില്‍വേ നിര്‍മിക്കുന്ന സാധനങ്ങളുടെ അളവില്‍ വര്‍ധനവുണ്ടാക്കുകയും പ്രസ്തുത സാധനങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ വിപണികളില്‍ കൂടുതല്‍ സ്വീകാര്യതക ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇതിലൂടെയുള്ള വാര്‍ഷിക വരുമാനം 2020 ആവുമ്പോഴേക്ക് 4,000 കോടി ആയി ഉയര്‍ത്തും.
Next Story

RELATED STORIES

Share it