ജില്ലാ പഞ്ചായത്തുകള്‍ക്ക് പുതിയ ഭരണസാരഥികള്‍

പത്തനംതിട്ട
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അന്നപൂര്‍ണാദേവിയെയും വൈസ് പ്രസിഡന്റായി ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനെയും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ഹരികിഷോറിന്റെ അധ്യക്ഷതയിലാണ് നടപടികള്‍ പൂര്‍ത്തിയായത്.
ഗ്രാമപ്പഞ്ചായത്തുകളുടെ കണക്ക് യുഡിഎഫ്-19, എല്‍ഡിഎഫ്-27, ബിജെപി-2, സ്വതന്ത്രര്‍-3, എന്നിങ്ങനെയാണ്. എട്ടു ബ്ലോക്ക് പഞ്ചായത്തുകളില്‍ പുളിക്കീഴ്, കോയിപ്രം, കോന്നി, മല്ലപ്പള്ളി, ഇലന്തൂര്‍ യുഡിഎഫിനും റാന്നി, പന്തളം, പറക്കോട് എല്‍ഡിഎഫിനു ലഭിച്ചു. ജില്ലയില്‍ ആദ്യമായാണ് ബിജെപിക്ക് ഗ്രാമപ്പഞ്ചായത്ത് ഭരണം ലഭിച്ചത്. കുറ്റൂര്‍, നെടുമ്പ്രം പഞ്ചായത്തുകളാണ് ബിജെപിക്ക്. ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായ കുളനടയില്‍ ഇടത്, വലത് പിന്തുണയോടെ സ്വതന്ത്രയും, കല്ലൂപ്പാറയില്‍ ബിജെപി, ഇടത് പിന്തുണയോടെ സ്വതന്ത്രനും മല്ലപ്പുഴശേരിയില്‍ മാണിഗ്രൂപ്പ്, ഇടത് പിന്തുണയോടെ ജെ ഡി(യു)വും അധികാരത്തിലെത്തി.
കാസര്‍കോട്
കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ എ ജി സി ബഷീറിനെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ശാന്തമ്മ ഫിലിപ്പാണ് വൈസ് പ്രസിഡന്റ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി പി മുസ്തഫയെ ഏഴിനെതിരേ എട്ടു വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബഷീര്‍ വിജയിച്ചത്.
ബിജെപിയുടെ രണ്ടംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. പോള്‍ ചെയ്ത 15 വോട്ടില്‍ എട്ടെണ്ണം ബഷീറിനും ഏഴെണ്ണം മുസ്തഫയ്ക്കും ലഭിച്ചു. കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമുവാണ് ബഷീറിന്റെ പേര് നിര്‍ദേശിച്ചത്. മുംതാസ് സമീറ പിന്താങ്ങി. സിപിഐയിലെ എം നാരായണനാണ് മുസ്തഫയുടെ പേരു നിര്‍ദേശിച്ചത്. ജോസ് പതാലില്‍ പിന്താങ്ങി. ഇന്നലെ രാവിലെ വരെ ബിജെപി എല്‍ഡിഎഫിന് വോട്ടുചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബിജെപി നിലപാട് മാറ്റുകയായിരുന്നു. എല്‍ഡിഎഫ് ബിജെപിയുടെ പിന്തുണ സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ തങ്ങള്‍ നിലപാട് മാറ്റുകയായിരുന്നെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
മലപ്പുറം
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ മുസ്‌ലിം ലീഗ് നിലനിര്‍ത്തി. ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനില്‍ നിന്നും വിജയിച്ച എ പി ഉണ്ണികൃഷണനാണ് പുതിയ പ്രസിഡന്റ്. ദലിത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് വേങ്ങര കണ്ണമംഗലം സ്വദേശിയായ എ പി ഉണ്ണികൃഷണന്‍.
രാവിലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ഉണ്ണികൃഷണന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഉച്ചയ്ക്കു ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴസണും മുസ്‌ലിം ലീഗ് അംഗവുമായ സക്കീന പുല്‍പ്പാടനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.
ജില്ലാപഞ്ചായത്തിലെ 32 ഡിവിഷനില്‍ 27 ഡിവിഷനാണ് യുഡിഎഫിനുള്ളത്. മുസ്‌ലിം ലീഗിന് ഇരുപതും കോണ്‍ഗ്രസിന് ഏഴും സീറ്റുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന് അഞ്ച് അംഗങ്ങളാണുള്ളത്. സിപിഎം നാലും സിപിഐ ഒരു സീറ്റിലുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ 32ല്‍ 30 അംഗങ്ങളുടെ മൃഗീയ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ജില്ലാപഞ്ചായത്ത് ഭരിച്ചത്.
