ജിഷയുടെ കൊലപാതകം: വാടകക്കൊലയാളിക്ക് പങ്കുള്ളതായി സംശയം

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ വാടകക്കൊലയാളിയുടെ സാന്നിധ്യമുള്ളതായി പോലിസിന് സംശയം. ഇതിന്റെ സാധ്യത സംബന്ധിച്ച് പോലിസ് വീണ്ടും അന്വേഷണം തുടങ്ങി.
ജില്ലയിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ ഗുണ്ടകളിലൊരാളെ അന്വേഷണ സംഘം ദിവസങ്ങള്‍ക്ക് മുമ്പേ കസ്റ്റഡിയിലെടുത്തിരുന്നു. ഇടുക്കിയില്‍ നിന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പെരുമ്പാവൂര്‍ സ്വദേശിയേയും പോലിസ് കസറ്റഡിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം പിടികൂടിയ ഗുണ്ടാനേതാവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന വിവരം. കുറുപ്പംപടിക്കു സമീപത്തെ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പിലും ഗുണ്ടയും കൂട്ടാളിയും എത്തിയിരുന്നു. കൊല്ലപ്പെട്ട ജിഷയുമായി ഇയാള്‍ക്ക് എന്തെങ്കിലും പരിചയമുള്ളതായി അറിയില്ല. എന്നാല്‍, കൊലപാതകത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നറിയാനാണ് ചോദ്യംചെയ്യുന്നത്. ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു പേരുടെ ചിത്രങ്ങളില്‍ രണ്ടു പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് മൂന്നാമന്റെ ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവിടാന്‍ നീക്കമുണ്ട്. കൊലയാളിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ പോലിസ് ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോകളിലേക്ക് അയച്ചെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചിട്ടില്ല. ജിഷ കോലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന വ്യാജേന മുഖം മറച്ചു കൊണ്ടുവന്ന രണ്ടു പോര്‍ പോലിസ് തന്നെയാണെന്ന ആരോപണം വീണ്ടും ഉയരുന്നുണ്ട്. എന്നാല്‍ ഈ ആക്ഷേപം അന്നുതന്നെ പോലിസ് നിഷേധിച്ചിരുന്നു.
പിന്നീട് പിടികൂടിയ മുപ്പതിലേറെ ആളുകളെ മുഖം മറയ്ക്കാതെ എത്തിച്ചതാണ് ഇത് സംബന്ധിച്ച് ആക്ഷേപം ഉയരാന്‍ കാരണം.
കൊലയാളിയെപ്പറ്റി നിര്‍ണായക വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും പോലിസ് ആലോചിക്കുന്നുണ്ട്. പത്തുലക്ഷത്തോളം രൂപ ഇനാം നല്‍കാനാണ് നീക്കമെന്നറിയുന്നു. പൊതുജനങ്ങളില്‍ നിന്ന് വിവരം ശേഖരിക്കാന്‍ സ്ഥാപിച്ച ബോക്‌സുകള്‍ അന്വേഷണസംഘം വൈകാതെ തുറന്ന് പരിശോധിക്കും.
പ്രതിയോട് രൂപസാദൃശ്യമുള്ള യുവാവ് കസ്റ്റഡിയില്‍
തൊടുപുഴ: പെരുമ്പാവൂരിലെ ജിഷ വധക്കേസിലെ പ്രതിയുടെ രൂപസാദൃശമുള്ളതും നാളുകള്‍ക്ക് മുമ്പ് പെരുമ്പാവൂരില്‍ നിന്നും കാണാതായതുമായ യുവാവിനെ ഇടുക്കി കഞ്ഞിക്കുഴി പോലിസ് കസ്റ്റഡിയില്‍ എടുത്തു. വെണ്‍മണിയില്‍ രണ്ട് വീട്ടൂകാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ കഞ്ഞിക്കുഴി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കണ്ടെത്തിയത്.
ഇവിടെ പ്രായം ചെന്ന ഒരാളെ നോക്കാന്‍ പെരുമ്പാവൂരില്‍ നിന്നും എത്തിച്ചതെന്നാണ് പോലിസ് പറയുന്നത്. അലഞ്ഞുതിരിഞ്ഞ് മൂവാറ്റുപുഴയിലെയും പെരുമ്പാവൂരിലെയും കടത്തിണ്ണകളില്‍ കഴിഞ്ഞിരുന്ന മണികണ്ഠനെയാണ് (29) സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് പെരുമ്പാവൂരില്‍ നിന്നും കാണാതായവരുടെ ചിത്രങ്ങള്‍ അടങ്ങിയ വിവരങ്ങള്‍ ജിഷ വധക്കേസിലെ അന്വേഷണ സംഘം എല്ലാ സ്‌റ്റേഷനുകളിലെയും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വാട്ട്‌സ് ആപ് വഴി അറിയിച്ചിരുന്നു. ഇത്തരത്തില്‍ പോലിസിനു സംശയം തോന്നിയതിനെ തുടര്‍ന്നാണ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തത്.
Next Story

RELATED STORIES

Share it