Pathanamthitta local

ജില്ലയില്‍ 71.37 ശതമാനം പോളിങ്; ഏറ്റവും കൂടുതല്‍ പോളിങ് അടൂര്‍ മണ്ഡലത്തില്‍

പത്തനംതിട്ട: രണ്ടുമാസക്കാലം നീണ്ടുനിന്ന ശക്തമായ രാഷ്ട്രീയപ്പോരിനൊടുവില്‍ നടന്ന വോട്ടെടുപ്പില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ജില്ലയില്‍ 71.37 ശതമാനം പോളിങ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 3.15 ശതമാനത്തിന്റെ വര്‍ധന ഇത്തവണ രേഖപ്പെടുത്തി. അവസാന കണക്കുകള്‍ എത്തുന്നതോടെ പോളിങ് ശതമാനം ഇനിയും ഉയരും. 68.22 ശതമാനമായിരുന്നു കഴിഞ്ഞതവണത്തെ പോളിങ്. ലഭ്യമായ കണക്കുകള്‍ പ്രകാരം, 74.31 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തിയ അടൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ആറന്മുളയില്‍ 70.48 ശതമാനവും റാന്നിയില്‍ 70.57 ശതമാനവും കോന്നിയില്‍ 72.5 ശതമാനവും തിരുവല്ലയില്‍ 69.48 ശതമാനവും ആളുകള്‍ വോട്ടു ചെയ്തു.
രാവിലെ മുതല്‍ ജില്ലയിലുടനീളം മഴയായിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും പല ബൂത്തുകളിലും നീണ്ട ക്യൂ ദൃശ്യമായിരുന്നു. പോളിങ് അവസാനിക്കുന്ന വൈകീട്ട് ആറു മണിക്കും ചില ബൂത്തുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. റാന്നി മണ്ഡലത്തിലെ 60ാം നമ്പര്‍ ബൂത്തില്‍ പോളിങ് സമയം അവസാനിക്കുമ്പോള്‍ 60 ഓളം പേര്‍ ക്യൂവിലുണ്ടായിരുന്നു. പ്രിസൈഡിങ് ഓഫിസര്‍ ഇവര്‍ക്ക് സ്ലിപ്പ് നല്‍കി. ഇവിടെ വൈകീട്ട് 6.30ന് ശേഷമാണ് വോട്ടെടുപ്പ് അവസാനിച്ചത്.
ജില്ലയില്‍ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങളോ കാര്യമായ സംഘര്‍ഷങ്ങളോ എങ്ങുനിന്നും റിപോര്‍ട്ട് ചെയ്തില്ല. എല്‍ഡിഎഫും യുഡിഎഫും ഒരേപോലെ മുന്നേറ്റം അവകാശപ്പെടുമ്പോഴും അഞ്ചു മണ്ഡലങ്ങളിലും പോളിങ് ശതമാനം ഉയര്‍ന്നത് മുന്നണി നേതൃത്വങ്ങളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രചാരണരംഗത്ത് പ്രമുഖ മുന്നണികള്‍ പ്രകടിപ്പിച്ച സജീവത ജില്ലയിലെ വോട്ടെടുപ്പില്‍ പ്രതിഫലിച്ചതിന്റെ തെളിവാണ് ഉയര്‍ന്ന പോളിങ്. ഒപ്പം പോളിങ്ശതമാനം 80 ശതമാനത്തിലെത്തിക്കുക ലക്ഷ്യമിട്ട ജില്ലാ ഭരണകൂടം നടത്തിയ ബോധവല്‍ക്കരണ പരിപാടികളും സഹായകരമായി. പോളിങ് ശതമാനം വര്‍ധിച്ചത് തങ്ങള്‍ക്ക് കൂടുതല്‍ സഹായകരമാവുമെന്ന വിലയിരുത്തലാണ് ഇടതു ക്യാംപിനുള്ളത്. പല മണ്ഡലങ്ങളിലും മികച്ച ഭൂരിപക്ഷത്തിനു വിജയം കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ നേതാക്കന്‍മാര്‍ പ്രകടിപ്പിക്കുന്നു. അതേസമയം, പോളിങ് ശതമാനം വര്‍ധിക്കുന്നത് തങ്ങള്‍ക്കനുകൂലമാണെന്നതിന്റെ തെളിവായാണ് യുഡിഎഫ് വിലയിരുത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന പോളിങ് നിരക്കാണ് ഇക്കുറി ജില്ലയില്‍ രേഖപ്പെടുത്തിയത്.
2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 66.02 പേര്‍ വോട്ടു രേഖപ്പെടുത്തിയപ്പോള്‍, 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് 72.8 ശതമാനമായിരുന്നു. പല ബൂത്തുകളിലും ഉച്ചയോടെ തന്നെ പോളിങ് ശതമാനം 40 കടന്നിരുന്നു. കടമ്മനിട്ട ഗവഎച്ച്എസ്എസിലെ 94ാം ബൂത്തില്‍ വൈകീട്ട് മൂന്നു മണിയോടെ പോളിങ് ശതമാനം 63.5 ആയി. 96ാം ബൂത്തില്‍ 65.98 ശതമാനമായിരുന്നു പോളിങ്. വൈകിട്ട് മൂന്നിന് 95ാം ബൂത്തില്‍ 63 ശതമാനം വോട്ടില്‍ 53 ശതമാനവും ഉച്ചയ്ക്ക് മുമ്പായിരുന്നു രേഖപ്പെടുത്തിയത്.
റാന്നിയിലെ പേഴുംപാറ ഡോ.പല്‍പ്പു മെമ്മോറിയല്‍ യുപിഎസിലെ ബൂത്തില്‍ രാവിലെ 11 വരെ 35 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോള്‍ കോന്നിയിലെ മണിയാര്‍ ഹൈസ്‌കൂളില്‍ 37.4 ശതമാനം പോളിങ് രേഖപ്പെടുത്തി. കോന്നി നീലീപിലാവ് എല്‍പി സ്‌കൂളില്‍ ഉച്ചയ്ക്ക് 12.30 ഓടെ 61 ശതമാനം വോട്ട് രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it