കൊല്ലം
കൊല്ലം: കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി സിപിഐയിലെ കെ ജഗദമ്മയേയും വൈസ് പ്രസിഡന്റായി സിപിഎമ്മിലെ എം ശിവശങ്കരപിള്ളയേയും തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച യുഡിഎഫിലെ ആര്‍ രശ്മിക്ക് നാലുവോട്ടും ജഗദമ്മയ്ക്ക് 22 വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആര്‍എസ്പിയിലെ എസ് ശോഭയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്. ഇവര്‍ക്കും നാലുവോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു കെ ജഗദമ്മ. 1987ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വെളിയം ഗ്രാമപ്പഞ്ചായത്ത് അംഗമായാണു രംഗപ്രവേശം. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും കേരള മഹിളാസംഘം സംസ്ഥാനകമ്മിറ്റി അംഗവുമാണ്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് എം ശിവശങ്കരപിള്ള. ശൂരനാട് ഡിവിഷില്‍നിന്നും 7000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം വിജയിച്ചത്.
കണ്ണൂര്‍
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഫസല്‍ വധ ഗൂഢാലോചനക്കേസ് പ്രതിയുമായ കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം പി പി ദിവ്യയാണ് വൈസ് പ്രസിഡന്റ്. കോണ്‍ഗ്രസ്സിലെ പി കെ സരസ്വതിയെയാണ് പരാജയപ്പെടുത്തിയത്. 24 അംഗ കൗണ്‍സിലില്‍ കാരായിക്കും ദിവ്യയ്ക്കും 15 വീതം വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് ഒമ്പതു വോട്ട് കിട്ടി. 36,350 വോട്ടുകള്‍ക്ക് പാട്യം ഡിവിഷനില്‍ നിന്നാണ് കാരായി രാജന്‍ വിജയിച്ചത്.
പാലക്കാട്
പാലക്കാട്: സിപിഎമ്മിലെ അഡ്വ. കെ ശാന്തകുമാരി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും ടി കെ നാരായണ ദാസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. കോണ്‍ഗ്രസ്സിലെ ടി ലീല മാധവന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. 30 ഡിവിഷനുകളില്‍ എല്‍ഡിഎഫ് 26ഉം യുഡിഎഫ് 3ഉം സീറ്റുകള്‍ നേടി.
യുഡിഎഫില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരുവേഗപ്പുറ ഡിവിഷനിലെ ഇന്ദിര ടീച്ചറും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ്സിലെ സി അച്യുതനും മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഇടുക്കി
തൊടുപുഴ: കൊച്ചുത്രേസ്യ പൗലോസ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിലെ നിര്‍മല നന്ദകുമാറിനെയാണ് പരാജയപ്പെടുത്തിയത്. 10 വോട്ടുകള്‍ കൊച്ചുത്രേസ്യ പൗലോസിനും ആറ് വോട്ടുകള്‍ നിര്‍മല നന്ദകുമാറിനും ലഭിച്ചു.
ആകെയുള്ള 16 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തു. കോണ്‍ഗ്രസ്-എട്ട്, കേരള കോണ്‍ഗ്രസ് -രണ്ട്, സിപിഎം -നാല്, ഹൈറേഞ്ച് സംരക്ഷണ സമിതി -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നശേഷം യുഡിഎഫിന് രണ്ടാം തവണയാണ് ഭരണം ലഭിക്കുന്നത്.
എറണാകുളം
കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ആശ സനിലും വൈസ്പ്രസിഡന്റായി അഡ്വ. അബ്ദുള്‍ മുത്തലിബും തിരഞ്ഞെടുക്കപ്പെട്ടു.
ഇരുവര്‍ക്കും 16 വോട്ടു വീതം ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥികളായ എല്‍ഡിഎഫിലെ പി എസ് ഷൈല, അഡ്വ. കെ സുഗതന്‍ എന്നിവര്‍ക്ക് 11 വീതം വോട്ടും ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫിന്റെ ആശ സനിലിനെ അബ്ദുള്‍കരീം നിര്‍ദേശിക്കുകയും റസിയ പിന്താങ്ങുകയും ചെയ്തു.
കോഴിക്കോട്
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ബാബു പറശ്ശേരിയും വൈസ് പ്രസിഡന്റായി സിപിഐയിലെ റീന മുണ്ടേങ്ങാടും അധികാരമേറ്റു. കലാ - സാംസ്‌കാരിക പ്രവര്‍ത്തകനും മികച്ച അഭിനേതാവുമായ ബാബു പറശ്ശേരി സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി അംഗമാണ്. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഒളവണ്ണ മോഡല്‍ കുടിവെള്ളപദ്ധതി നടപ്പാക്കുന്നതിന് നേതൃതം നല്‍കി.
സിപിഐ നേതാവാണ് വൈസ്പ്രസിഡന്റ് റീന മുണ്ടേങ്ങാട്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ആലപ്പുഴ
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജി വേണുഗോപാലിനെയും വൈസ് പ്രസിഡന്റായി ദലീമ ജോജോയെയും തിരഞ്ഞെടുത്തു. പുന്നപ്ര ഡിവിഷനില്‍ നിന്നു വിജയിച്ച വേണുഗോപാലിന് 15 വോട്ടും പള്ളിപ്പാട് ഡിവിഷനില്‍ നിന്നുള്ള അംഗം ജോണ്‍ തോമസിന് ഏഴു വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
ദലീമ ജോജോയ്ക്ക് 16 വോട്ടും മുതുകുളം ഡിവിഷനില്‍നിന്നുള്ള ബബിത ജയന് ഏഴു വോട്ടും ലഭിച്ചു.
