Pathanamthitta local

ജിഷയുടെ കൊലപാതകം ; സംഭവം മൂടിവച്ചത് ദലിത് വിഭാഗത്തില്‍പെട്ടതു കൊണ്ട്: കെ കെ റൈഹാനത്ത്

പത്തനംതിട്ട: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയായ ജിഷ ക്രൂരമായി കൊല്ലപ്പെട്ട വിവരം ദിവസങ്ങളോളം പുറംലോകം അറിയാതിരുന്നത്, പെണ്‍കുട്ടി ദലിത് വിഭാഗത്തില്‍പ്പെട്ടതുകൊണ്ടാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍. വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് പത്തനംതിട്ട ജില്ലാ നേതൃകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഒരുവശത്ത് വളര്‍ച്ചയും സുരക്ഷയും മറ്റും വാഗ്ദാനം ചെയ്ത് പ്രമുഖ മുന്നണികള്‍ വോട്ടുതേടുമ്പോള്‍, കേരളത്തിലെ സ്ത്രീജീവിതം എത്രത്തോളം അരക്ഷിതാവസ്ഥയിലാണെന്നതിന്റെ നേര്‍ചിത്രമാണ് പെരുമ്പാവൂര്‍ സംഭവം.
കെട്ടുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന അടിസ്ഥാന ജനവിഭാഗം നേരിടുന്ന പ്രശ്‌നങ്ങളുടെ ആഴം ഇനിയെങ്കിലും സമൂഹം തിരിച്ചറിയണം. ഇത്തരം വീടുകളില്‍ ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അവരുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയായിരിക്കുകയാണെന്നും റൈഹാനത്ത് ടീച്ചര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഷീജാ രാജന്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍ വല്‍സല, എസ്ഡിപിഐ സ്ഥാനാര്‍ഥികളായ ഡോ. ഫൗസീന തക്ബീര്‍, അഡ്വ. സിമി എം ജേക്കബ്, ജില്ലാ സെക്രട്ടറി സഫിയ പന്തളം, വൈസ് പ്രസിഡന്റ് സുധീന, ഷാമിലി, ജോ. സെക്രട്ടറി ഓമന സുതന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it