kannur local

ജില്ലയില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു

കണ്ണൂര്‍: ജില്ലയില്‍ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപോര്‍ട്ട്. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈനിന്റെ കണക്കുകള്‍ പ്രകാരം മറ്റു ജില്ലകളെ അപേക്ഷിച്ച് കണ്ണൂരില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2012-2013 വര്‍ഷത്തില്‍ 14 കേസുകളാണ് ജില്ലയില്‍ അധികമായി റിപോര്‍ട്ട് ചെയ്തതെങ്കില്‍ 2013-2014 വര്‍ഷം കേസുകളുടെ എണ്ണം 42 ആയി. 2014-15 വര്‍ഷത്തില്‍ 87 കേസുകള്‍ അധികമായി രജിസ്റ്റര്‍ ചെയ്തു. ആകെ 635 പരാതികളാണ് 2014-2015 വര്‍ഷത്തില്‍ ചൈല്‍ഡ് ലൈനിനു മുമ്പാകെ എത്തിയത്. ഇതില്‍ 82 കേസുകള്‍ ലൈംഗിക പീഡനങ്ങളുടെ വിഭാഗത്തിലും 238 എണ്ണം മറ്റ് പീഡനങ്ങളുടെ പട്ടികയിലും പെടുന്നതാണ്.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും പിതാവ് മദ്യപിച്ച് ദ്രോഹിക്കുന്നതുമായ 33 കേസുകളും എത്തി. കുട്ടികളെ കാണാതായെന്ന ആറു കേസുകളും റിപോര്‍ട്ട് ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 9 കുട്ടികളെയാണ് ചൈല്‍ഡ്‌ലൈന്‍ മുഖേന തിരിച്ചയച്ചത്. അതേസമയം, ജില്ലയില്‍ കുട്ടികളുമായി ബന്ധപ്പെട്ട കേസുകളുകളില്‍ നിയമപരമായി പരിഹാരം കാണുന്നതിന് വേഗത കുറഞ്ഞുവരുന്ന സ്ഥിതിയാണെന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. കൂടാതെ സംഭവസ്ഥലത്ത് എത്താനുള്ള വാഹനസൗകര്യത്തിനും പോലിസ് വാഹനം ലഭിക്കുന്നതിനും താമസം നേരിടുന്നുണ്ട്.
കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിന് കോടതിയുടെ ഭാഗത്തുനിന്ന് കൂടുതല്‍ സഹകരണം ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ, പൊതുജനങ്ങളുടെ സഹകരണവും അനിവാര്യമാണ്. ഇതിന്റെ ഭാഗമായി 99 ബോധവല്‍ക്കരണ പരിപാടികളും 40ഓളം പൊതുപരിപാടികളും ചൈല്‍ഡ്‌ലൈനിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്. സാമ്പത്തികമായും മറ്റ് ദുരിതങ്ങളും അനുഭവിക്കുന്ന 33 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. ജില്ലയിലെ പ്രധാന ടൂറിസം മേഖലകളായ ആറളത്തും പയ്യാമ്പലത്തും സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. െൈചല്‍ഡ്‌ലൈനിന്റെ മേല്‍നോട്ടത്തില്‍ 61 കുട്ടികളെ സംരക്ഷിക്കുന്നുണ്ട്.
108 കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കിയതായി ജില്ലാ ചെയര്‍മാന്‍ ടി എ മാത്യുവും ജില്ലാ കോ-ഓഡിനേറ്റര്‍ ജോബിന്‍ ജോസും പറഞ്ഞു.
Next Story

RELATED STORIES

Share it