കോട്ടയം
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ ജോഷി ഫിലിപ്പിനെ തിരഞ്ഞെടുത്തു. കേരളാ കോണ്‍ഗ്രസ് എമ്മിലെ മേരി സെബാസ്റ്റ്യനാണ് വൈസ് പ്രസിഡന്റ്. 22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ ജോഷി ഫിലിപ്പിന് 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി സിപിഎമ്മിലെ കെ രാജേഷിന് എട്ടു വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മേരി സെബാസ്റ്റ്യന്‍ 14 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് സെക്യുലറിലെ ലിസി സെബാസ്റ്റ്യന് എട്ടു വോട്ടും ലഭിച്ചു. വാകത്താനം ഡിവിഷനില്‍ നിന്ന് വിജയിച്ച ജോഷി ഫിലിപ്പ് ഡിസിസി സെക്രട്ടറിയും വാകത്താനം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. കുടുത്തുരുത്തി ഡിവിഷനിലെ അംഗമായ മേരി സെബാസ്റ്റ്യന്‍ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്തംഗവുമാണ്.
വയനാട്
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ടി ഉഷാകുമാരിയും വൈസ് പ്രസിഡന്റായി പി കെ അസ്മത്തും തിരഞ്ഞെടുക്കപ്പെട്ടു. ഉഷാകുമാരിക്ക് 11 വോട്ടും, എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ കുഞ്ഞുമോള്‍ക്ക് അഞ്ച് വോട്ടും ലഭിച്ചു. എടവക ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടി ഉഷാകുമാരി മുന്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണാണ്. വൈസ്പ്രസിഡന്റ് പദവിയും വഹിച്ചിട്ടുണ്ട്. വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പി കെ അസ്മത്തിന് പതിനൊന്നും, എല്‍ഡിഎഫിലെ എ എന്‍ പ്രഭാകരന് അഞ്ച് വോട്ടുമാണ് ലഭിച്ചത്. പനമരം ഡിവിഷനില്‍ നിന്നാണ് അസ്മത്ത് വിജയിച്ചത്.
ധാരണപ്രകാരം ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസ്സിനും അടുത്ത രണ്ടര വര്‍ഷം ലീഗിനുമാണ് പ്രസിഡന്റ് സ്ഥാനം. വൈസ് പ്രസിഡന്റ് സ്ഥാനം അടുത്ത രണ്ടര വര്‍ഷം കോണ്‍ഗ്രസ്സിനാണ്.

തൃശൂര്‍
തൃശൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ ഷീല വിജയകുമാറിനെ തിരഞ്ഞെടുത്തു. അമ്മാടം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്ന് സിപിഐ സ്ഥാനാര്‍ഥിയായാണ് ഷീല വിജയകുമാര്‍ വിജയിച്ചത്. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്‍ മുമ്പാകെ പുതിയ പ്രസിഡണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
യുഡിഎഫിലെ ഇ എ ഓമനയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. 9 നെതിരെ 20 വോട്ടുകള്‍ നേടിയാണ് ഷീല വിജയിച്ചത്. വാഴാനി ഡിവിഷനില്‍ നിന്നുള്ള മേരി തോമസ് ഷീല വിജയകുമാറിന്റെ പേര് നിര്‍ദേശിച്ചു.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വള്ളത്തോള്‍ നഗര്‍ ഡിവിഷനില്‍ നിന്നുളള കെ പി രാധാകൃഷ്ണന്‍ വിജയിച്ചു. പ്രസിഡന്റ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് രാധാകൃഷ്ണന്‍ ചുമതലയേറ്റു.
തിരുവനന്തപുരം
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ വി കെ മധുവും വൈസ് പ്രസിഡന്റായി അഡ്വ. ഷൈലജാ ബീഗവും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പാലോട് ഡിവിഷനില്‍ നിന്ന് സിപിഎം സ്ഥാനാര്‍ഥിയായി വിജയിച്ച വി കെ മധു 19 വോട്ടുകള്‍ നേടിയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം ചിറയിന്‍കീഴ് ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 19 വോട്ടുകളാണ് ഷൈലജാ ബീഗം നേടിയത്. ചെമ്മരുതിയില്‍നിന്നുള്ള അംഗം വി രഞ്ജിത് ആണ് വി കെ മധുവിന്റെ പേര് നിര്‍ദേശിച്ചത്. വെഞ്ഞാറമ്മൂട് ഡിവിഷന്‍ അംഗം വൈ വി ശോഭകുമാര്‍ പിന്താങ്ങി.
Next Story

RELATED STORIES

Share it