ജേക്കബ് തോമസിനെതിരേ അന്വേഷണത്തിന്  ലോകായുക്ത ഉത്തരവ്

തിരുവനന്തപുരം: തുറമുഖ വകുപ്പിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ഡിജിപി ജേക്കബ് തോമസിനെതിരേ പ്രാഥമികാന്വേഷണത്തിനു ലോകായുക്ത ഉത്തരവ്. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നു നിരീക്ഷിച്ച ലോകായുക്ത, വിജിലന്‍സ് ഡയറക്ടര്‍ ഉള്‍പ്പെടെ നാലു പേരോട് നേരിട്ടു ഹാജരാവാനും നിര്‍ദേശിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനും തിരുവനന്തപുരം സ്വദേശിയുമായ ബര്‍മി ഫെര്‍ണാണ്ടസ് നല്‍കിയ പൊതുതാല്‍പര്യ ഹരജി ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത കെ പി ബാലചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.
അഴിമതി, അധികാര ദുര്‍വിനിയോഗം, അനധികൃത സ്വത്തുസമ്പാദനം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. ആരോപണങ്ങളില്‍ സ്വന്തം നിലയില്‍ പ്രാഥമികാന്വേഷണം നടത്തുമെന്നു ലോകായുക്ത വ്യക്തമാക്കി. ഇതിനായി മൊഴികളും രേഖകളും പരിശോധിക്കും. ജേക്കബ് തോമസിനെതിരേ നേരത്തേ വിജിലന്‍സ് അന്വേഷണം നടത്തിയിട്ടുണ്ടോയെന്നു ലോകായുക്ത ചോദിച്ചു. രണ്ടു രഹസ്യ പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നു വാദിഭാഗം അറിയിച്ചതിനെ തുടര്‍ന്ന് ആ റിപോര്‍ട്ടുകളുമായി നേരിട്ടു ഹാജരാവാന്‍ വിജിലന്‍സ് ഡയറക്ടറോട് ലോകായുക്ത ആവശ്യപ്പെട്ടു. തുറമുഖ ഡയറക്ടര്‍, സ്‌റ്റോര്‍ പര്‍ച്ചേസ് അഡീഷനല്‍ സെക്രട്ടറി സുഭാഷ് ജോണ്‍ മാത്യു, ജേക്കബ് തോമസിനെതിരേ മുമ്പ് പരാതി നല്‍കിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ എന്നിവരോട് നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചു.
കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍ ജേക്കബ് തോമസിന്റെയും ഭാര്യയുടെയും പേരിലുള്ള 151 ഏക്കര്‍ ഭൂമിയില്‍ സംരക്ഷിത വനം ഉള്‍പ്പെട്ടിട്ടുണ്ട്, തുറമുഖ വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല, അനധികൃതമായി സ്വത്ത് സമ്പാദിച്ചു തുടങ്ങിയവയാണ് പരാതിക്കാരന്റെ ആരോപണങ്ങള്‍. തുറമുഖ വകുപ്പിന്റെ വലിയതുറ, വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ ഓഫിസുകളില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചതിലും ക്രമക്കേട് നടത്തിയെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‌കോയെയാണ് കരാര്‍ ഏല്‍പിച്ചത്. മുന്‍പരിചയമില്ലാത്ത സിഡ്‌കോ ചെയ്ത പ്രവൃത്തിക്ക് അനര്‍ട്ട് അംഗീകാരം നല്‍കുന്നതിനു മുമ്പ് മുഴുവന്‍ തുകയായ 32 ലക്ഷം രൂപ കൈമാറിയെന്നും ഹരജിയില്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it