ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു നേരെ പകപോക്കല്‍:  ഉമര്‍ ഖാലിദിനെ പുറത്താക്കി; കനയ്യക്ക് 10,000 രൂപ പിഴ



ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനേയും മറ്റു രണ്ടുപേരെയും സര്‍വകലാശാലയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയും കനയ്യകുമാറിന് 10,000 രൂപ പിഴ ചുമത്തിയും സര്‍വകലാശാലയുടെ നടപടി.
അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് കാംപസില്‍ നടന്ന സംഭവങ്ങളുടെ പേരിലാണ് സര്‍വകലാശാല നിയമിച്ച ഉന്നതതല സമിതിയുടെ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ നടപടിയെടുത്തത്. ഒരു സെമസ്റ്റര്‍ കാലത്തേക്കാണ് ഉമര്‍ ഖാലിദിനെ പുറത്താക്കിയത്.
അനിര്‍ഭന്‍ ഭട്ടാചാര്യയെ ജൂലൈ 15വരെയും മൂജീബ് ഗാട്ടുവിനെ രണ്ടു സെമസ്റ്റര്‍ കാലത്തേക്കും പുറത്താക്കി. ഭട്ടാചാര്യയെ ജെഎന്‍യുവില്‍ ഏതെങ്കിലും കോഴ്‌സില്‍ പഠിക്കുന്നതിന് അഞ്ചു വര്‍ഷത്തേക്ക് വിലക്കിയിട്ടുമുണ്ട്. കനയ്യകുമാറിനെ കൂടാതെ മറ്റു 14 വിദ്യാര്‍ഥികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. അശുതോഷ്‌കുമാറിന് ഒരു വര്‍ഷത്തേക്കും കോമള്‍ മൊഹിദിനെ ജൂലൈ 21വരേക്കും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി.
ഫെബ്രുവരി ഒമ്പതിന്റെ ചടങ്ങിനെ എതിര്‍ത്ത് ട്രാഫിക് തടസ്സപ്പെടുത്തിയ എബിവിപി അംഗം സൗരഭ് ശര്‍മയ്ക്ക് 20,000 രൂപയാണ് പിഴ ചുമത്തിയത്. അതേസമയം, റിപോര്‍ട്ടില്‍ പരാമര്‍ശിക്കാത്ത ഐശ്വര്യ അധികാരിക്കും 20,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഉമര്‍ ഖാലിദിനും അനിര്‍ബനുമെതിരേ വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കിയതിനും മുജീബിനെതിരേ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിനുമാണ് നടപടിയെടുത്തതെന്ന് ഒരു മുതിര്‍ന്ന സര്‍വകലാശാല ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അഞ്ചംഗ ഉന്നതതല അന്വേഷണ സമിതിയുടെ റിപോര്‍ട്ടില്‍ ഭരണപരമായ വീഴ്ചയുണ്ടായെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരേ ഒരു നടപടിയും എടുത്തിട്ടില്ല. അന്വേഷണ സമിതിയുടെ പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേരത്തെ എട്ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും മാര്‍ച്ച് 11ന് സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചതോടെ അവരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയിരുന്നു.
അതിനിടെ, ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന്റെ വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് മൂന്നു ടിവി ചാനലുകള്‍ക്കെതിരേ കേസെടുക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുമിത് ദാസിന്റെ മുമ്പാകെ സര്‍ക്കാര്‍ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജി മെയ് 26ന് പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.
Next Story

RELATED STORIES

Share it